ഭാരതം ലോകത്തിനു നല്കിയ സംഭാവനയാണ് ആയുര്‍വ്വേദം. യുഗങ്ങള്‍ക്ക് മുമ്പ് ഭാരതത്തില്‍ ഉടലെടുത്ത ഈ ശാസ്ത്രം വിദൂര ദേശങ്ങളിലും പ്രചാരത്തില്‍ ഉണ്ടായിരുന്നു. അശ്വിനീദേവന്മാരായ ദസ്രന്റെയും നാസത്യന്റെയും പേരുകള്‍, വടക്കു പടിഞ്ഞാറന്‍ തുര്‍ക്കിയിലെ കപ്പഡോക്കിയ പ്രദേശത്തുള്ള ബോഘാസ് കോയിയില്‍ നിന്നും ഉല്ഖനനം ചെയ്തെടുത്ത മുദ്രകളില്‍ കാണുന്നത് ആയുര്‍വ്വേദത്തിന്റെ പഴമയെ സൂചിപ്പിക്കുന്നു. ചൈനയിലെ തുര്‍ക്കിസ്ഥാനിലെ കുച്ചാര്‍ എന്ന പ്രദേശത്തുള്ള ഒരു ബുദ്ധവിഹാരത്തിന്റെ അവശിഷ്ടങ്ങളുടെ ഉള്ളില്‍ നിന്ന് നാവനീതകം എന്ന ആയുര്‍വ്വേദ ഗ്രന്ഥം കണ്ടെടുത്തതും ആയുര്‍വ്വേദത്തിന്റെ പൗരാണികതയെ വെളിപ്പെടുത്തുന്നു. തുര്‍ക്കിയിലെ കാസ്പിയന്‍ സമുദ്രത്തിന് ആ പേര് ലഭിച്ചത് ഭാരതീയര്‍ ആരാധിക്കുന്ന കാശ്യപമഹര്ഷിയില് നിന്നാണെന്നു പുരാവസ്തു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
കാലക്രമേണ ആയുര്‍വ്വേദം എട്ടു വിഭാഗങ്ങളുള്ള അഷ്ടാംഗ ആയുര്‍വ്വേദമായി രൂപാന്തരപ്പെട്ടു. കായചികിത്സ, ശല്യതന്ത്രം, ശാലാകൃതന്ത്രം, കൗമാരഭൃത്യ, അഗദതന്ത്രം, ഭൂതവിദ്യ, രസായനം, വാജീകരണം എന്നിവയാണ് ഈ എട്ട് അംഗങ്ങള്‍. ആത്രേയ വൈദ്യ പാരമ്പര്യത്തില്‍ നിന്നുത്ഭവിച്ച ചരകസംഹിതയാണ് കായചികിത്സയുടെ ആധികാരിക ഗ്രന്ഥം. ശല്യ-ശാലാക്യതന്ത്രങ്ങളെ ആധാരമാക്കിയുള്ള ആയുര്‍വ്വേദ ശസ്ത്രക്രിയാ ശാസ്ത്രത്തിന്റെ അടിസ്ഥാന ഗ്രന്ഥം ആണ് സുശ്രുത സംഹിത. ശസ്ത്രക്രിയയെ പ്രായോഗിക തലത്തിലേക്കു കൊണ്ടുവരുന്നതിനു പ്രധാന പങ്കുവഹിച്ചത് സുശ്രുത സംഹിത ആകുന്നു.
ആയുര്‍വ്വേദത്തിനു ബൗദ്ധകാലത്തു വലിയ പ്രോത്സാഹനം ലഭിച്ചിരുന്നു. ആതുരസേവനം മഹത്തായ കര്‍മ്മമായി ശ്രീബുദ്ധന്റെ അനുയായികള്‍ കരുതിയിരുന്നു. പക്ഷെ ആയുര്‍വ്വേദ ശസ്ത്രക്രിയാശാസ്ത്രത്തിനുവലിയ തിരിച്ചടി പില്ക്കാലത്തെ ബൗദ്ധ സമൂഹത്തില്‍ നിന്നു ഉണ്ടായി. മൃഗബലിയും ശവശരീരങ്ങളെ കീറിമുറിച്ചു പഠിക്കുന്നതും ബുദ്ധമത ആചാര്യന്മാര് വിലക്കിയതിനാല്‍ ആയുര്‍വ്വേദ ശസ്ത്രക്രിയയുടെ പുരോഗതിയും പ്രചാരവും നിലച്ചു. എന്നാല്‍ ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ പോലും ക്രി.പി. 6-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജീവകന് എന്ന മഹാനായ ഭിഷഗ്വരന് അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ശ്രീബുദ്ധന്റെ ആരോഗ്യ പാലനത്തിന്റെ ചുമതല വഹിച്ചിരുന്ന ജീവകന് വിജയകരമായി തലയോട്ടിയില്‍ ശസ്ത്രക്രിയ (രൃമിശമഹ ടൗൃഴലൃ്യ) നടത്തിയിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. ദുഷ്കരങ്ങളായ തിമിരശസ്ത്രക്രിയ, മൂത്രാശയത്തിലെ കല്ലുപുറത്തെടുക്കല്, സൗന്ദര്യ വര്ദ്ധകശസ്ത്രക്രിയ (ജഹമേെശര ൗെൃഴലൃ്യ) എന്നിവ സുശ്രുതന് വിജയകരമായി നടത്തിയിരുന്നു.
പത്താം നൂറ്റാണ്ടു മുതല്‍ ഭാരതത്തില്‍ നടമാടാന് തുടങ്ങിയ ഇസ്ലാമിക അധിനിവേശം ആയുര്‍വ്വേദത്തെ പ്രതികൂലമായി ബാധിച്ചു. മുസ്ലിം സുല്ത്താന്മാര്ക്ക് ആയുര്‍വ്വേദത്തോടു പ്രതിപത്തി ഇല്ലാതിരുന്നതിനാല്‍ ആയുര്‍വ്വേദം സാവധാനത്തില്‍ അധ:പതിക്കാന്‍ തുടങ്ങി. പുരോഹിതവര്‍ഗ്ഗത്തിനു ശവശരീരങ്ങളോടും രക്തത്തോടും ഉണ്ടായിരുന്ന വെറുപ്പ് ആയുര്‍വ്വേദ ശസ്ത്രക്രിയയുടെ അധ:പതനത്തിനു മറ്റൊരു കാരണമായി.
ഇസ്ലാമിക അധിനിവേശത്തോടൊപ്പം ഭാരതത്തിലേക്കു കടന്നു വന്ന യവന അറബി വൈദ്യം (ഏൃലരീ അൃമയശര ാലറശരശില) സാവധാനത്തില്‍ പ്രചാരം നേടാന്‍ തുടങ്ങി. പേര്‍ഷ്യന്‍-അറബി വൈദ്യന്മാരുടെ താല്പര്യ പ്രകാരം യവന- അറബി വൈദ്യത്തിന്റെയും ആയുര്‍വ്വേദത്തിന്റെയും സങ്കരമായ യുനാനി വൈദ്യം ഉത്തര ഭാരതത്തില്‍ ഉടലെടുത്തു. ഇസ്ലാമിക സുല്ത്താന്മാര്ക്കു സ്വാഭാവികമായി യുനാനിയോട് തോന്നിയ അഭിനിവേശം കാരണം ആയുര്‍വ്വേദം രക്ഷാധികാരികളുടെ അഭാവത്താല്‍ ക്ഷീണിക്കാന്‍ തുടങ്ങി
പോര്‍ച്ചുഗീസുകാരുടെ വരവോടെ ആണ് ആധുനിക പാശ്ചാത്യവൈദ്യം ഭാരതത്തില്‍ പ്രത്യക്ഷപ്പെട്ടത്. അല്‍ഫോണ്‍സാ ദെ അല്‍ബുക്കര്‍ക്ക് 1510 ല്‍ ഗോവാ കീഴടക്കിയതിനു ശേഷം അവിടെ ഹോസ്പിറ്റല്‍ റിയാല്‍ (രാജകീയ ആശുപത്രി) എന്ന സ്ഥാപനം ആരംഭിച്ചു. 1703 ല്‍ അവിടെ പ്രാഥമികമായ രീതിയില്‍ പാശ്ചാത്യ വൈദ്യം പഠിപ്പിക്കാന്‍ തുടങ്ങി. 1842 ല്‍ ഈ സ്ഥാപനം സ്കൂള്‍ ഓഫ് മെഡിസിന് ആന്റ് സര്‍ജറി എന്ന നിലയിലേക്ക് ഉയര്‍ത്തപ്പെട്ടു. പോര്‍ച്ചുഗീസുകാരോടൊപ്പം ഭാരതത്തിലേക്കു കടന്നുവന്ന പാശ്ചാത്യ വൈദ്യത്തെ ഈ രാജ്യത്തുസ്ഥിരമായി പ്രതിഷ്ഠിച്ചതു ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ആയിരുന്നു.
1937 ല്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വടക്കന്‍ പ്രവിശ്യകളില്‍ ഭരണം കൈയ്യാളാന്‍ തുടങ്ങിയപ്പോള്‍ തന്നെ അവര്‍ ആയുര്വ്വദത്തെ പിന്‍നിരയിലേക്കു തള്ളാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഔദ്യോഗിക ധനസഹായത്തിന്റെ സിംഹഭാഗവും പാശ്ചാത്യവൈദ്യത്തിന്റെ വളര്‍ച്ചയ്ക്കാണ് ഉപയോഗിച്ചത്. കൊളോണിയല്‍ ഭരണകൂടം നിയോഗിച്ച സര് വില്ല്യം ജോസഫ് ഭോറിന്റെ നേതൃത്വത്തിലുള്ള കമ്മീഷന് അവരുടെ ശുപാര്‍ശകള്‍ 1943 ല്‍ സമര്‍പ്പിച്ചു. ഭോര്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ സ്വാതന്ത്ര്യാനന്തര ഭാരത സര്‍ക്കാര്‍ നടപ്പിലാക്കി. അങ്ങനെ പാശ്ചാത്യ വൈദ്യം ഭാരതത്തിന്റെ ഔദ്യോഗിക വൈദ്യ സമ്പ്രദായം ആയിത്തീര്‍ന്നു.
സ്വാതന്ത്ര്യാനന്തര സ്ഥിതിയും ആയുര്‍വ്വേദത്തിനു ഗുണകരം ആയിരുന്നില്ല.ആയുര്‍വ്വേദ നവോത്ഥാനത്തിനെന്ന വ്യാജേന നിരവധി കമ്മീഷനുകള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയോഗിച്ചു. പക്ഷെ അതുകൊണ്ട് ആയുര്‍വ്വേദത്തിനു യാതൊരു ഗുണവും ലഭിച്ചില്ല. ആയുര്‍വ്വേദത്തിനു നീക്കിവെച്ച സര്‍ക്കാര്‍ ധനസഹായം പാശ്ചാത്യവൈദ്യ ഗവേഷണത്തിനാണു വിനിയോഗിച്ചത്.
എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ നടന്നു വന്നിരുന്ന ചില സംഭവ വികാസങ്ങളാണ് ആയുര്‍വ്വേദ നവോത്ഥാനത്തിനു നാന്ദികുറിച്ചത്. ആദ്ധ്യാത്മിക ചിന്ത പ്രചരിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ടചിന്മയ മിഷന്, ഇസ്കോണ്‍,അന്താരാഷ്ട്ര ശിവാനന്ദ യോഗ വേദാന്ത സെന്റര്‍, ഓഷോ ഫൗണ്ടേഷന് എന്നീ സംഘടനകളുടെ പ്രവര്‍ത്തന ഫലമായി പാശ്ചാത്യലോകത്തും ഉത്തര അമേരിക്കയിലും ആയുര്‍വ്വേദത്തിനു വന്‍ പ്രചാരം ലഭിക്കാന്‍തുടങ്ങി.
ഈ ആവസരത്തിലാണ് ലോകാരോഗ്യ സംഘടന (ഡബ്ലിയു എച്ച്ഒ) ഒരു സുപ്രധാന ചുവടുവെച്ചത്. മൂന്നാം ലോക രാഷ്ട്രങ്ങളിലെ പ്രാഥമിക ആരോഗ്യ സംരക്ഷണത്തിനുള്ള വഴികള്‍ ആരായുന്നതിനായി, മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായ കസാഖിസ്ഥാനിലെ ആല്മാ ആറ്റാ എന്ന നഗരത്തില്‍ ലോകാരോഗ്യസംഘടന 1978 സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ ഒരു അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു.ഇന്നു സുപ്രസിദ്ധമായ ആല്മാ ആറ്റാ ആഹ്വാനം ഈ സമ്മേളനത്തിലാണ് പ്രഖ്യാപിക്കപ്പെട്ടത്. തങ്ങളുടെ നാടുകളുടെ പ്രാഥമിക ആരോഗ്യ പാലനത്തിന് തദ്ദേശങ്ങളില്‍ തന്നെയുള്ള പാരമ്പര്യവൈദ്യ സമ്പ്രദായങ്ങളെ ഉപയോഗപ്പെടുത്താന്‍ ഈ സമ്മേളനം ആഹ്വാനംചെയ്തു. ആയുര്‍വ്വേദ, യുനാനി, സിദ്ധവൈദ്യം, കാമ്പോ വൈദ്യം,ചൈനീസ് വൈദ്യം, ദക്ഷിണ അമേരിക്കന്‍ വൈദ്യ സമ്പ്രദായങ്ങള്‍ എന്നിവ അന്താരാഷ്ട്ര ശ്രദ്ധ നേടിയത് ആല്മാ ആറ്റാ സമ്മേളനത്തിനു ശേഷമാണ്. ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്‍ഡ്, ഓസ്ട്രേലിയ എന്നീ നാടുകളില്‍ ഇന്ന് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരുവൈദ്യശാഖയാണ് ആയുര്‍വ്വേദം.
അന്താരാഷ്ട്ര തലത്തില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ ആയുര്‍വ്വേദ നവോത്ഥാനത്തിനു നേതൃത്വം നല്കേണ്ടതു ഭാരത സര്‍ക്കാറിന്റെ കടമയാണ്. ഈയവസരത്തിലാണ് എഴുപതുവര്‍ഷം ആയുര്‍വ്വേദത്തെ വളരാന്‍ അനുവദിക്കാതിരുന്ന കോണ്‍ഗ്രസ് ഭരണകൂടങ്ങളുടെ തെറ്റുകള്‍ തിരുത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന സുപ്രധാന തീരുമാനങ്ങളെ വിലയിരുത്തേണ്ടത്. നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ടു വന്നിരുന്ന ആയുര്‍വ്വേദ ശസ്ത്രക്രിയയെ ഉത്തേജിപ്പിക്കാനായി 2020 നവംബര്‍ 19 ന് കേന്ദ്രസര്‍ക്കാര്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. സ്വതന്ത്ര്യമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നതിനായി ശല്യ-ശാലക്യ തന്ത്രങ്ങളില്‍ ബിരുദാനന്തര പഠനം നടത്തുന്ന ആയുര്വ്വേദവിദ്യാര്ത്ഥികള്ക്ക് ചില പ്രത്യേക ശസ്ത്രക്രിയകളില്‍ പരിശീലനം നല്‍കുന്നതിനുള്ള അനുവാദം നല്‍കുന്നതാണ് പ്രസ്തുതവിജ്ഞാപനം.
പാശ്ചാത്യ വൈദ്യ സമ്പ്രദായത്തിനു യാതൊരു ഭീഷണിയും ഉയര്‍ത്താത്ത പ്രസ്തുത വിജ്ഞാപനത്തിന് എതിരായി രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). സര്‍ക്കാരിന്റെ നടപടി രാജ്യത്തു ‘മിക്സോപതി’ അഥവാ സങ്കരവൈദ്യം പ്രചരിപ്പിക്കാന്‍ ഇടയാക്കും എന്നാണ് ഐഎംഎയുടെ ആരോപണം. അടിയന്തിര വൈദ്യവും, ശസ്ത്രക്രിയയും, അവയവ മാറ്റവും മാത്രം കൈമുതലാക്കിട്ടുള്ളസമകാലീന പാശ്ചാത്യ വൈദ്യം കൊണ്ടു മാത്രം ഭാരതത്തിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയില്ല എന്ന സത്യം ഐഎംഎ മനസ്സിലാക്കണം. നാനാത്വത്തില്‍ ഏകത്വം കാണാന്‍ ശ്രമിക്കുന്ന ഈ രാജ്യത്ത് എന്തു കൊണ്ട് ആരോഗ്യ മേഖലയില്‍ നാനാത്വം പാടില്ല? ജനവിരുദ്ധങ്ങളായ പരിപാടികളുമായി മുന്നോട്ടു പോകുന്നതിനു പകരം ആയുര്‍വ്വേദവുമായി സഹവര്‍ത്തിത്വം പാലിക്കാനാണ് ഐഎംഎ ശ്രമിക്കേണ്ടത്. പുതിയവിജ്ഞാപന പ്രകാരം ഹൃദയ-മസ്തിഷ്ക ശസ്ത്രക്രിയകള്‍ നടത്താന്‍ അല്ല ആയുര്വ്വേദജ്ഞര് ശ്രമിക്കുന്നത്.സാധാരണ ജീവിതത്തില്‍ കണ്ടുവരുന്ന, ശസ്ത്രക്രിയ അര്‍ഹിക്കുന്ന അവസ്ഥകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ വിജ്ഞാപനം ഇവര്‍ക്ക് അനുവാദം നല്‍കുന്നത്. ഇതു പാശ്ചാത്യ വൈദ്യസമ്പ്രദായക്കാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനാല്‍ അവര്‍ക്ക് കൂടുതല്‍ ഗുരുതരങ്ങളായ ശസ്ത്രക്രിയകളില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയും. രാഷ്ട്രനന്മയും ആയുര്‍വ്വേദ നവോത്ഥാനവും ലക്ഷ്യമാക്കി പുറപ്പെടുവിച്ച ഈ വിജ്ഞാപനത്തിനു പൂര്‍ണ്ണ പിന്തുണയാണ് ഐഎംഎ നല്‍കേണ്ടത്.
ഡോ.ഡി. സുരേഷ്കുമാര്‍
(മുന്‍ റിസര്‍ച്ച് ഓഫീസര്‍,
കോയമ്പത്തൂര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: