തദ്ദേശപ്പോരില്‍ ഏറെ മുന്നേറിയത് ഇടതുമുന്നണിയാണ്. തൊട്ടുതാഴെയാണ് വലതുമുന്നണി. മൂന്നാം സ്ഥാനത്ത് എന്‍ഡിഎയും ഉണ്ട്. വലിയേട്ടന്മാര്‍ക്കിടയില്‍ വീണ്ടും പോര് മുറുകുകയാണ്. ഘടക കക്ഷികളെല്ലാം വാളെടുത്തിരിക്കുന്നു. കോണ്‍ഗ്രസില്‍ വോട്ടെടുപ്പിന് മുന്നേ തന്നെ തുടങ്ങിയ യുദ്ധം ഇപ്പോള്‍ മൂര്‍ച്ഛിച്ചു. കെപിസിസി പ്രസിഡന്റിനെ വീഴ്ത്തുകയാണ് ലക്ഷ്യം. മുന്‍ പ്രസിഡന്റ് മുരളീധരനാണ് ആദ്യം വെടി ഉതിര്‍ത്തത്. തൊട്ടുപിന്നിലുണ്ട് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്. ഇരുവരും ലോക്സഭയില്‍ സ്ഥാനം ഉറപ്പിച്ചതിനാല്‍ ഭയപ്പെടാനൊന്നുമില്ല. ലോക്സഭ ഇടയ്ക്കുവച്ച് വീഴുമെന്ന പേടിയില്ല.
നയിക്കുന്ന പാര്‍ട്ടിയില്‍ അടിമുറുകിയാല്‍ കുറുകെ ഓടാന്‍ ഘടക കക്ഷികള്‍ മടിക്കേണ്ടതില്ലല്ലോ. പ്രവര്‍ത്തനരംഗം കേരളമാക്കുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് ആലോചിച്ച് അതിമോഹം പ്രകടിപ്പിച്ച ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഇനി എങ്ങിനെ ചിന്തിക്കുമെന്നറിയില്ല. തക്കം കിട്ടിയാല്‍ മുന്നണി മാറുന്നതിനെക്കുറിച്ചും ചിന്തിച്ചുകൂടായ്കയില്ല.
ഉപതെരഞ്ഞെടുപ്പില്‍ ഇടത്തേക്ക് ചാഞ്ഞ പാലയെക്കുറിച്ച് എന്‍സിപിയും ജോസ് കെ. മാണി പാര്‍ട്ടിയും വലിയ പിടിവലിയിലാണ്. പാല തിരിച്ചുവേണമെന്ന് ജോസ്. അതങ്ങ് പള്ളിയില്‍ പറഞ്ഞാല്‍ മതിയെന്ന് മാണി സി. കാപ്പന്. അതിനിടിയില്‍ രണ്ടാം സ്ഥാനക്കാരെന്ന അവകാശവാദവുമായി കഴിയുന്ന സിപിഐയുടെ മത്സരം. അവരും കഴിയും വിധമെല്ലാം കലഹത്തിന് കോപ്പുകൂട്ടുന്നു. കാഞ്ഞിരപ്പള്ളി സീറ്റ് നഷ്ടപ്പെടുമോ എന്ന ഭീതി സിപിഐക്ക്. അണ്ണാന് കുഞ്ഞിനും തന്നാലായത് എന്ന മട്ടില്‍. ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) പിളര്‍ന്നേ പറ്റൂ എന്ന നിലപാടുമായി മുന്നേറുന്നു. സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചു. സി.കെ. നാണു പ്രസിഡന്റായുള്ള കമ്മിറ്റിയെ ദേശീയ നേതൃത്വം പിരിച്ചുവിട്ടിരുന്നു. ഇത് അവഗണിച്ചാണ് യോഗം. ദേശീയ നേതൃത്വവുമായി ബന്ധം ഉപേക്ഷിക്കുമെന്നും ജെഡിഎസ് സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസ്.
ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയാണ്, സി.കെ.നാണു അധ്യക്ഷനായ കേരള ഘടകം പിരിച്ചുവിട്ടത്. മാത്യു ടി. തോമസ് അധ്യക്ഷനായി അഡ്ഹോക് കമ്മിറ്റിക്ക് പാര്‍ട്ടിയുടെ നടത്തിപ്പ് ചുമതല നല്‍കുകയും ചെയ്തിരുന്നു. പണ്ടേ ദുര്‍ബ്ബല ഒപ്പം ഗര്‍ഭിണിയും എന്ന പോലെയായി ജനതാദള്‍.
ജെഡിഎസ് സംസ്ഥാന നേതൃയോഗത്തില്‍ നിന്ന് സി.കെ. നാണു ഇറങ്ങിയതോടെയാണ് ഈ പാര്‍ട്ടി വാര്‍ത്തയില്‍ ശ്രദ്ധപിടിച്ചത്. പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണ്. പഴയ സംസ്ഥാന കമ്മിറ്റി പുനഃസ്ഥാപിക്കണമെന്നും നാണു ആവശ്യപ്പെട്ടിരുന്നു. ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി. തോമസിനെതിരെ പാര്‍ട്ടിയില്‍ വിമതനീക്കം നടക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെതിരെ സി.കെ.നാണു അനുകൂലികള്‍ യോഗം ചേര്‍ന്നു. മാത്യു ടി. തോമസിനെ നിയമിച്ച ദേശീയ നേതൃത്വത്തെ തള്ളിപ്പറയണമെന്നാണ് ആവശ്യം. വലിയ ജയം അവകാശപ്പെട്ടവര്‍ ജയിച്ചുതോറ്റ സ്ഥിതിയിലായെന്ന് ചുരുക്കം. ഇതിനിടയിലാണ് കാഞ്ചിയാറില്‍ നിന്നും ഏറെ കൗതുകവും പുതുമയുമുള്ള വാര്‍ത്ത.
ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലെ കാഞ്ചിയാര്‍ പഞ്ചായത്തില്‍ 15 വാര്‍ഡുകളുണ്ട്. 9 സീറ്റുകളില്‍ എല്‍ഡിഎഫ് ജയിച്ചെങ്കിലും പ്രസിഡന്റ് പദവിക്ക് അവര്‍ അര്‍ഹരല്ല. പട്ടികജാതി വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിരിക്കുന്ന പഞ്ചായത്തില്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ എല്‍ഡിഎഫിന്റെ പക്ഷത്തു വിജയിച്ചിട്ടില്ല.
ഈ വിഭാഗത്തില്‍ നിന്നുള്ള 4 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. അവരില്‍ നരിയമ്പാറ വാര്‍ഡില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി കെ.സി.സുരേഷ് മാത്രമാണു ജയിച്ചത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ ജനറല്‍ സീറ്റില്‍ ഉള്‍പ്പെടെ 2 വാര്‍ഡുകളില്‍ ഇടതുപക്ഷം മത്സരിപ്പിച്ചിരുന്നതാണ്. പക്ഷേ തോറ്റു. നരിയമ്പാറയാണ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരുന്ന വാര്‍ഡ്. 2015ല്‍ ഇടതുപക്ഷ ഭരണ സമിതിയില്‍ അംഗമായിരുന്ന സനീഷ് ശ്രീധരനെയാണ് ഇവിടെ മത്സരിപ്പിച്ചത്.
ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ പ്രദേശങ്ങളില്‍ ഒന്നായ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വിഭജിച്ച് 1977-ലാണ് കാഞ്ചിയാര്‍ പഞ്ചായത്ത് രൂപീകരിച്ചത്. ഇപ്പോള്‍ ജയിച്ച ബിജെപിയുടെ ഏക അംഗം പ്രസിഡന്റാകുമ്പോള്‍ മറ്റുള്ളവരെല്ലാം ജയിച്ച് തോറ്റവരായി. ബിജെപിയാകട്ടെ തോറ്റ് ജയിച്ച അവസ്ഥയിലുമെത്തി.
ഈ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തിളക്കം സീറ്റുകളുടെ എണ്ണത്തിലല്ല. പിടിച്ചെടുത്ത സ്ഥലങ്ങളുടെ പ്രത്യേകതയിലാണ്. അതില്‍ പ്രാധാന്യമേറിയവയാണ് പന്തളത്തെ നേട്ടം. ശബരിമല ശ്രീ അയ്യപ്പനുമായി ബന്ധപ്പെട്ടതാണ് പന്തളത്തിന്റെ ചരിത്രം. അത്ര തന്നെ പ്രാധാന്യമുണ്ട് ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥാനമായ ചെമ്പഴന്തിയിലെ വിജയം. അരുവിപ്പുറത്ത് ഗുരുദേവന് തപസ്സനുഷ്ഠിച്ച വാര്‍ഡിലേയും ശിവഗിരിയിലെ വിജയവും എണ്ണപ്പെട്ടതാണ്.
നവോത്ഥാന നായകരില്‍ അഗ്രഗണ്യനായ മന്നത്ത് പദ്മനാഭന് അന്ത്യ വിശ്രമം കൊള്ളുന്ന പെരുന്ന വാര്‍ഡിലും ബിജെപി വെന്നിക്കൊടി നാട്ടി. തിരുവനന്തപുരത്ത് ഇന്ദിരാഭവന് സ്ഥിതിചെയ്യുന്ന ശാസ്തമംഗലത്ത് ബിജെപി, ഇഎംഎസ് അക്കാദമി സ്ഥിതിചെയ്യുന്ന വിളപ്പില്‍ പഞ്ചായത്തിലെ വാര്‍ഡിലും വിജയം ബിജെപിക്ക് തന്നെ. കോടിയേരി ബാലകൃഷ്ണന് താമസിക്കുന്ന മരുതന്‍കുഴിയിലും സി.അച്യുതമേനോന്റെ സ്മാരകം നില്ക്കുന്ന പൂജപ്പുരയിലും ജയിച്ചത് ബിജെപി. തിരുവനന്തപുരം മേയറായിരുന്ന ശ്രീകുമാറിനെ കരിക്കകത്ത് തോല്‍പ്പിച്ചതും ബിജെപിയാണ്.
ഉമ്മന്‍ചാണ്ടി താമസിക്കുന്ന ജഗതി വാര്‍ഡിലും ബിജെപി ജയിച്ചുകയറിയപ്പോള്‍ സിപിഎം ആസ്ഥാനമായ എകെജി സെന്റര്‍ ഉള്‍പ്പെട്ട വാര്‍ഡ് അവര്‍ക്ക് കൈവിട്ടു. തോല്‍വിയും ജയവും ഇരുമുന്നണികളിലും കലഹം ശക്തമാക്കിയപ്പോള്‍ ബിജെപിയും അതുപോലെയാണെന്ന് സ്ഥാപിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. ഈ പാര്‍ട്ടി വേറെ ലെവലാണ്. നുണപ്രചരിപ്പിക്കുന്നവര്‍ക്ക് അത് ബോദ്ധ്യമാകാന്‍ ഏറെ കാത്തിരിക്കേണ്ടിവരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: