തിരുവനന്തപുരം: ‘ബിജെപിയുടെ അവകാശവാദങ്ങള്‍ തകര്‍ന്നടിഞ്ഞു’. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം തലസ്ഥസ്ഥാനത്തെത്തിയ മുഖ്യമന്ത്രിയുടെ വിലയിരുത്തലാണിത്. തദ്ദേശ സ്ഥാപനങ്ങളില്‍ മികച്ച നേട്ടമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫ്-എല്‍ഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടുണ്ടായിട്ടും ഇരുകൂട്ടര്‍ക്കും വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ബിജെപിയ്ക്കാകട്ടെ നേടിയ സീറ്റുകളിലും പഞ്ചായത്തുകളും ഏറെ കൂടുതലാവുകയും ചെയ്തു. 2015ല്‍ എല്‍ഡിഎഫ് 549 പഞ്ചായത്തുകളുടെ ഭരണം പിടിച്ചിരുന്നു. ഇപ്പോഴത് 514 ആയി കുറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലാണ് നേരിയ വര്‍ധനവുണ്ടായത്. കഴിഞ്ഞ തവണ 90 ഇടം നേടിയപ്പോള്‍ ഇപ്പോഴത് 109 ആയി. കോണ്‍ഗ്രസ് മുന്നണി 2015ല്‍ 365 പഞ്ചായത്ത് പിടിച്ചിരുന്നു. ഇപ്പോഴത് 377 ആയി. മുസ്ലിം ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ സഖ്യമാണ് നേരിയ ഭൂരിപക്ഷത്തിലേക്കെത്തിച്ചത്. കോണ്‍ഗ്രസിന്റെ സ്വാഭാവിക പതനമാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ബിജെപിയുടെ മുന്നേറ്റം മറച്ചുവയ്ക്കാനാണ് ഇരുമുന്നണികളും ബോധപൂര്‍വം ശ്രമിക്കുന്നത്. 2015ല്‍ 12 ഗ്രാമപഞ്ചായത്തുകളുടെ മേല്‍ക്കൈയാണ് ബിജെപിക്കുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 22 ആയി ഉയര്‍ന്നു. ഒരു നഗരസഭയിലാണ് ഭരണമുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് ഇരട്ടിച്ചു. കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന കോട്ടയം, പത്തനംതിട്ട ജില്ലകള്‍ അവരെ കൈവിട്ടു. കേരളമാകെ ബിജെപിയുടെ ശക്തമായ സാന്നിധ്യം പ്രകടമായി. ബിജെപിയെ തോല്‍പ്പിക്കാനുളള അവരുടെ കുതന്ത്രം വലിയ നഷ്ടമാണ് അവര്‍ക്കുണ്ടാക്കിയത്. ഇപ്പോള്‍ തന്നെ സംഘടനാ തലപ്പത്തുള്ള നേതാക്കള്‍ കൂട്ട അടി തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും അത് കൂട്ടത്തല്ലായി വളരും.
ഇടതു മുന്നണിയുടെ ഇപ്പോഴവകാശപ്പെടുന്ന നേട്ടം ജോസ് കെ. മാണിയുമായുള്ള കൂട്ടുകെട്ടുകൊണ്ടാണ്. അതോടൊപ്പം ഐഎന്‍എല്‍ പോലുള്ള പാര്‍ട്ടിയുമായും എസ്ഡിപിഐയുമായിട്ടുള്ള രഹസ്യബാന്ധവവും കൊണ്ടാണ്. അതിനേക്കാള്‍ അവരെ സഹായിച്ചത് പിണറായി വിജയനാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അദ്ദേഹം പൂര്‍ണമായും വിട്ടുനിന്നു. പിണറായിയുടെ ചിത്രം എവിടെയും പ്രദര്‍ശിപ്പിച്ചില്ല. ഈ സര്‍ക്കാരിന് വേണ്ടി വോട്ടു ചോദിച്ചില്ല. കണ്ണൂര്‍ ജില്ലയില്‍ അവസാന നിമിഷം പിണറായി വിജയന് വോട്ടു ചോദിക്കാനിറങ്ങി. കണ്ണൂര്‍ കോര്‍പ്പറേഷനിലടക്കം അതുമൂലം ദയനീയ തോല്‍വിയാണ് ഉണ്ടായത്.
തിരുവനന്തപുരം നഗരസഭയില്‍ ബിജെപിക്ക് വലിയ നഷ്ടമെന്ന് ഇരുമുന്നണികളും പറയുന്നു. വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവന് പറഞ്ഞത് ബിജെപിയെ തോല്‍പ്പിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട് എന്നാണ്. പരസ്പരം ഇരുമുന്നരണികളും വോട്ടുമറിച്ചു. കോണ്‍ഗ്രസുകാര്‍ എല്‍ഡിഎഫിന് വോട്ടു മറിച്ചു നല്കി. പക്ഷേ, അത് എല്‍ഡിഎഫ് തിരിച്ചു നല്‍കിയില്ല. അതുകൊണ്ടാണ് യുഡിഎഫ് സീറ്റ് പകുതിയായി കുറഞ്ഞത്. 21 സീറ്റുണ്ടായിരുന്നവര്‍ക്ക് ഇപ്പോള്‍ പത്തില്‍ ഒതുങ്ങേണ്ടിവന്നു. ബിജെപി 34ല്‍ എത്തിയത് ഇരുകൂട്ടരുടെയും രഹസ്യബാന്ധവങ്ങളെ മറികടന്നാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ചിത്രത്തില്‍ നിന്നു മറഞ്ഞുനിന്ന ഒരേ ഒരു തെരഞ്ഞെടുപ്പാണിത്. പക്ഷേ, ഒരു മന്ത്രി രംഗത്തിറങ്ങിയിരുന്നു. കടകംപള്ളി സുരേന്ദ്രന്. ഈ മന്ത്രി കയറിയിറങ്ങിയ മൂന്നു വാര്‍ഡുകളിലും എല്‍ഡിഎഫ് തോറ്റു. ഈ തെരഞ്ഞെടുപ്പ് എല്ലാവര്ക്കും പാഠമാണ്. പ്രതിയോഗികളുടെ കുതന്ത്രങ്ങളെ മറികടക്കാന്‍ എന്‍ഡിഎ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു എന്നതാണ് സുപ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: