കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പേരു പറയാതിരുന്നത് ഭയം കൊണ്ടാണെന്നും ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കറെന്നും സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരം അറസ്റ്റിലായ ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ മറുപടി വാദത്തിനിടെയാണ് ഇ ഡി ഇക്കാര്യം പറഞ്ഞത്.
ശിവശങ്കറിനെതിരെ ആദ്യഘട്ടത്തില്‍ ഒന്നും പറയാതിരുന്ന സ്വപ്ന ഒരു ഘട്ടത്തില്‍ ശിവശങ്കറിനെതിരെ എന്തുകൊണ്ടാണ് മൊഴി നല്‍കുന്നതെന്ന വാദത്തിന് മറുപടിയായാണ് അഡി. സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് സ്വപ്ന സുരേഷ് ഇത്തരത്തില്‍ മൊഴി നല്‍കുന്നതെന്ന് ശിവശങ്കറിനു വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത വാദിച്ചു.
എന്നാല്‍ ഹര്ജിക്കാരന് ഇപ്പോള്‍ ജാമ്യം നല്‍കുന്നത് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമിടയാക്കുമെന്ന് ഇ ഡി പറഞ്ഞൂ. ഏതു കസ്റ്റംസ് ഉദ്യോഗസ്ഥനെയാണ് വിളിച്ചത് എന്ന് ഇപ്പോഴും ശിവശങ്കര്‍ പറയുന്നില്ല. അന്വേഷണവുമായി സഹകരിക്കുന്നില്ല. സ്വപ്നയുടെ ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത പണം ശിവശങ്കറിനു ലഭിച്ച കോഴയാണ്. പണം ശിവശങ്കറിന്റെയല്ലെന്ന് വാദിച്ചാല്‍പോലും ഇതു ഒളിപ്പിക്കാന്‍ സഹായിച്ചതും കുറ്റമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസ് പ്രഥമദൃഷ്ട്യാ നിലനില്ക്കും. 1.80 കോടി രൂപയാണ് കമ്മിഷനായി ലഭിച്ചത്. ഡിസംബര്‍ 15,16 തീയതികളില്‍ സ്വപ്നയുടെയും ഡിസംബര്‍ 17ന് സരിത്തിന്റെയും ഡിസംബര്‍ 18 ന് ശിവശങ്കറിന്റെയും മൊഴിയെടുത്തു. ഇവ നിര്‍ണായകമാണ്. ആദ്യ കുറ്റപത്രത്തില്‍ ശിവശങ്കറിന്റെ പേരില്ലെന്നതുകൊണ്ട് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നു പറയാന്‍ കഴിയില്ല.
മൂന്നു നാലു തവണ കസ്റ്റംസിനെ വിളിച്ചിരുന്നു. വാട്ട്സ് അപ്പിലും ടെലിഗ്രാമിലുമായാണ് സ്വപ്നയുമായി ശിവശങ്കര്‍ സംസാരിച്ചിരുന്നത്. കള്ളക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു. ഇതിനു സഹായവും നല്‍കിയിട്ടുണ്ടെന്നും ഇഡി വാദിച്ചു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് വിധി പറയാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: