തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ നേതൃത്വത്തിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് പോസ്റ്ററുകള്‍. കോണ്‍ഗ്രസ്സിന്റെ ഭാഗത്തു നിന്നും വന്‍ വീഴ്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നും ഇതില്‍ ആരോപിക്കുന്നുണ്ട്. കെപിസിസി ആസ്ഥാനത്തും തിരുവനന്തപുരത്തിന്റെ വിവിധ പ്രദേശങ്ങളിലുമായി യൂത്ത് കോണ്‍ഗ്രസ്സിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരത്തെ സീറ്റ് വിറ്റു. കെപിസിസി തലത്തിലും ജില്ലാ തലത്തിലും മാറ്റം കൊണ്ടുവരണം. മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരെ പുറത്താക്കാനും പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്. നേതാക്കള്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ മറ്റ് പാര്‍ട്ടിയിലേക്ക് പോകുന്നതെന്ന് നേരത്തെ കെ. സുധാകരനും വിമര്‍ശിച്ചിരുന്നു.
സംസ്ഥാന നേതൃത്വത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് അഴിച്ചുപണി നടത്തണം. രാഹുലിനെ നേരിട്ടുകണ്ട് ഇക്കാര്യങ്ങള്‍ ധരിപ്പിക്കും. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലയില്‍ കോണ്‍ഗ്രസ് പിന്നിലായതില്‍ ആത്മപരിശോധന വേണം. സ്വന്തം ജില്ലയില്‍ റിസള്‍ട്ട് ഉണ്ടാക്കാത്ത നേതാവിന് കേരള രാഷ്ട്രീയത്തില്‍ പ്രസക്തിയില്ലെന്ന് അറിയാമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ നിരാശയുണ്ടാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സീറ്റ് കുറഞ്ഞതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. അതിനു പിന്നാലെയാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: