കൊല്‍ക്കത്ത: മുന്‍ മന്ത്രിയും തൃണമൂലിന്റെ കരുത്തനായ നേതാവുമായ സുവേന്ദു അധികാരി പാര്‍ട്ടി വിട്ടു. രണ്ടു ദിവസത്തിനുള്ളില്‍ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. മിഡ്നാപൂര്‍ മേഖലയിലെ ശക്തനായ തൃണമൂല്‍ നേതാവായിരുന്ന സുവേന്ദുവിന് അമ്പതു നിയമസഭാ മണ്ഡലങ്ങളില്‍ സ്വാധീനമുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടേയും അനന്തരവന് അഭിഷേക് ബാനര്‍ജിയുടേയും നയങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം മന്ത്രിസഭയില്‍ നിന്ന് രാജിവച്ച സുവേന്ദു ബുധനാഴ്ച എംഎല്‍എ സ്ഥാനവും ഒഴിഞ്ഞിരുന്നു. പാര്‍ട്ടിയില്‍ നിന്നുള്ള രാജിക്കത്ത് ഇന്നലെ മമതയ്ക്കു നല്കി.
സംസ്ഥാനത്തുടനീളം അനുയായികളുടെ വലിയ നിരയുള്ള സുവേന്ദു കുറച്ചു നാളുകളായി തൃണമൂലില്‍ മമതക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. അഭിഷേക് മുഖര്‍ജിയും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ആസൂത്രകന്‍ പ്രശാന്ത് കിഷോറും ചേര്‍ന്നെടുക്കുന്ന ഏകപക്ഷീയ തീരുമാനങ്ങളില്‍ സുവേന്ദു വിയോജിപ്പ് അറിയിച്ചിരുന്നു. തൃണമൂല്‍ സ്ഥാപിച്ചതു മുതല്‍ വലംകൈ ആയി നിന്ന് മമതയെ മുഖ്യമന്ത്രി പദം വരെയെത്തിക്കാന്‍ പരിശ്രമിച്ച സുവേന്ദുവിന്റെ നിര്‍ദേശങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം വില നല്‍കിയില്ല. തൃണമൂലീനെ അധികാരത്തില്‍ എത്തിച്ച നന്ദിഗ്രാം സമരത്തിന്റെ സംഘാടകനായിരുന്ന സുവേന്ദുവിനെ അവഗണിക്കുന്ന നിലപാടാണ് മമതയും സ്വീകരിച്ചത്. കിഴക്കന്‍ മിഡ്നാപൂരിലെ നന്ദിഗ്രാമിനെയാണ് സുവേന്ദു നിയമസഭയില്‍ പ്രതിനിധാനം ചെയ്തിരുന്നത്.
പാര്‍ട്ടി പരിപാടികളില്‍ നിന്നു മാറി നിന്ന സുവേന്ദു മിഡ്നാപൂരില്‍ പലയിടത്തും സ്വന്തം നിലയ്ക്ക് സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് മമതയെ വെല്ലുവിളിച്ചു. സുവേന്ദുവിനെ അനുനയിപ്പിക്കാനുള്ള തൃണമൂല്‍ നേതാക്കളുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. തൃണമൂലുമായുള്ള ബന്ധം അടഞ്ഞ അധ്യായമാണെന്നാണ് സുവേന്ദു മറുപടി നല്‍കിയത്. കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് രാഹുല്‍ ഗാന്ധി രംഗത്തു വന്നെങ്കിലും സുവേന്ദു നിരസിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊല്‍ക്കത്തയില്‍ എത്തുമ്പോള്‍ സുവേന്ദു ബിജെപിയില്‍ ചേരുമെന്നാണ് സൂചന. ഈ മാസം 19നും 20തിനുമാണ് അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം. സുവേന്ദുവിന്റെ അച്ഛനും സഹോദരങ്ങളും രണ്ട് ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നും ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച മിഡ്നാപൂര്‍ മേഖലയില്‍ അമിത് ഷാ ബിജെപി റാലിയെ അഭിസംബോധന ചെയ്യുന്നുണ്ട്.
സുവേന്ദുവിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിവിടാന്‍ ഒരുങ്ങുന്നു. കേണല്‍ (റിട്ട.) ദീപ്താങ്ഷു ചൗധരി സൗത്ത് ബംഗാള്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (എസ്ബിഎസ്ടിസി) ചെയര്മാന് സ്ഥാനം രാജിവച്ച് മമതയ്ക്കു കത്ത് നല്കി.
പാര്‍ട്ടിയില്‍ നിന്നു രാജിവക്കുമെന്ന് തൃണമൂല്‍ വിമതനും എംഎല്‍എയുമായ ജിതേന്ദ്ര തിവാരി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പശ്ചിമ ബര്ദാന് ജില്ലാ പ്രസിഡന്റ് സ്ഥാനവും അസന്‍സോള്‍ മുനിസിപ്പല്‍ കോര്പ്പറേഷന് ഭരണസമിതി ചെയര്മാന് സ്ഥാനവും ജിതേന്ദ്ര രാജിവെച്ചു. ബിജെപിയില്‍ ചേരുമെന്ന് സുവേന്ദു അധികാരി തന്നോട് പറഞ്ഞതായി ജിതേന്ദ്ര വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: