ലക്നൗ: ഹിന്ദുവായി നടിച്ച് പെണ്‍കുട്ടിയെ വിവാഹം ചെയ്ത് വഞ്ചിച്ച് മുസ്ലിം യുവാവ്. ഉത്തര്‍പ്രദേശിലാണ് സംഭവം. പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ ശനിയാഴ്ച യുപിയിലെ കനൗജില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പുതിയ നിയമവിരുദ്ധ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് പ്രകാരമാണ് ഗുര്‍സഹൈഗഞ്ച് കൊട്വാലി പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. തൗഫീഖ് എന്നയാളാണ് പിടിയിലായത്.
സമൂഹമാധ്യമത്തിലൂടെയാണ് പെണ്‍കുട്ടി തൗഫീഖുമായി പരിചയപ്പെട്ടത്. രാഹുല്‍ വര്‍മ എന്ന പേരില്‍ ഹിന്ദുവാണെന്ന് അവകാശപ്പെട്ടാണ് സൗഹൃദത്തിലായത്. ലക്നൗ സ്വദേശിയാണെന്നും പറഞ്ഞു. ഒടുവില്‍ പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചു. ഡിസംബര്‍ പത്തിന് ഹൈന്ദവ ആചാരങ്ങള്‍ അനുസരിച്ച് നടന്ന വിവാഹത്തിന്റെ ക്ഷണപത്രികയിലും രാഹുല്‍ എന്ന പേരാണ് രേഖപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങിനുണ്ടായിരുന്നത്. വീട്ടുകാരുമായി അത്ര സ്വരച്ചേര്‍ച്ചയില്‍ അല്ലെന്നായിരുന്നു തൗഫീഖ് നല്കിയ വിശദീകരണം. ഇയാള്‍ വിവാഹ സ്റ്റാറ്റസ് ഇന്റര്‍നെറ്റില്‍ പങ്കുവച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. എപ്പോഴാണ് ‘നിക്കാഹ്’ നടന്നതെന്ന അന്വേഷണവുമായി പിന്നാലെ ബന്ധുക്കളെത്തുകയായിരുന്നു.
തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനെ സമീപിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തൗഫീഖിന്റെ ശരിയായ വിവരങ്ങള്‍ ബോധ്യപ്പെട്ടു. പിന്നീടാണ് മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്തതെന്ന് കൊട്വാലി ഇന്‍സ്പെക്ടര്‍ രാജ ദിനേശ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: