ഓസ്കറിലെ മികച്ച അന്താരാഷ്ട്ര (വിദേശഭാഷ) ചിത്രത്തിനുള്ള ഇന്ത്യന്‍ നാമനിര്‍ദേശം ഇത്തവണ മലയാള ചിത്രമായ ജല്ലിക്കട്ടിനാണ്. മലയാളി എന്ന നിലയില്‍ അഭിമാനിക്കാവുന്ന ഒന്ന്. മലയാള സിനിമ, വിദേശ ഫിലിം ഫെസ്റ്റിവലുകളില്‍ സാന്നിദ്ധ്യം നന്നായി അറിയിച്ച കാലമാണിത്. നിരവധി സിനിമകള്‍ അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധിക്കപ്പെട്ടു.
ടൊറന്റോയില്‍ സമകാലിക ലോകസിനിമയിലും ലണ്ടനില്‍ ‘ഫിലിംസ് ഇന്‍ ത്രില്‍’ വിഭാഗത്തിലുമാണ് ജല്ലിക്കട്ട് പ്രദര്‍ശിപ്പിച്ചത്. അതിനെ ശരിവെക്കുന്ന സിനിമ തന്നെയാണ് ജല്ലിക്കട്ട്. ത്രില്ലര്‍/ഹൊറര്‍/സൈ ഫൈ കാറ്റഗറിയിലെ മികച്ച പത്ത് സിനിമകളിലൊന്നായാണ് ‘റോട്ടണ് ടൊമാറ്റോ’ ടൊറന്റോ കുറിപ്പില്‍ ജെല്ലിക്കട്ട് അവതരിപ്പിക്കപ്പെടുന്നത്. മലയാള മാധ്യമങ്ങളില്‍ കാറ്റഗറി ഒഴിവാക്കി ടൊറന്റോവിലെ മികച്ചത് എന്നാക്കിയെന്ന് മാത്രം. എത് കാറ്റഗറി ആയാലും ഒരു മലയാള സിനിമ അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധിക്കപ്പെടുന്നത് നല്ലതു തന്നെ.
അപാരമായ മേയ്ക്കിങ്ങും അതിലേറെ മികച്ച ഛായാഗ്രഹണവുമാണ് ജല്ലിക്കട്ടിന്റെ പ്ലസ് പോയിന്റ്. ക്യാമറാമാന് ഒരു എ പ്ലസ് റേറ്റിങ്ങ് നിസ്സംശയം നല്‍കാം. ശബ്ദവിന്യാസത്തിലെ എഫക്റ്റ്സ് ഭാഗം നന്നായി വന്നപ്പോള്‍ പശ്ചാത്തല ബഹളം (സംഗീതം?) പലയിടത്തും അസഹനീയമായി മാറി. ക്യാമറ നല്ലതാണെന്ന് പറയുമ്പോഴും സ്ക്രീനില്‍ ക്യാമറ വരച്ചിടേണ്ട സ്പേസ് ഡയമെന്‍ഷന്‍ ഉടനീളം തെറ്റിക്കുന്നുണ്ട് സിനിമയില്‍. വ്യാകരണം തെറ്റിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെങ്കിലും എന്ത് ഗുണമാണതിലൂടെ സിനിമയ്ക്ക് നല്‍കുന്നതെന്ന് ആലോചിക്കേണ്ട കാര്യമാണ്.
എസ്. ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥ മികച്ചൊരു ദൃശ്യാനുഭവം ആയി മാറിയപ്പൊള്‍ ലിജോ ജോസ് ചോര്‍ത്തിക്കളഞ്ഞത് അതിലെ രാഷ്ട്രീയാനുഭവമാണ്. അതേസമയം വേട്ടയാടപ്പെടുന്ന പോത്ത് എന്ന രൂപകത്തെ ( നിരൂപകര്‍ക്ക്) എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചെടുക്കാനുള്ള ഇടം സിനിമ നല്‍കുന്നുണ്ട്. വേട്ടയാടപ്പെടുക എന്നത് ഏത് സന്ദര്‍ഭത്തിലും സ്ഥാപിക്കാവുന്ന സംഗതിയാണ്. അവസാനം ഗുഹാ മനുഷ്യരിലേക്ക് സംവിധായകന് നടത്തുന്ന ആ ജംപ്, ആര്‍ട്ട് ആണോ ആര്ട്ടിഫിഷ്യലാണോ എന്നാണ് സംശയം. അതാവട്ടെ, അതുവരെയുള്ളതിന് വിരുദ്ധമായി, താന്‍ പറയാന്‍ ഉദ്ദേശിച്ചത് ഇതാണെന്ന് കാണികളെ അറിയിക്കാനെന്നോണം ചെയ്ത സ്കൂള്‍ നാടകരംഗം പോലെയായി മാറുകയും, സംവിധായകന്റെ ആത്മവിശ്വാസക്കുറവ് എന്നോണം എറിച്ച് നില്‍ക്കുകയും ചെയ്യുന്നു. കൊള്ളാതെ പോയൊരു വെടിക്ക് പിന്നാലെ ‘ഠോ ‘എന്ന് ഒച്ചവയ്ക്കേണ്ടി വരികയാണ് സംവിധായകന്.
‘വൈല്‍ഡ് ടൈല്‍സ്’ എന്ന സിനിമയില്‍ രണ്ട് കാര്‍ ്രൈഡവര്‍മാര്‍ തമ്മിലുള്ള ഈഗോ ക്ലാഷ്, കൈവിട്ട അക്രമത്തിലേക്കും മൃഗചോദനകളിലേക്കും വളരുന്ന ഒരു ഭാഗമുണ്ട്. ജല്ലിക്കട്ടില്‍ അത് ആള്‍ക്കൂട്ടത്തിലേക്ക് വളരുന്നു. ആള്‍ക്കൂട്ട മനഃശാസ്ത്രത്തിന്റെ ഭീതിതമായ അവസ്ഥയാണ് സിനിമയുടെ വിഷയമെങ്കിലും, ആള്‍ക്കൂട്ടത്തിന്റെ ആണത്ത പ്രഘോഷണത്തിനൊപ്പമാണ് സിനിമ. എതിര്‍ത്ത് നില്ക്കുന്ന നായികയെ ചുംബിച്ച് കീഴടക്കുന്നവന്റെ വിജയാഘോഷം പോലെ.
ഫിലിം മേക്കിംഗില്‍ ലിജോ പുലര്‍ത്തുന്ന കയ്യടക്കവും മികവും ശ്രദ്ധേയം തന്നെ. അതേ സമയം ‘ഈ മ യൗ’ പകര്‍ന്ന ഹൃദ്യമായ സിനിമാനുഭവം ജല്ലിക്കട്ട് പകരുന്നില്ല.
എത്ര മനോഹരമായാലും നെന്മാറ വല്ലങ്കി വേല, വെടിക്കെട്ട് കഴിഞ്ഞാല്‍ കാഴ്ചക്കാരില്‍ ബാക്കി വെക്കുക ക്ഷീണം തന്നെയാണ്. കാഴ്ച്ചയെ വളരെയേറെ സ്പര്‍ശിച്ച് ഹൃദയത്തെ തീരെ സ്പര്‍ശിക്കാതെ, അനുഭവിപ്പിക്കാതെ പോയ ഒന്നായി ജല്ലിക്കട്ട് മാറി. സാങ്കേതിക മികവിനെ മാത്രം ആശ്രയിച്ച് നില്ക്കുന്നതുകൊണ്ട് പ്രൊജക്ഷന്/ശബ്ദ സാങ്കേതിക മികവുകളില്ലാത്ത തിയേറ്റുകളിലും മറ്റു സ്ക്രീനുകളിലും സിനിമ അമ്പേ പരാജയപ്പെടും എന്നതാണ് ടെക്നോ ഇന്റലക്ച്ചല്‍ സിനിമയെന്നോ മെക്കാനിക്കല്‍ സിനിമയെന്നോ വിളിക്കപ്പെടാവുന്ന സിനിമകളുടെ ദുര്യോഗം.
മുപ്പത് കൊല്ലങ്ങള്‍ക്ക് മുന്‍പാണ് ഐ. വി. ശശിയുടെ ‘മൃഗയ’ ഇറങ്ങുന്നത്. ഒരു മലയോര ഗ്രാമത്തിന്റെ സ്വസ്ഥത കെടുത്തിയ പുലിയും പുലിവേട്ടയും ആയിരുന്നു അതിന്റെ വിഷയം. അന്നത്തെ പരിമിതമായ സാങ്കേതികതയില്‍ യഥാര്‍ത്ഥ പുലിയെത്തന്നെ വെച്ച് ആണ് മൃഗയ ചിത്രീകരിച്ചത്. വെടിക്കാരന്‍ വാറുണ്ണിക്ക് പകരം വെടിക്കാരന്‍ കുട്ടിച്ചന് ആയെന്നൊഴിച്ചാല് ഹീറോയിസത്തിന്റെ എഴുന്നള്ളിപ്പ് ആരവങ്ങള്‍ക്ക് അന്നും ഇന്നും വ്യത്യാസമൊന്നുമില്ല. ഇന്ന് കുറച്ച് നിറം കൂട്ടിയിട്ടുണ്ട് എന്നു മാത്രം. മനുഷ്യന്റെ മൃഗയാവിനോദങ്ങള്‍ അവന് പേടിയുള്ള പുലിയില്‍ നിന്നും ആദ്യ വെപ്രാളത്തിനു ശേഷം ശാന്തമായേക്കാവുന്ന, ഒരു പക്ഷേ നിരുപദ്രവിയായേക്കാവുന്ന പോത്തിലേക്ക് എത്തിയെന്ന് മാത്രം. ആകെ വ്യത്യാസം മൃഗയ, മറ്റു ചില മാനുഷിക വികാരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ലളിതമായി പറഞ്ഞു എന്നു മാത്രം. എതിരാളി പുലി ആയതുകൊണ്ടാണോ എന്തോ മനുഷ്യന്റെ ഹിംസാ വാസനകളെപ്പറ്റി, ആള്‍ക്കൂട്ട മനസിനെപ്പറ്റി അന്നാരും ചര്‍ച്ച ചെയ്തതേയില്ല. മുപ്പതു കൊല്ലത്തിനു ശേഷമുള്ള ഇന്നത്തെ സാമൂഹ്യ സ്ഥിതി കൂടുതല്‍ ചര്‍ച്ചകളിലേക്ക് നയിക്കുന്നതാവും.
കല, രാഷ്ട്രീയ ലക്ഷ്യങ്ങളെ ഒന്നായി സംയോജിപ്പിക്കാന്‍ എന്ന ഉദ്ദേശ്യത്തോടെ ജോര്‍ജ് ഓര്‍വല്‍ എഴുതിയ അന്യാപദേശ നോവല്‍ ‘അനിമല്‍ ഫാം’ മനുഷ്യന് എന്ന ഇരുകാലി മൃഗത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുണ്ട്. അതിനു ശേഷം സമാന ആശയത്തില്‍ നിരവധി ചര്‍ച്ചകള്‍ ലോകത്തുണ്ടായിട്ടുമുണ്ട്. ‘രണ്ടു കാലില്‍ നടക്കുന്നതെല്ലാം ശത്രുവാണെന്നും നാലുകാലില്‍ നടക്കുന്നതോ ചിറകുകള് ഉള്ളതോ എല്ലാം സുഹൃത്താ’ണെന്നും ഓര്‍വല്‍ അനിമല്‍ ഫാമില്‍ പറയുന്നുണ്ട്.
‘സഖാക്കളേ, നമ്മള് മൃഗങ്ങളുടെ എല്ലാ പ്രശ്നങ്ങളുടെയും ഉത്തരം ഒറ്റവാക്കില്‍ ചുരുക്കാം. മനുഷ്യന്’ എന്നും അനിമല്‍ ഫാം പറയുന്നു. ജല്ലിക്കട്ടില്‍ ലിജോ ജോസ് അവതരിപ്പിക്കുന്നത് നവീന ആശയമൊന്നുമല്ലെന്ന് ചുരുക്കം.
മനുഷ്യന്റെ മൃഗചോദനകളെ വിമര്‍ശിക്കുന്നതെന്നു പറയുന്ന സിനിമ ഇരയാക്കപ്പെടുന്നവന്റെ (ഇവിടെ പോത്ത്) പക്ഷത്തുനിന്നാണോ സംസാരിക്കുന്നത്? സംശയമാണ്.
ജെല്ലിക്കട്ട് സിനിമയില്‍ മനുഷ്യരെ പ്രോട്ടഗോണിസ്റ്റ് ആയും പോത്തിനെ ആന്റഗോണിസ്റ്റ് ആയും ആണ് അവതരിപ്പിച്ചിരിക്കുന്നത്. പോത്തിന്റെ ഭീഷണമായ അവതരണത്തിനപ്പുറം ഇര ആയിട്ട് എങ്ങനെയാണ് പ്രസന്റ് ചെയ്യപ്പെടുന്നത്?
ഇരയാക്കപ്പെടുന്ന പോത്തിന്റെ വിഹ്വലമായ ഒരു കണ്ണെങ്കിലും ആ സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി. പകരം ഭീഷണമായൊരു ഇര മുഖം ആണ് സിനിമയില്‍ ഉടനീളം. ഒരു നിമിഷമെങ്കിലും ‘പാവം പോത്ത്’ എന്ന തോന്നല്‍ പ്രേക്ഷകനില്‍ ഉണ്ടാക്കാന്‍ കഴിയാത്ത സിനിമ പിന്നെന്താണ് പറയുന്നത്. വേട്ടയാടുന്നവന്റെ വീക്ഷണമാണ് സിനിമ. അതുതന്നെയാണ് സംവിധായകന്റെയും. വേട്ടക്കാരന്റെ കൂടെയാണ് സിനിമ ഉടനീളം. അത് കാണികളിലേക്ക് പകരുന്ന ഉദ്വേഗം പോത്തിനെ കീഴടക്കാനും കൊല്ലാനുള്ള വ്യഗ്രതയും ത്വരയുമാണ്. വില്ലനെ (തിന്മ ) കീഴടക്കുന്ന നായകന്റെ ( നന്മ ) സ്ഥിരം അച്ചില്‍ തന്നെയാണ് ജല്ലിക്കട്ടും.
ആര്‍ക്കിടെക്റ്റ് അല്ല ഒരു കെട്ടിടത്തിനെ വീടാക്കുന്നത്. അതിനുള്ളിലെ ജീവിതമാണ്. ദൗര്‍ഭാഗ്യവശാല്‍ ജെല്ലിക്കട്ടെന്ന മനോഹരമായി ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ച സിനിമക്കുള്ളില്‍ ജീവിത ചിത്രീകരണം ഫലവത്തായില്ല. ജുറാസിക് പാര്‍ക്കും ജാസും കണ്ടപോലെ മലയാളത്തില്‍ മുന്‍ മാതൃകകള്‍ ഇല്ലാത്ത പുറംമോടി കണ്ട് അമ്പരക്കാനും കയ്യടിക്കാനും കഴിയുമെന്ന് മാത്രം.
ഓസ്കര് മത്സരത്തെക്കുറിച്ച് പറയുമ്പോള്‍ ഇന്ത്യയുടെ ദുര്‍ബലമായ നാമനിര്‍ദ്ദേശം മാത്രമായേ ജല്ലിക്കട്ടിനെക്കുറിച്ച് പറയാന്‍ കഴിയൂ. ഓസ്കറിന്റെ പ്രദര്‍ശന, മത്സര, തെരഞ്ഞെടുപ്പ് ഘടനാ രീതികള്‍ അങ്ങനെയാണ്. അക്കാദമി അംഗങ്ങളുടെ ശ്രദ്ധയിലേക്ക് ഒരു സിനിമ എത്തിക്കുക എന്നത് ശ്രമകരമാണ്. മലയാള മാധ്യമങ്ങളിലെ നല്ല പേരും പ്രചരണങ്ങളും കൊണ്ട് അതൊട്ട് സാധ്യമല്ല താനും. ആ നിലയില്‍ ചൈതന്യ തമാനേ സംവിധാനം ചെയ്ത ‘ദി ഡിസൈപ്പിള്‍’ എന്ന മറാത്തി ചിത്രം അവാര്‍ഡ് സാധ്യതയുള്ള മികച്ച നാമനിര്‍ദ്ദേശം ആകുമായിരുന്നു. തമാനയുടെ മുന്‍ ചിത്രമായ കോര്‍ട്ട് ഇതേ അവാര്‍ഡിന് ഇന്ത്യന്‍ എന്‍ട്രിയായി മല്‍സരിച്ചിട്ടുമുണ്ട്. അതിലുപരി രണ്ട് ദശാബ്ദത്തിനു ശേഷം വെനീസ് ഫെസ്റ്റിഫലില്‍ പ്രധാന മത്സര വിഭാഗത്തില്‍ ഇടം കിട്ടിയ ഇന്ത്യന്‍ ചിത്രമാണത്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും മികച്ച സിനിമക്കുള്ള ഫിപ്രസ്കി അവാര്‍ഡും ഡിസൈപ്പിള്‍ അവിടെ നേടുകയും ചെയ്തു. ടൊറന്റോയിലും ചിത്രം അവാര്‍ഡ് നേടി. സര്‍വോപരി നിരവധി ഓസ്കാറുകള്‍ നേടിയ റോമയുടെയും ഗ്രാവിറ്റിയുടെയും സംവിധായകന് അല്‍ഫോന്‍സോ കുറാന് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആണെന്നത് ഡിസൈപ്പിളിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചേനെ. കാരണം പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ലോകസിനിമയിലെ ഏറ്റവും മൂല്യമുള്ള പേരുകളില്‍ ഒന്നാണ് കുറാന്.
കെ.ജെ. സിജു
പ്രതികരിക്കാൻ ഇവിടെ എഴുതുക: