രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രഥമ സര്‍സംഘചാലക് ഡോ. ഹെഡ്ഗേവാര്‍ മുതല്‍ ഡോ. മോഹന്‍ ഭാഗവത് വരെയുള്ള ആറ് സര്‍സംഘചാലകര്‍ക്കൊപ്പം ശാഖകളില്‍ ധ്വജ പ്രണാം ചെയ്ത് പ്രാര്‍ത്ഥന ചൊല്ലിയിട്ടുള്ള സ്വയംസേവകനാണ് അന്തരിച്ച മാ.ഗോ. വൈദ്യ എന്ന എം.ജി. വൈദ്യ. കേരളത്തെ ആഴത്തിലറിയുകയും കേരളത്തിലെ പ്രവര്‍ത്തകരേയും നേതൃത്വനിരയേയും അടുത്തു മനസിലാക്കുകയും ചെയ്തയാളാണ് അദ്ദേഹം.
രണ്ടു വര്‍ഷം മുമ്പ് നാഗ്പുരില്‍, വിജയദശമി ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ പോയി. അവിടെ വൈദ്യജിയെ കണ്ടു. 97 കഴിഞ്ഞ അദ്ദേഹത്തിന് ഓര്‍മയുണ്ടാവുമോ എന്ന് ശങ്കിച്ചു. പക്ഷേ, കേരളത്തില്‍നിന്നുള്ള സേതുമാധവന് എന്നു പറഞ്ഞപ്പോള്‍ത്തന്നെ പഴയ കാര്യങ്ങള്‍ ചോദിച്ചു. മറ്റ് മുതിര്‍ന്ന സംഘപ്രചാരകന്മാരെക്കുറിച്ചും ആദ്യകാല സംഘപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ കാര്യങ്ങളും അന്വേഷിച്ചു. ശരിക്കും അത്ഭുതപ്പെടുത്തി ആ ഓര്‍മ്മ ശക്തി. വ്യക്തികളുടെ കാര്യത്തിലെ ഓര്‍മ്മ ശക്തി മാത്രമല്ല, കേരളത്തിലെ സംഘടനാപ്രവര്‍ത്തനം സംബന്ധിച്ച അടിസ്ഥാന കാര്യങ്ങളും സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞത് ശരിക്കും അതിശയിപ്പിച്ചു.
ബാലാസാഹിബ് ദേവറസ്ജിക്ക് രോഗബാധ ഉണ്ടായപ്പോള്‍ രണ്ടു തവണ സര്സംഘചാലകിനുവേണ്ടി വിജയദശമി പ്രസംഗം വായിച്ചത് വൈദ്യജി ആയിരുന്നു. മോഹന്‍ജി സര് സംഘചാലക് ആയി ചുമതലയേറ്റപ്പോള്‍ അനുമോദിച്ച് സംസാരിച്ചവരില്‍ ഒരാള്‍ വൈദ്യജി ആയിരുന്നു.
വൈദ്യജിക്ക് കേരളക്കാര്യങ്ങളില്‍ നല്ല അവഗാഹമുണ്ടായിരുന്നു. അദ്ദേഹം തരുണ്‍ ഭാരത് പത്രത്തിന്റെ എഡിറ്ററായിരുന്നു. അക്കാലത്ത് ആള് ഇന്ത്യ എഡിറ്റേഴ്സ് ഫോറത്തിന്റെ ഭാരവാഹിയുമായിരുന്നു.
അക്കാലത്ത് കേരളത്തില്‍നിന്നുള്ള പത്രാധിപന്മാരും പത്രപ്രവര്‍ത്തകരുമായും സൗഹൃദം മാത്രമല്ല ദൃഢ സമ്പര്‍ക്കവും ഉണ്ടായിരുന്നു. അങ്ങനെ കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് അറിവും നേടി. ഒരു പത്രാധിപര്‍ സംഘത്തെക്കുറിച്ച് നടത്തിയ അഭിപ്രായം ഇന്നതായിരുന്നു, അക്കാര്യം ശ്രദ്ധയിലും ഓര്മ്മയിലുമുണ്ടാവണമെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു.
സംഘത്തിന് ഒരു വക്താവ് വേണം എന്ന് തീരുമാനിച്ചപ്പോള്‍ ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത് വൈദ്യജി ആയിരുന്നു. വാര്‍ത്തയുടെ കാര്യത്തിലും വിശകലനത്തിലും ആദര്‍ശവും ആശയവും സ്വരൂപിക്കുന്നതിലും താത്ത്വിക വിശകലനത്തിലും വൈദ്യജിയുടെ പങ്ക് പ്രമുഖമായിരുന്നു. സംഘ ചരിത്രത്തിന്റെ ജീവിക്കുന്ന ആധാര രേഖകളിലൊന്നായിരുന്നു മാധവ ഗോവിന്ദ വൈദ്യ എന്ന വൈദ്യജി.
എസ്. സേതുമാധവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: