തിരുവനന്തപുരം: അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് അയച്ച മുഖ്യമന്ത്രി പിണറായി വിജയന് തന്റെ അടുത്ത അനുയായി ചോദ്യം ചെയ്യലിനു ഹാജരായപ്പോള്‍ അടവ് മാറ്റി. കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തന്റെ അഡീഷണന്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് വന്നതോടെയാണ് കത്തെഴുതല്‍.
സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്നതെന്നാണ് കത്തില്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകാന്‍ പ്രധാനമന്ത്രി ഇടപെടണം. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിര്‍ണയിച്ചിട്ടുണ്ട്.
എന്താണോ കണ്ടെത്തേണ്ടത്, അതില്‍നിന്ന് മാറി സര്‍ക്കാരിന്റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമില്ല. ആരോപണങ്ങളുടെ സത്യം കണ്ടെത്താനുള്ള എല്ലാ അവകാശവും കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. എന്നാല്‍ അവരുടെ അധികാരത്തിനപ്പുറത്തേക്ക് നീങ്ങുന്നത് അന്വേഷണ ഏജന്‍സികളുടെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. ജൂലൈ എട്ടിനാണ് മുഖ്യമന്ത്രി ഏജന്‍സികളുടെ അന്വേഷണവും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: