കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാം ദിവസവും ചോദ്യം ചെയ്തു വിട്ടു. പലതും മറച്ചുവച്ചും മറവിയെന്നു പറഞ്ഞുമാണ് രവീന്ദ്രന് പ്രതികരിച്ചത്. ഓഫീസ് നടപടികളെല്ലാമൊന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ലെന്നും എം. ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി അന്വേഷിച്ചിട്ടില്ലെന്നുമാണ് രവീന്ദ്രന്റെ വിശദീകരണങ്ങള്‍. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ഇടവേളയില്‍ ആവശ്യമായ വിശ്രമം നല്‍കിയായിരുന്നു ചോദ്യം ചെയ്യല്‍.
വ്യാഴാഴ്ച രാവിലെ 8.30ന് ഇ ഡി ഓഫീസിലെത്തിയ രവീന്ദ്രനില്‍നിന്ന് നാലു വിഷയങ്ങളിലാണ് വിവരങ്ങള്‍ തേടാന്‍ ഇ ഡി നിശ്ചയിച്ചത്. രാത്രി 11.30 കഴിഞ്ഞിട്ടും വിവര ശേഖരണം പൂര്‍ത്തിയാകാത്തതിനാലാണ് ഇന്നലെയും തുടര്‍ന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനത്തില്‍ രവീന്ദ്രന്റെയും ശിവശങ്കറിന്റെയും പങ്ക്, ഊരാളുങ്കല്‍ സൊസൈറ്റിയുമായി രവീന്ദ്രനുള്ള ബന്ധം, രവീന്ദ്രന്റെ സമ്പാദ്യ വിവരങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മേല്‍നോട്ട രീതി എന്നിവയായിരുന്നു അന്വേഷണ വിഷയങ്ങള്‍.
ഓഫീസിലെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നില്ല, പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ഓഫീസും പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ പ്രധാന ഓഫീസിലായിരുന്നില്ല തുടങ്ങിയ മറുപടികളാണ് രവീന്ദ്രന് പറഞ്ഞത്. എന്നാല്‍, കൂടുതല്‍ ചോദ്യങ്ങളില്‍ മറുപടികള്‍ക്കു പകരം മൗനമായിരുന്നു.
ഫയലുകള്‍ പരിശോധിക്കണം, ഓര്‍മയില്ല, അതു സംബന്ധിച്ച് അറിയില്ല, അത് എന്റെ പരിധിയില്‍ വരുന്ന വിഷയമല്ല തുടങ്ങിയ ന്യായീകരണങ്ങളും നിരത്തി. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെങ്കിലും അടക്കി ഭരിച്ചിരുന്നയാള്‍ എന്നായിരുന്നു സഹപ്രവര്‍ത്തകരുടെ പോലും പരാതിയും പറച്ചിലും. പക്ഷേ, രവീന്ദ്രന് ഒന്നും വിട്ടു പറയാന്‍ തയാറായിട്ടില്ല.
എം. ശിവശങ്കര്‍ ചെയ്തതായി ഇ ഡി കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് അറിയില്ല, സ്വപ്നയുമായി ഇടപാടില്ല എന്നിങ്ങനെയാണ് രവീന്ദ്രന്റെ മറുപടികള്‍. എന്നാല്‍, ഊരാളുങ്കല്‍ സൊസൈറ്റിയുമായുള്ള അടുപ്പവും അവരുടെ ഇടപാടുകളുടെ വിവരവും സംബന്ധിച്ച ചോദ്യങ്ങളോട് രവീന്ദ്രന്റെ മറുപടികളില്‍ ഇ ഡി തീരെ തൃപ്തരല്ലെന്നാണ് വിവരം. ഇനിയും ചോദ്യം ചെയ്യല്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: