കല്‍പ്പറ്റ: നഗരസഭാ ചെയര്മാന് സ്ഥാനത്തെച്ചൊല്ലി മുസ്ലീം ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയില്‍ അടി തുടങ്ങി. യുഡിഎഫിനു ഭൂരിപക്ഷമുള്ള മുനിസിപ്പാലിറ്റില്‍ ചെയര്മാന് സ്ഥാനം ആദ്യം മുസ്ലീം ലീഗിനു ലഭിക്കാനിടയുള്ള സാഹചര്യത്തിലാണ് പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഭിന്നത.
നഗരസഭയില്‍ ലീഗ് ഒമ്പതും കോണ്‍ഗ്രസ് ആറും ഡിവിഷനുകളിലാണ് വിജയിച്ചത്. 28 ഡിവിഷനുകളാണ് നഗരസഭയില്‍. എമിലിത്തടം ഡിവിഷനില്‍ വിജയിച്ച അഡ്വ. എ.പി. മുസ്തഫയെ ചെയര്‍മാനാക്കണമെന്ന നിലപാടിലാണ് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയിലെ ഒരു വിഭാഗം. എമിലി ഡിവിഷനില്‍നിന്നുള്ള മുജീബിനുവേണ്ടിയാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റാണ് എ.പി.മുസ്തഫ ആദ്യമായാണ് മുനിസിപ്പല്‍ കൗണ്‍സിലിലെത്തുന്നത്. മുനിസിപ്പല്‍ യുഡിഎഫ് കമ്മിറ്റി യോഗം ചേര്‍ന്നാണ് ചെയര്മാന് സ്ഥാനം ആദ്യം കോണ്‍ഗ്രസിനോ ലീഗിനോ എന്നു തീരുമാനിക്കുക. ഇതിനുശേഷമായിരിക്കും ചെയര്‍മാനെ നിര്‍ണയിക്കുന്നതിനു ലീഗ് മുനിസിപ്പല്‍ കമ്മിറ്റി യോഗം. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ലീഡറായി മുനിസിപ്പല്‍ ഓഫീസ് ഡിവിഷനില്‍ വിജയിച്ച കെപിസിസി സെക്രട്ടറി അഡ്വ. ടി. ജെ. ഐസകിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
മുനിസിപ്പല്‍ ചെയര്മാന് സ്ഥാനം മുസ്ലീം ലീഗിനു ലഭിച്ചാല്‍ വൈസ് ചെയര്‍പേഴ്സണ്‍ പദവി കോണ്‍ഗ്രസിനു കിട്ടും. കന്യാഗുരുകുലം ഡിവിഷനില്‍നിന്നുള്ള ആയിഷ പള്ളിയാല്‍, പുതിയ സ്റ്റാന്‍ഡ് ഡിവിഷനിലെ വിജയി കെ.അജിത എന്നിവരാണ് വൈസ് ചെയര്‍പേഴ്സണ്‍ പദവിയിലേക്കു കോണ്‍ഗ്രസിന്റെ പരിഗണനയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: