കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രവര്ത്തനാധികാര പരിധി ലംഘിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിക്കേസില്‍ സിബിഐ അന്വേഷണത്തിന് ഭാഗികമായി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വാദത്തിലാണ് കേന്ദ്ര നിലപാട്. അതേസമയം കരാറിനെക്കുറിച്ച് ഹൈക്കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. വാദം തിങ്കളാഴ്ചയും നടക്കും. സ്റ്റേ അതുവരെ തുടരും.
ഗുരുതരമയ സാമ്പത്തിക കുറ്റകൃത്യമായതിനാല്‍, അഴിമതി നടന്നോ എന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണ്. സിബിഐക്ക് അന്വേഷണത്തിന് അധികാരമുണ്ട്, കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കേന്ദ്ര നിലപാട് ഇതായിരിക്കെയാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടതി വാക്കാല്‍ പറഞ്ഞു. റെഡ്ക്രസന്റില്‍നിന്ന് പണം കൈപ്പറ്റാനുള്ള ഉപകരണമായി പ്രതികള്‍ യൂണീടാക്കിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ലൈഫ് മിഷന് കരാറില്‍ പദ്ധതിക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചോ, എങ്കില്‍ അതിന്റെ കരാര്‍ എവിടെ? എന്ത് അടിസ്ഥാനത്തിലാണ് ഭൂമി അനുവദിച്ചത്? ഭൂമി ആര്‍ക്കാണ് അനുവദിച്ചത്? യൂണീടാക് കമ്പനിയുമായി ഒപ്പിട്ട ധാരണാപത്രം നിലനില്‍ക്കുമോ എന്ന കാര്യം പരിഗണിക്കുകയാണ്. എംഒയുവിന്റെ അടിസ്ഥാനത്തില്‍ ഭൂമി എങ്ങനെ യൂണീടാക്കിന് കൈമാറും? കോടതി ചോദിച്ചു.
ലൈഫ് മിഷന് കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ എല്ലാം ചെയ്തത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് ഓര്മ വേണമെന്നും അവര്‍ സര്‍ക്കാരിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു. ഈ കാര്യങ്ങളിലെല്ലാം സത്യവാങ്മൂലം നല്‍കണമെന്ന് സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ അനാവശ്യമായി കേസില്‍പ്പെടുത്തി ആത്മവിശ്വാസം തകര്‍ക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ഏതെങ്കിലും ഉദ്യോഗസ്ഥന് കൈക്കൂലി വാങ്ങിയെങ്കില്‍ അന്വേഷിക്കും, വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ പറഞ്ഞു.
ലൈഫ് സിഇഒ യു.വി. ജോസ് കരാറില്‍ ഒപ്പിട്ടത് ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായാണ്, അഴിമതിയല്ല കേസ്, മറിച്ച് വിദേശ സംഭാവന നിയന്ത്രണച്ചട്ട ലംഘനമാണ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സര്‍ക്കാര്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: