തിരുവനന്തപുരം: ഏഴു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ശ്രീശാന്തിനെ കേരള ടീമില്‍ ഉള്‍പ്പെടുത്തി. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള സാധ്യതാ ടീമിലാണ് ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയത്. ജനുവരി 10 മുതല്‍ 31 വരെയാണ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് നടക്കുക.
2013 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. വ്യക്തമായ തെളിവ് ലഭിക്കാത്തതിനാല്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്. കേരള രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കെസിഎ ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ കെസിഎ സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് കപ്പ് ട്വന്റി20യില്‍ കളിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കെസിഎ ടൈഗേഴ്‌സ് ടീമിലാണ് ശ്രീശാന്ത് കളിക്കുക. റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 26 പേരുടെ സാധ്യത പട്ടികയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: