കരിന്തളം: വെളളരിക്കുണ്ട് താലൂക്കിലെ കരിന്തളം വില്ലേജില്‍ റി.സ.നം 24.2ല്‍ അഞ്ച് ഏക്കര്‍ 12 സെന്റ് ഭൂമിയില്‍ വന്‍ തോതില്‍ അനധികൃത നിര്‍മ്മാണം നടക്കുന്നതിനെതിരെ ജനരോഷം ശക്തമാവുന്നു. വടക്കേ പുലിയന്നൂരിലെ എ.വി.അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കമ്പല്ലൂരിലെ വിജോയ് തോമസിന്റെ നേതൃത്വത്തില്‍ അനധികൃത നിര്‍മ്മാണം നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പഞ്ചായത്ത്, വില്ലേജ്, ജിയോളജി വകുപ്പ് എന്നീ സ്ഥാപനങ്ങളില്‍ ഏതൊന്നില് നിന്നും അനുമതിയില്ലാതെയാണ് കുന്നിടിക്കലും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനവും നടക്കുന്നത്.
നിരവധി പാരിസ്ഥിതി പ്രത്യാഘതങ്ങള്‍ കാരണം ജനങ്ങള്‍ ഭയപ്പാടോടെയാണ് ഇവിടെ കഴിയുന്നത്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ റിസോര്‍ട്ട് നിര്‍മ്മാണം പുരോഗമിക്കുകയാണ്. ചെങ്കുത്തായ കൊക്കയിലേക്ക് ഏറുമാടം നിര്‍മ്മിച്ചിരിക്കുകയാണ്. ഇവിടെ മദ്യസല്‍ക്കാരവും നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇത്രയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും പഞ്ചായത്ത് അധികൃതരോ മറ്റ് ഉദ്യോഗസ്ഥന്മാരോ അറിഞ്ഞില്ലെന്ന ഭാവം നടിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ പ്രദേശത്ത് ഉരുള്‍ പൊട്ടലുണ്ടായിരുന്നു.
തൊട്ടടുത്ത് നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. അതിനാല്‍ ഈ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് നൂറോളം വരുന്ന നാട്ടുകാര്‍ ഒപ്പ് ശേഖരണം നടത്തി കാഞ്ഞങ്ങാട് സബ്ബ് കളക്റ്റര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്. നടപടി ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: