ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കാര്യമായ താത്പര്യമില്ലേ?. പ്രതിരോധമന്ത്രാലയുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സമിതി യോഗങ്ങളിലെ അദ്ദേഹത്തിന്റെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഇതാണ്. വ്യാഴാഴ്ച നടന്ന സമിതിയുടെ യോഗത്തില്‍നിന്ന് രാഹുല്‍ ഗാന്ധി അടക്കം മൂന്ന് എംപിമാര്‍ ഇറങ്ങിപ്പോയിയിരുന്നു.
പിന്നാലെ രാഹുല്‍ ഗാന്ധിയുടെ നടപടിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തി. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ നടന്ന സമിതിയുടെ 14 യോഗങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് രാഹുല്‍ പങ്കെടുത്തതെന്നും ശേഷം പ്രധാന വിഷയങ്ങള്‍ എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ലെന്ന് അദ്ദേഹം പരാതിപ്പെടുകയാണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
പ്രധാനപ്പെട്ട വിഷയങ്ങള്‍ക്കു പകരം ചെറിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്തിനാണെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. ഒരുവര്‍ഷത്തെ അജണ്ട തീരുമാനിക്കാനുള്ള യോഗങ്ങളുണ്ടെന്ന കാര്യം അദ്ദേഹത്തിന് അറിയില്ലായിരിക്കാമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് അദ്ദേഹമുണ്ടായിരുന്നില്ല. സംസാരിക്കാനുള്ള ഉചിതമായ സമയത്ത് രാഹുല്‍ഗാന്ധി മിണ്ടില്ല. രാഹുല്‍ ഗാന്ധിയുടെ സഹപ്രവര്‍ത്തരും ഇത് പിന്തുടരും.
എന്നിട്ട് കേന്ദ്രസര്‍ക്കാരും ബിജെപിയും പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തുമെന്നും പ്രകാശ് ജാവദേക്കര്‍ ചൂണ്ടിക്കാട്ടി. കര, നാവിക, വ്യോമ സോംഗങ്ങളുടെ യൂണിഫോം പരിഷ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍നിന്നാണ് രാഹുലും കൂട്ടരും ഇറങ്ങിപ്പോയത്. യോഗത്തിനിടെ ചൈനീസ് കടന്നുകയറ്റം ചര്‍ച്ച ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
എന്നാല്‍ അജണ്ടയ്ക്കു പുറത്തുള്ള വിഷയം ചര്‍ച്ചയ്ക്ക് എടുക്കാനാവില്ലെന്ന് സമിതി ചെയര്മാന് ജ്യൂവല്‍ ഓറം വ്യക്തമാക്കി. തുടര്‍ന്ന് സംസാരിക്കുന്നതില്‍നിന്ന് രാഹുലിനെ വിലക്കുകയും ചെയ്തു. പിന്നാലെയാണ് കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതവ്, രേവന്ത് റെഡ്ഡി എന്നിവര്‍ക്കൊപ്പം ഇറങ്ങിപ്പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: