കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വന്‍ തിരിച്ചടിയായി തൃണമൂലില്‍ നേതാക്കളുടെ രാജി തുടരുന്നു. കരുത്തനായ നേതാവും മുന്‍ മന്ത്രിയുമായ സുവേന്ദു അധികാരിക്കും എംഎല്‍എ ജിതേന്ദ്ര തിവാരിക്കും പിന്നാലെ ഇന്നലെ മൂന്നാമത്തെ എംഎല്‍എയും പാര്‍ട്ടി വിട്ടു. ബാരക്പുര്‍ എംഎല്‍എ ശില്‍ഭദ്ര ദത്തയാണ് ഇന്നലെ രാവിലെ പാര്‍ട്ടി വിട്ടത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബംഗാളില്‍ എത്തുമ്പോള്‍ വലിയ രാഷ്ട്രീയമാറ്റത്തിന് തുടക്കമാവും എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. സുവേന്ദുവും ജിതേന്ദ്രയും ശില്ഭദ്രയും അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരും എന്നാണ് സൂചന.
വനംമന്ത്രി രാജീവ്് ബാനര്‍ജി, സുനില്‍ മണ്ഡല് എം.പി. എന്നിവരും രാജിക്കുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്. തുര്‍ച്ചയായി നേതാക്കള്‍ രാജിവെക്കുന്ന സാഹചര്യത്തില്‍ മമത ബാനര്‍ജി തൃണമൂലിന്റെ ഉന്നത തല യോഗം വിളിച്ചു. തൃണമൂലിന്റെ ന്യൂനപക്ഷസെല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം കരിബുള് ഇസ്ലാം രാജിവെച്ചതും മമതയ്ക്കു തിരിച്ചടിയായി. സുവേന്ദു അധികാരിയും സുനില്‍ മണ്ഡലും ജിതേന്ദ്ര തിവാരിയും യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു. ജിതേന്ദ്രയെ മമത ബാനര്‍ജി നേരിട്ടു വിളിച്ചു സംസാരിച്ചെങ്കിലും അനുനയ നീക്കം വിജയിച്ചില്ല. അതിനിടെ സുവേന്ദു അധികാരി നല്കിയ രാജി സ്പീക്കര്‍ സ്വീകരിച്ചില്ല. ഈ മാസം 21ന് നേരിട്ടു ഹാജരാകാന്‍ സ്പീക്കര്‍ സുവേന്ദുവിനോട് ആവശ്യപ്പെട്ടു. സുവേന്ദു പാര്‍ട്ടി വിട്ടതിനു പിന്നാലെ മാല്‍ദയിലെ ഒരു ബ്ളോക്കിനുകീഴിലുള്ള അഞ്ച് മണ്ഡലം പ്രസിഡന്റുമാര്‍ രാജിവെച്ചു. എന്നാല്‍, ഇവര്‍ പാര്‍ട്ടി വിട്ടിട്ടില്ല.
തൃണമൂലില്‍ സ്തുതിപാഠകര്‍ക്കുമാത്രമാണ് സ്ഥാനമെന്ന് ആരോപിച്ചാണ് വനംമന്ത്രി രാജീവ് ബാനര്‍ജി മമതയ്ക്കെതിരെ ശക്തമായി പ്രതികരിച്ചത്. സ്വന്തമായി യോഗങ്ങള്‍ സംഘടിപ്പിച്ച് പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയാണ് രാജീവ്. ഇന്ന് ബംഗാളിലെത്തുന്ന അമിത് ഷാ പശ്ചിമ മിഡ്നാപൂരില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുമ്പോള്‍ തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.9
പ്രതികരിക്കാൻ ഇവിടെ എഴുതുക: