കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവാകുന്ന പണം നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ നല്‍കി ബോര്‍ഡും പോസ്റ്ററും ഒഴിവാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി.ആര്‍. മഞ്ജീഷിന് ഉജ്ജ്വല വിജയം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായ കുറിച്ചി പഞ്ചായത്ത് ഒമ്പതാം വാര്‍ഡായ പുളിമൂട്ടില്‍ നിന്ന് മുന്നൂറില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മഞ്ജീഷ് വിജയിച്ചത്.
തെരഞ്ഞെടുപ്പില്‍ ഒരു പോസ്റ്റര്‍ പോലും സ്ഥാപിക്കാതെ പ്രചാരണത്തിന് ചെലവാക്കേണ്ട പണം മുഴുവന്‍ വാര്‍ഡിലെ നിര്‍ദ്ധനനായ ഒരു വ്യക്തിക്ക് വീട് വയ്‌ക്കുവാന്‍ നല്‍കുകയായിരുന്നു മഞ്ജീഷ്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെല്ലാം സ്ഥാനാര്‍ത്ഥികള്‍ മത്സരബുദ്ധിയോടെ പഞ്ചവര്‍ണ്ണ പോസ്റ്ററുകളാല്‍ അലംകൃതമാക്കിയപ്പോഴാണ് വിവിധ കളറിലും വലുപ്പത്തിലുമുള്ള പോസ്റ്ററുകളും ബോര്‍ഡുകളും പടിക്ക് പുറത്തുനിര്‍ത്തി മഞജീഷ് എന്ന യുവത്വം ജനങ്ങളുടെ മുന്നിലേക്കെത്തിയത്.
പ്രചാരണമില്ലാതെ ഒരു തെരഞ്ഞെടുപ്പ് മത്സരം ആര്‍ക്കും ചിന്തിക്കാന്‍ പോലും വയ്യ. ഇവിടെയാണ് ബിജെപി ചങ്ങനാശ്ശേരി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കൂടിയായ മഞ്ജീഷിന്റെ മാനുഷിക ധര്‍മ്മവും സാമൂഹ്യ ബോധവും കരുതലും ജനശ്രദ്ധ നേടിയത്. പരസ്യ പ്രചാരണമില്ലാതെ മത്സരിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചു. സഹപ്രവര്‍ത്തകര്‍ പലരും നിരുത്സാഹപ്പെടുത്തി. എന്നാല്‍ മഞ്ജീഷിലെ മാനവികത അതൊന്നും കൂട്ടാക്കിയില്ല. നിലവില്‍ കുറിച്ചി പഞ്ചായത്തിലെ വാര്‍ഡ് അംഗമായിരുന്ന അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനവും ജനകീയതയും ജനമനസുകളില്‍ പതിഞ്ഞിരുന്നു. അതെല്ലാം വോട്ടായി മാറി. കഴിഞ്ഞ തവണ വിജയിച്ച വാര്‍ഡ് വനിത ആയതോടെയാണ് ഒമ്പതാം വാര്‍ഡ് മത്സരത്തിനായി തെരഞ്ഞെടുത്തത്. വാര്‍ഡ് മാറിയെങ്കിലും ഈ ജനകീയനെ നെഞ്ചിലേറ്റാന്‍ രാഷ്‌ട്രീയമോ മതമോ വിലങ്ങുതടിയായില്ല. ഈ മികച്ച വിജയം ജനപ്രതിനിധി എന്ന നിലയ്‌ക്കുള്ള സുതാര്യ പ്രവര്‍ത്തനങ്ങളുടെ അര്‍ഹതക്കുള്ള അംഗീകാരമാണ്. ജന്മഭൂമി ചിങ്ങവനം ലേഖകന്‍ കൂടിയാണ് മഞ്ജീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: