പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഒരാഴ്ചത്തേക്ക് സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചതായും ചുമതലകള്‍ വീട്ടിലിരുന്ന് വഹിക്കുമെന്നും പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.
പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടയുടനെ തന്നെ അദ്ദേഹം പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഈയാഴ്ച ആദ്യം സര്‍ക്കാര്‍ നീക്കിയിരുന്നു. എന്നാല്‍ വൈറസ് വ്യാപനം ഇപ്പോഴും ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. കോവിഡ് ബാധിച്ച് 59,300 പേരാണ് ഫ്രാന്‍സില്‍ മരിച്ചത്. ബുധനാഴ്ച മാത്രം 17,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാത്രി എട്ടുമണിമുതല്‍ രാത്രികാല കര്‍ഫ്യൂ തുടരുന്നുണ്ട്. റെസ്റ്റോറന്റുകളും കഫേകളും തിയേറ്ററുകളും ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്. ഡിസംബര്‍ 17 വരെ 24 ലക്ഷത്തിലധികം കോവിഡ് -19 കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: