റോം: ക്രിസ്മസ് രാവുകൾ അടുത്ത് കഴിഞ്ഞിട്ടും പാശ്ചാത്യ ലോകം കൊറോണ ഭീഷണിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. യൂറോപ്പിലെ ക്രൈസ്തവ സമൂഹത്തിന്റെ പറുദീസയായ ഇറ്റലിയും കൊറോണ ഭീഷണിയിൽ നിന്നും ഇതുവരെ മോചിതമായിട്ടില്ല. ക്രിസ്മസ്-ന്യൂഇയർ ആഘോഷങ്ങൾ രോഗത്തിന്റെ വ്യാപ്തി കൂട്ടുമെന്ന് ബോധ്യമായതോടെ വീണ്ടും ലോക്‌ഡൗൺ അടക്കമുള്ള തീവ്ര നിയന്ത്രണങ്ങളിലേക്ക് രാജ്യം പോകുകയാണ്.
ക്രിസ്മസ്-ന്യൂഇയർ ദിവസങ്ങളിൽ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ജുസെപ്പെ കോണ്ടെ. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. പ്രധാനമായും 24 മുതൽ 27 വരെയും 31 മുതൽ ജനുവരി 3, 5,6 തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഷോപ്പുകൾ, ബാറുകൾ, റസ്റ്റോറൻ്റുകൾ എന്നിവ അടക്കും. ജനങ്ങൾക്ക് മറ്റ് പ്രവശ്യകളിലേക്കുള്ള യാത്രകൾക്കും വിലക്കുണ്ട്. ഒരു വീട്ടിലുള്ളവർക്ക് ഈ കാലയളവിൽ ഒരു ദിവസം ഒരു തവണ മാത്രമെ പുറത്ത് സഞ്ചരിക്കാൻ അവസരം നൽകു. വീടുകളിൽ പരമാവധി രണ്ട് അതിഥികളെ സന്ദർശിക്കാവൂ. ഇതിനു പുറമെ 14 വയസിൽ താഴെയുള്ള കുട്ടികൾ അതിഥികൾക്കൊപ്പം ഉണ്ടാകാൻ പാടില്ല.
മതപരമായ ആഘോഷങ്ങൾ രാത്രി പത്ത് മണി വരെ പാടുള്ളുവെന്നും നിർദ്ദേശത്തിലുണ്ട്. ലൊംബാർഡി, വെനീറ്റോ, ലാസിയോ തുടങ്ങിയ പ്രദേശങ്ങളിൽ കൊറോണ വൈറസ് വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണങ്ങൾ. ക്രിസ്മസ് ആഘോഷ വേളകളിൽ രാജ്യത്ത് കൊറോണ വൈറസ് വ്യാപനം കൂടുമെന്ന് വിദഗ്‌ദ്ധർ വിലയിരുത്തുന്നുണ്ട്. ” വൈറസ് ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്, ഇവയുടെ അളവിനെ നമുക്ക് നിയന്ത്രിക്കാനാകും എന്നാൽ ഇവയെ നശിപ്പിക്കാൻ നമുക്ക് കഴിയില്ല, അതിനാലാണ് ആഘോഷ നാളുകളിൽ രോഗസംക്രമണം വർധിക്കാൻ ഇടയുണ്ടെന്ന് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്, കോണ്ടെ വ്യക്തമാക്കി.
ഫുഡ് സ്റ്റാളുകൾ, ബാർബർ ഷോപ്പ്, മരുന്നുകടകൾ, ചില്ലറ പുകയില വിത്പനശാലാകൾ, ശൗചാലയങ്ങൾ എന്നിവ തുറന്ന് പ്രവർത്തിക്കും. ഈ മാസം 28,29,30 ജനുവരി 4 എന്നീ ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ഇളവുകൾ ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ ഷോപ്പുകൾക്ക് രാത്രി 9 വരെ പ്രവർത്തിക്കാം. 6 കോടി ജനങ്ങളാണ് ഇറ്റലിയിൽ അധിവസിക്കുന്നത്. യൂറോപ്പിൽ ഏറ്റവും ആദ്യം കൊറോണ പ്രഹരമേൽപ്പിച്ചതും ഇറ്റലിയിലായിരുന്നു. 67,894 പേരാണ് കൊറോണ മൂലം ഇറ്റലിയിൽ മരിച്ചത്. ദിനം പ്രതി പതിനേഴായിരത്തിലധികം പേർക്ക് ഇപ്പോഴും വൈറസ് ബാധിക്കുന്നുണ്ട്. ഇതുവരെ ഇറ്റലിയിൽ മാത്രം 1.92 കോടി ജനങ്ങൾക്ക് വൈറസ് ബാധിച്ചെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: