ശ്ലോകം 280
നാഹം ജീവഃ പരം ബ്രഹ്മേത്യേ-
തദ് വ്യാവൃത്തി പൂര്‍വകം
വാസനാ വേഗതഃ പ്രാപ്ത
സ്വാദ്ധ്യാസാപനയം കുരു
ഞാന്‍ ജീവനല്ല പരബ്രഹ്മമാകുന്നു എന്ന ഭാവന നിലനിര്‍ത്തി അനാത്മ വസ്തുക്കളെയെല്ലാം തള്ളിക്കളഞ്ഞ് വാസനാ വേഗത്താല്‍ വന്നു ചേര്‍ന്ന അദ്ധ്യാസത്തെ നീക്കം ചെയ്യൂ.
ഞാന്‍ പരബ്രഹ്മമാണ് എന്ന ഭാവന നിലനിര്‍ത്താനായാല്‍ ജീവന് എന്ന പരിമിത അവസ്ഥയെ മറികടക്കാനാവും. ശരീരം, മനസ്സ്, ബുദ്ധി എന്നിവയുടെ പരിമിതികളില്‍ ബന്ധിക്കപ്പെട്ടുകിടക്കുകയാണ് ജീവന്. പരമാത്മാ സ്വരൂപത്തെ ആ പരിമിതികളൊന്നും ബാധിക്കുകയില്ല. സര്‍വവ്യാപകനും ശാശ്വതസത്യവുമായ പരമാത്മാവാണ് ഞാന്‍. ഈ പരമാത്മാ ഭാവത്തെ നിരന്തരം ഭാവന ചെയ്യണം.
ഇത്തരത്തിലുള്ള ചിന്ത കൊണ്ട് വാസനകള്‍ മൂലമുണ്ടായ നിഷേധരൂപത്തിലുള്ള ചിന്തകളെ ഇല്ലാതാക്കാം. ഞാന്‍ ഈ ശരീരമാണ്, അല്പനായ ജീവനാണ് എന്നൊക്കെ കരുതുന്നത് വാസനകളുടെ ബലം കൊണ്ടാണ്. അവയെ പൂര്‍ണമായും തള്ളിക്കളയണം. പകരം ഞാന്‍ ബ്രഹ്മമാണ് എന്ന ഭാവനയെ ഉറപ്പിക്കണം. ഇതുവഴി തെറ്റിദ്ധാരണകളെ നീക്കി അദ്ധ്യാസത്തെ ഇല്ലാതാക്കണം.
ബ്രഹ്മത്തില്‍ നിന്ന് വേറിട്ടതിനെയൊക്കെ അഥവാ അനാത്മവസ്തുക്കളെയെല്ലാം തള്ളുന്നതാണ് അതദ് വ്യാവൃത്തി. അനാദികാലമായി അനാത്മ വാസനകളുടെ വേഗം കൊണ്ടാണ് അദ്ധ്യാസം ഉണ്ടായിരിക്കുന്നത്. ഇതിനെയാണ് നീക്കേണ്ടത്. ജീവന് ഉപാധികളിലുള്ള അഭിമാനത്തെ വിട്ടാല്‍ പിന്നെ ബ്രഹ്മം തന്നെയായി. താന്‍ ആ ബ്രഹ്മം തന്നെയാണ് എന്ന ബോധത്തെ ഉറപ്പിച്ച് അദ്ധ്യാസമകറ്റണം.
ശ്ലോകം 281
ശ്രുത്യാ യുക്ത്യാ സ്വാനുഭൂത്യാ
ജ്ഞാത്വാ സാര്വാത്മ്യമാത്മനഃ
ക്വചിദാഭാസതഃ പ്രാപ്ത-
സ്വാദ്ധ്യാസാപനയം കുരു
ശ്രുതി, യുക്തി, അനുഭൂതി എന്നിവ കൊണ്ട് സര്‍വഭൂതാന്തരാത്മാവാണ് ഞാന്‍ എന്നറിഞ്ഞ് സ്വന്തം അദ്ധ്യാസത്തെ അല്പം പോലും ബാക്കി വെയ്ക്കാതെ നീക്കണം.
ശ്രുതി, യുക്തി, അനുഭൂതി എന്നീ മൂന്ന് കാര്യങ്ങളാല്‍ ഉറപ്പിച്ചാലേ ഏത് കാര്യവും വേണ്ട പോലെ ആയി എന്ന് പറയുവാനാവൂ.
ശ്രുതി എന്തെന്ന് ഉപനിഷത്ത് ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ ഗുരുമുഖത്തില്‍ നിന്ന് അവ കേള്‍ക്കണം പഠിക്കണം. പിന്നെ അതിനനുസരിച്ച് ചിന്തിക്കണം. ആത്മൈവേദം സര്‍വം ഇക്കാണുന്നതെല്ലാം ആത്മാവാണ് എന്നതുപോലെയുള്ള ശ്രുതി വാക്യങ്ങള്‍.
യുക്ത്യാശ്രവണം ചെയ്തതിനെ യുക്തിയുക്തമായി മനനം ചെയ്ത് ഉറപ്പിക്കണം.
‘തമേവ ഭാന്തമനുഭാതി സര്‍വം തസ്യ ഭാസാ സര്‍വമിദം വിഭാതി’ ആത്മാവിന്റെ പ്രകാശമാണ് എല്ലാറ്റിനും, ആ പ്രകാശത്താല്‍ ഇക്കാണുന്നതെല്ലാം പ്രകാശിക്കുന്നു എന്നത് ശ്രുതിക്കനുസരിച്ച യുക്തിയാണ്.
സ്വാനുഭൂത്യാ ആ അറിവിനെ അവനവന്റെ അനുഭവവും അനുഭൂതിയുമാക്കി മാറ്റണം.
ഇവ മൂന്നിലൂടെയും താന്‍ സര്വഭൂതാന്തരാത്മാവെന്ന് സ്വയം ബോധ്യമായി ഒന്നും അവശേഷിക്കാതെ അഹന്താ രൂപമായ അദ്ധ്യാസത്തെ നീക്കം ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: