തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്മാന് ഒഎംഎ സലാമിനെ സസ്പെന്‍ഡ് ചെയ്ത് കെഎസ്ഇബി. അടുത്തിടെ എന്‍ഫോഴ്മെന്റ് റെയ്ഡ് നടത്തിയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ സലാമിന്റെ വീടും ഉണ്ടായിരുന്നു. 200 കോടിയുടെ സാമ്പത്തിക ഇടപാട് ആണ് സലാം നടത്തിയതെന്നാണ് ഇഡി കണ്ടെത്തിയത്. എന്നാല്‍, തീവ്രവാദ സംഘടനയിലെ പ്രമുഖ നേതാവാണ് തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നതെന്ന് സഹപ്രവര്‍ത്തകര്‍ക്കു പോലും അറിവുണ്ടായിരുന്നില്ല. അതേസമയം, തീവ്രവാദ സംഘടനകള്‍ക്ക് സഹായം ചെയ്യുന്ന ഒരു വ്യക്തി സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയില്‍ തുടരുന്നത് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കെഎസ്ഇബിയും സംസ്ഥാന ഇന്റലിജന്‍സും വന്‍സുരക്ഷ വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.
സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സര്‍ക്കാരിന്റെ മുന്‍ കൂര് അനുമതി വാങ്ങാതെ സന്ദര്‍ശനം നടത്തിയ ഒഎംഎ സലാം അവിടെ വെച്ച് പല സംഘടനകളുമായി ബന്ധം സ്ഥാപിച്ചുവെന്നും ചില പരിശീലന ക്യാമ്പുകളില്‍ പോയെന്നും എന്‍ ഐ എ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതേകുറ്റത്തിനാണ് സലാമിനെ കെഎസ്ഇബിയും പുറത്താക്കിയത്.
കെഎസ്ഇബിയുടെ മഞ്ചേരി റീജണല്‍ ഓഡിറ്റ് ഓഫീസിലെ സീനിയര്‍ അസിസ്റ്റന്റായാണ് സലാം ജോലി ചെയ്തിരുന്നത്. ക്യാഷ്യറായാണ് സലാം സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. രണ്ടു പ്രമോഷന് പിന്നിട്ട് സീനിയര്‍ അസിസ്റ്റന്റുമായി.അടുത്ത സ്ഥാന കയറ്റത്തില്‍ ഗസ്റ്റഡ് പദവിയില്‍ എത്തേണ്ടതായിരുന്നു സലാമെന്ന് ജീവനക്കാര്‍ പറയുന്നു. 200കോടി യുടെ ബാങ്കിടപാട് നടത്തിയ വ്യക്തിയെന്ന് ഇഡി ആരോപിച്ച ആളാണ് തങ്ങള്‍ക്കൊപ്പം ജോലി ചെയ്തതെന്ന് സഹ പ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. നേരത്തെ തന്നെ സലാം അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ഈ മാസം ആദ്യം പോപ്പുലര്‍ ഫ്രണ്ടിന്റെ മറ്റു നേതാക്കളുടെ വീടുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു..കേരളത്തിലെയും തമിഴ്നാട്ടിലെയും നേതാക്കളുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്. കേരളത്തില്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ഏഴ് നേതാക്കളുടെ തിരുവനന്തപുരത്തും മലപ്പുറത്തുമുള്ള വീടുകളിലാണ് പരിശോധന നടന്നത്. ചെന്നൈയില്‍ മൂന്നിടങ്ങളിലും മധുരയിലും തെങ്കാശിയിലും വരെ റെയ്ഡ് നടത്തി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ തുര്‍ക്കിയിലെ വിവാദ ചാരിറ്റി സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ കൂടിക്കാഴ്ചയും വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളും റെയ്ഡിന് കാരണമായെന്ന് കരുതുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും റെയ്ഡിന് പിന്നിലുണ്ടെന്നാണ് സൂചന. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്മാന് ഒഎംഎ സലാമിന് പുറമെ ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലും തിരുവനന്തപുരം കരമന സ്വദേശികൂടിയായ അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പോപ്പുലര്‍ ഫ്രണ്ടിന്റെ മീഞ്ചന്തയിലെ ഓഫീസിലുമടക്കം ഇഡി സംഘം പരിശോന നടത്തിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പരിശോധന നടത്തിയത്. തുര്‍ക്കിയിലെ വിവാദ ചാരിറ്റി സംഘടനയായ ഐഎച്ച്എച്ചുമായി പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് ചെയര്മാന് ഇ എം അബ്ദുറഹ്മാന്, ദേശീയ കമ്മിറ്റി അംഗം പി. കോയ എന്നിവരാണ് ഐഎച്ച്എച്ച് നേതാക്കളുമായി തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളില്‍ കൂടിക്കാഴ്ച നടത്തിയത്. അതേസമയം ഐ.ഐ.എച്ച് സന്നദ്ധ സംഘടനയാണെന്നും കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. 2018 ഒക്ടോബര്‍ 20ന് ഇസ്താംബുളിലെ ഐ.എച്ച്.എച്ച് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്മാന് ഇ.എം അബ്ദുറഹ്മാന്, ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കോയ, ഐ.എച്ച്.എച്ച് സെക്രട്ടറി ദംറുസ് ഐദിന്‍, വൈസ് പ്രസിഡന്റ് ഹുസൈന് ഒറുക് എന്നിവരുമായായിരുന്നു കൂടിക്കാഴ്ച.തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗാന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഎച്ച്എച്ച്. സന്നദ്ധ, മനുഷ്യാവകാശ മേഖലകളില്‍ ഇടപെടുന്ന ഈ സംഘടനയ്ക്ക് അല്‍ ഖായിദയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മേഖലയിലെ ഭീകരസംഘടനകള്‍ക്ക് ഐഎച്ച്എച്ച് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നാണ് ആരോപണം.
അതേസമയം, ഇഡിയില്‍ നിന്നും മറ്റു കേന്ദ്ര ഏജന്‍സികളില്‍ നിന്നും രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കുന്ന മുറക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് കെഎസ്ഇബിയുടെ നീക്കം. സര്‍വ്വീസിലിരിക്കെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം, കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്ന സംഘടനയുടെ ഭാരവാഹി, വിദേശ നാണയ വിനിയ ചട്ടലംഘനം, രാജ്യതാല്‍പര്യത്തിനെതിരായുള്ള നീക്കങ്ങള്‍ ഇതിലൊക്കെ തന്നെ അന്വേഷണ ഏജന്‍സികള്‍ വ്യക്തത വരുത്തുന്നതോടെ സര്‍വ്വീസ് ചട്ട നിയമം അനുസരിച്ച് കെഎസ്ഇബി തുടര്‍ നടപടിയിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: