കേവലം രണ്ടു പതിറ്റാണ്ടുകാലം കൊണ്ട് ചലച്ചിത്രലോകത്ത് ഒരു ‘കള്‍ട്ട് ഫിഗര്‍’ ആയി മാറിയ സംവിധായകനാണ് കിം കി ദുക്. ഇരുപത്തിമൂന്ന് സിനിമകള്‍ ലോകസിനിമയ്ക്ക് സമ്മാനിച്ചുകൊണ്ട് തന്റെ അമ്പത്തിയൊമ്പതാം വയസ്സില്‍ കിം വിടപറഞ്ഞപ്പോള്‍ ഏറ്റവുമേറെ ദുഃഖിച്ച സിനിമാസ്വാദക സമൂഹങ്ങളില്‍ ഒന്ന് കേരളത്തിലേതാണ്. കാരണം 2005 മുതല്‍ ഒന്നര പതിറ്റാണ്ടുകാലം കിം കി ദുക്കിന്റെ ഓരോ പുതിയ സിനിമയെയും കാത്തിരുന്നവരാണ് മലയാളി പ്രേക്ഷകര്‍. ആ പതിനഞ്ച് വര്‍ഷം കൊണ്ട് ജന്മനാടായ ദക്ഷിണ കൊറിയയേക്കാള്‍ കിമ്മിന് ആരാധകരുള്ള നാടായി മാറി കേരളം.
പ്രേക്ഷക മനസ്സിനെ മരവിപ്പിച്ചു നിര്‍ത്തുന്ന, ഹിംസയുടെയും രതിയുടെയും ദൃശ്യങ്ങള്‍ തന്റെ ചിത്രങ്ങളിലൊരുക്കിയ കിമ്മിന്റെ മിക്ക ചിത്രങ്ങളുടെയും ദാര്‍ശനികമായ അടിയൊഴുക്ക് ബുദ്ധദര്‍ശനമായിരുന്നു. പുതിയ ലോകത്തെ മനുഷ്യന്റെ ഹിംസാത്മകതയും ക്രൂരതയും മറനീക്കിക്കാണിക്കാന്‍ തനിക്ക് അത്തരം ദൃശ്യങ്ങള്‍ തന്നെയാണ് ആവശ്യമെന്ന് കിം കരുതി. അദ്ദേഹത്തിന്റെ സിനിമകളെല്ലാം ബോക്സ് ഓഫീസില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയവയാണ്. എന്നാല്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലൂടെ ആ സിനിമകളെ ലോക സിനിമാപ്രേക്ഷകര്‍ നെഞ്ചേറ്റി.
മാറ്റങ്ങള്‍ സിനിമയിലും ജീവിതത്തിലും
എന്നും മാറ്റങ്ങള്‍ക്ക് വിധേയമായിരുന്നു കിമ്മിന്റെ ജീവിതം. ആ മാറ്റങ്ങള്‍ അദ്ദേഹത്തിന്റെ സിനിമയിലും നാം കാണുന്നു. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടി, ഫാക്ടറികളില്‍ പണിയെടുത്ത് ജീവിച്ച ചെറുപ്പകാലമായിരുന്നു അദ്ദേഹത്തിന്റേത്. കഷ്ടപ്പെട്ട് പണിയെടുത്ത് കുറച്ച് പണം സമ്പാദിച്ച് അതുകൊണ്ട് പാരീസില്‍ ചെന്ന് ചിത്രകല പഠിച്ചു. ആദ്യമായി സിനിമ കാണുന്നത് 23-ാം വയസ്സില്‍. യാദച്ഛികമായി ഒരു തിരക്കഥാ മത്സരത്തില്‍ പങ്കെടുക്കുകയും അതില്‍ സമ്മാനാര്‍ഹനാകുകയും ചെയ്യുന്നു. 1995ലായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം സ്വന്തമായി ഒരു സിനിമയുണ്ടാക്കി-ക്രോക്കൊഡൈല്‍. തുടര്‍ന്ന് നിര്‍മ്മിച്ച ദ ഐസല്‍ എന്ന സിനിമ ടൊറൊന്റോ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. അതോടെയാണ് കിം ലോകസിനിമയില്‍ ശ്രദ്ധേയനാകുന്നത്.
ഉന്മാദവും വിഷാദവും മാറിമാറി നിറയുന്ന സിനിമകള്‍ എന്ന് നിരൂപകര്‍ വിലയിരുത്തിയ കിം കി ദുക്കിന്റെ ആവിഷ്കാരങ്ങള്‍ പലതും അതിനപ്പുറം ഒരു ദാര്‍ശിനകത ഒളിച്ചുവച്ചു. സെന്‍ ബുദ്ധിസവുമായി ചേര്‍ന്നു നിന്ന ദാര്‍ശനികതയായിരുന്നു അത്.
2003 ല്‍ റിലീസ് ചെയ്ത സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിംഗ് എന്ന ചിത്രം പ്രത്യക്ഷത്തില്‍ തന്നെ ബുദ്ധദര്‍ശനത്തെ ആശ്ലേഷിക്കുന്നു. മനുഷ്യജീവിതത്തിന്റെ വളര്‍ച്ചാഘട്ടങ്ങളെ ബുദ്ധദര്‍ശനത്തിന്റെ കാഴ്ചപ്പാടില്‍ വിശകലനം ചെയ്യുന്ന ചിത്രമാണിത്.
ബുദ്ധന്റെ നാല് ആര്യസത്യങ്ങള്‍ പ്രകൃതിയിലെ ഋതുഭേദങ്ങളിലൂടെ മനുഷ്യാവസ്ഥയില്‍ കണ്ടെത്തുകയാണ് കിം ഈ ചിത്രത്തില്‍ ചെയ്യുന്നത്. അസ്തിത്വത്തിന്റെ അടിസ്ഥാനം തന്നെ ദുഃഖമാണ്. ദുഃഖത്തിന്റെ അടിസ്ഥാാന കാരണം തൃഷ്ണയാണ്. തൃഷ്ണയെ വൈരാഗ്യം കൊണ്ട് നിഹനിക്കുകയാണ് ദുഃഖത്തെ ദുരീകരിക്കുവാനുള്ള മാര്‍ഗ്ഗം. തൃഷ്ണയെ ഇല്ലാതാക്കാനുള്ള പ്രായോഗിക വിദ്യയാണ് അഷ്ടമാര്‍ഗ്ഗങ്ങള്‍ എന്നിവയാണ് ബുദ്ധന് മുന്നോട്ടുവച്ച നാല് സത്യങ്ങള്‍. ഈ നാല് സത്യങ്ങളെ ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നീ നാല് മനുഷ്യാവസ്ഥകളിലൂടെയും നാല് ഋതുക്കളിലൂടെയും ബോധ്യപ്പെടുത്തിത്തരുകയാണ് ഈ സിനിമ. ഒരു തടാകത്തിന് നടുവിലുള്ള ബുദ്ധവിഹാരമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു ബുദ്ധഭിക്ഷു അദ്ദേഹത്തിന്റെ ചെറുപ്പം മുതല്‍ ആത്മജ്ഞാനം നേടുന്നതു വരെ കടന്നുപോകുന്ന കാലങ്ങള്‍ ഋതുക്കളിലൂടെ വരച്ചുകാട്ടുന്നു. ഋതുക്കളുടെ ഈ സഞ്ചാരവും മനുഷ്യാവസ്ഥകളുടെ ഗതിയുമെല്ലാം ചാക്രികമാണെന്ന സത്യവും നാം തിരിച്ചറിയുന്നു. ഈ ചാക്രികതയ്ക്ക് പ്രകൃതിയിലെ സകലചരാചരങ്ങളും വഴങ്ങേണ്ടതുണ്ടെന്ന യാഥാര്‍ത്ഥ്യവും ഈ ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. ഈ ചിത്രത്തിലെ ബുദ്ധിസ്റ്റ് സങ്കല്‍പ്പങ്ങളെ മുന്‍നിര്‍ത്തിയുള്ള പഠനങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്.
നിനച്ചിരിക്കാതെ ഒരു വിടവാങ്ങല്‍
ത്രീ അയേണ്‍ എന്ന ചിത്രം വിചിത്രമായ മനുഷ്യബന്ധങ്ങളുടെ കഥയാണെങ്കിലും ധ്യാനബുദ്ധിസത്തിന്റെ അദൃശ്യമായ സ്പര്‍ശം ചിത്രത്തിലുടനീളം അനുഭവിച്ചറിയാന്‍ കഴിയുന്നുണ്ട്. മനസ്സിനെ അതിസൂക്ഷ്മമായി ഒരൊറ്റ വസ്തുവില്‍ കേന്ദ്രീകരിച്ച് നേടിയെടുക്കുന്ന ധ്യാനാവസ്ഥയും തിരസ്കരണി പോലെ ചുറ്റുപാ
ടുകളോട് ചേര്‍ന്നു നിന്നുകൊണ്ടു തന്നെ അതില്‍ നിന്ന് മറഞ്ഞുനില്ക്കാനുള്ള ധ്യാനസിദ്ധിയുമൊക്കെ ഓര്‍മ്മിപ്പിക്കുന്നത് സെന്‍ബുദ്ധിസത്തെയാണ്. ദ ബോ, ദ റിയല്‍ ഫിക്ഷന്‍, സമരിറ്റന്‍ ഗേള്‍, ദ ബ്രീത്ത് തുടങ്ങി ആകെ 23 ചിത്രങ്ങള്‍.
കിമ്മിന്റെ ചിത്രങ്ങള്‍ പോലെ തന്നെ വൈചിത്ര്യങ്ങളും ഭ്രമാത്മകതയും നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതവും. സിനിമയുടെ ബാലപാഠങ്ങള്‍ പോലും പഠിക്കാതെ ലോകസിനിമയില്‍ ശ്രദ്ധേയമായ സൃഷ്ടികള്‍ നടത്തിയ തന്റെ സിനിമകള്‍ക്കായി ലോകം കാത്തിരിക്കുമ്പോള്‍ നിനച്ചിരിക്കാതെയുള്ള ഒരു പിന്‍വാങ്ങല്‍ നടത്തി കിം. 2008ലായിരുന്നു അത്. ഡ്രീം എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയുണ്ടായ അപകടത്തില്‍ തന്റെ കാമുകിയായ നടി മരണാസന്നയായ സംഭവം അദ്ദേഹത്തെ തളര്‍ത്തി. ഒടുവില്‍ ആരോടും പറയാതെ ഒരു മലമുകളിലേക്ക് തനിച്ച് യാത്രയായി. മൂന്നു വര്‍ഷത്തോളം അവിടെ ഏകാന്തതയും മൗനവും വരിച്ച് കഴിഞ്ഞു. ആ ഏകാന്തജീവിതത്തെ അദ്ദേഹം ഒരു ക്യാമറയില്‍ ചിത്രീകരിച്ചുകൊണ്ടിരുന്നു. മൂന്നു വര്‍ഷം കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തുന്നത് ആ ക്യാമറയില്‍ രൂപം കൊണ്ട ഒരു സിനിമയുമായാണ്. ആരിരംഗ് എന്ന ആ ഡോക്യുഫിക്ഷന് കിം കി ദുക്ക് എന്ന വ്യക്തിയുടെ സ്വത്വപ്രതിസന്ധിയുടെ ദൃശ്യാവിഷ്കാരമാണ്.
പിന്നീട് പിയാത്ത, മൊബിയസ്, നെറ്റ് എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. 2019ല്‍ റിലീസ് ചെയ്ത ഡിസ്സോള്‍വ് ആണ് കിമ്മിന്റെ അവസാനചിത്രം.
വ്യവസ്ഥാപിത സിനിമാസങ്കല്‍പ്പങ്ങളെ കുറിച്ച് തീര്‍ത്തും അജ്ഞനായാണ് കിം കി ദുക്ക് സിനിമാരംഗത്തേക്ക് കടന്നുവന്നത്. അത്തരം സങ്കല്‍പ്പങ്ങളെയും മാമൂലുകളെയും അദ്ദേഹം പിന്നീടും ഗൗനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആ സങ്കല്‍പ്പങ്ങളെയെല്ലാം മറികടക്കുന്ന ചിത്രങ്ങളായി മാറി കിമ്മിന്റേത്. പലരും പലരീതിയില്‍ അവയെ വ്യാഖ്യാനിച്ചു. ജീവിതത്തിന്റെയും ലോകത്തിന്റെയും ദുരന്തങ്ങളെ റാഡിക്കലായി വീക്ഷിക്കുന്ന സിനിമകളെന്ന് ചിലര്‍. ബുദ്ധന്റെ ദാര്‍ശനിക സൗന്ദര്യത്തെ സമകാലീനലോകത്തിന്റെ നരകച്ചുഴികളിലൂടെ നോക്കിക്കാണുന്ന ചിത്രങ്ങളെന്ന് മറ്റു ചിലര്‍. എന്തായാലും കിം ഒരു കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. ‘ഞാന്‍ ജീവിച്ച ജീവിതത്തെയാണ് ഞാന്‍ സിനിമയില്‍ പകര്‍ത്തുന്നത്’ എന്ന്. ശരിയായിരിക്കാം. ഒന്നുറപ്പിക്കാം, കിം കി ദുക്കിന്റെ ഓരോ സിനിമയും പൂര്‍ത്തിയാകുന്നത് പ്രേക്ഷകന്റെ സംവേദന വേളയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: