ഒരിക്കല്‍ ഡീഗോ മറഡോണയോട് മാധ്യമപ്രവര്ത്തകന് ചോദിച്ചു, താങ്കളാണോ പെലെയാണോ മികച്ച താരമെന്ന്. അന്ന് മറഡോണയുടെ മറുപടി ഇങ്ങനെയായിരുന്നു. എന്റെ അമ്മ പറയുന്നത് ഞാന്‍ ഹീറോയാണെന്നാണ്, മികച്ച ഫുട്ബോളര്. എന്റെ അമ്മയെ ഞാന്‍ വിശ്വസിക്കുന്നു. ഞാനാണ് കേമന്‍. കാല്‍പ്പന്ത് കളിയിലെന്നപ്പോലെ കളത്തിനു പുറത്ത് തുറന്ന പ്രസ്താവനകള്‍ കൊണ്ടും ഡീഗോ വാര്‍ത്തകളില്‍ നിറഞ്ഞു.
ആ കളിമികവിന്റെ ഉഗ്രരൂപം കാണാന്‍ 34 വര്‍ഷം പിന്നോട്ടു പോകാം. മെക്സിക്കോ ലോകകപ്പ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തരായ ഇംഗ്ലണ്ടിനെ നേരിടുന്നു. വിരസമായ ആദ്യ പകുതി. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. കാല്‍പ്പന്ത് ഇടയ്ക്ക് കൈപ്പന്തായ നിമിഷങ്ങള്‍. നൂറ്റാണ്ടിന്റെ ഗോളും നൂറ്റാണ്ടിന്റെ അബദ്ധവും മിനിറ്റുകള്‍ക്കിടെ സംഭവിച്ചു. കൃത്യമായി പറഞ്ഞാല്‍ മത്സരത്തിന്റെ 52-ാം മിനിറ്റ്. വായുവില്‍ ഉയര്‍ന്നു ചാടി മേധാവിത്വം നേടാന്‍ കെല്‍പ്പില്ലാത്ത മറഡോണ അവിടെ അത്ഭുതം കാട്ടി. എന്തെന്നറിയാത്ത അലയൊലികള്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞു. തിങ്ങിനിറഞ്ഞ ആരാധകര്‍ രണ്ടുതട്ടായി. ചിലര്‍ക്ക് എന്തുസംഭവിച്ചെന്നറിയില്ല. മറ്റു ചിലര്‍ ഇടം കൈ ഉയര്‍ത്തി ഹാന്ഡ്ബോളെന്ന് ഉറക്കെ പറയുന്നു. പത്ത് സെക്കന്‍ഡ് മാത്രം നീണ്ട ഈ നിമിഷം റഫറിക്ക് നിര്‍ണ്ണായക തീരുമാനത്തിന്റേതായിരുന്നു. കളത്തില്‍ ഇംഗ്ലണ്ടിന്റെ വമ്പന്‍ താരങ്ങളും പുറത്ത് ഇംഗ്ലീഷ് ജനതയും ആക്രോശമുയര്‍ത്തി.
ഒരു നിമിഷം ആലോചിച്ചുനിന്ന പ്രധാന റഫറി ടുനീഷ്യയുടെ അലി ബിന്‍ നസീര്‍ സൈഡ് റഫറിയുടെ പിന്തുണയ്ക്കായി കാത്തു. എന്നാല്‍ സൈഡ് ലൈനില്‍ നിന്ന ബള്‍ഗേറിയയുടെ ബോഗ്ഡാന് ഡച്ചോവ് കൈയുയര്‍ത്താന്‍ മടിച്ചതോടെ വിവാദ ഗോളിന് പൂര്‍ണതയായി. ഒരുപക്ഷേ ഇംഗ്ലീഷ് നിരയുടെ ആരോപണം മുഖവിലക്കെടുത്തിരുന്നെങ്കില്‍ ദൈവത്തിന്റെ കൈയൊപ്പു ചാര്‍ത്തിയ ആ ഗോള്‍ ഉണ്ടാവില്ലായിരുന്നു. പിന്നീട് ഫുട്ബോള്‍ ലോകം മുഴുവന്‍ പഴിചാരിയതില്‍ താന്‍ ഏറെ ദുഃഖിതനാണെന്നും ഡച്ചോവിന് പറയേണ്ടിവന്നു. മറഡോണ ഇതിഹാസമാണ്, എന്നാല്‍ ആയാള്‍ എന്റെ ജീവിതം തകര്‍ത്തതില്‍ പ്രധാനിയാണെന്നും ഡച്ചോവ് പറഞ്ഞു.
എന്നാല്‍ വിവാദ ഗോളിലൂടെ അര്‍ജന്റീനയെ തല കുനിപ്പിക്കാന്‍ ഡീഗോ തയാറായിരുന്നില്ല. ആരെയും കൊതിപ്പിക്കുന്ന ഗോളിലൂടെ അയാള്‍ തിരിച്ചുവന്നു. നൂറ്റാണ്ടിന്റെ സമ്മാനവുമായി. ഇത്തവണ അബദ്ധങ്ങളുണ്ടായില്ല. റഫറിയുടെയോ സഹതാരങ്ങളുടെയോ പോലും സഹായവും വേണ്ടിവന്നില്ല. മറഡോണ ഒറ്റയ്ക്ക് കളിച്ചു. ഒറ്റയ്ക്ക് നേടി. നാണക്കേടിന്റെ കറുത്ത പാട് ഒറ്റയ്ക്ക് മറികടന്നു.
നാല് മിനിറ്റുകള്ക്കിപ്പുറമാണ് ഡീഗോയുടെ ആ മാസ്മരിക ഗോള്‍ പിറന്നത്. വില്ലനില്‍ നിന്ന് നായകനിലേക്ക് മാറിയ മറഡോണയുടെ പ്രത്യേക ഭാവം. ഒരുപക്ഷേ ആയാള്‍ക്ക് മാത്രം സാധിക്കുന്ന മാന്ത്രികത. സ്വന്തം പകുതിയില്‍ നിന്ന് എതിര് ഗോള്‍മുഖത്തേക്ക് നടത്തിയ മിന്നലാക്രമണം അത്രമേല്‍ മനോഹരമായിരുന്നു. ഇംഗ്ലണ്ടിന്റെ നാല് പ്രതിരോധ താരങ്ങളെ നിശ്ശബ്ദരാക്കി, സെക്കന്‍ഡുകള്‍ക്കുള്ളില്‍ പെനാല്‍റ്റി ബോക്സില്‍ ഡീഗോ പാഞ്ഞെത്തി. ആദ്യം പീറ്റര്‍ ബിയേഡ്സ്ലിയെ. പിന്നെ പീറ്റര്‍ റീഡ്, അതുകഴിഞ്ഞ് രണ്ട് തവണ ടെറി ബുച്ചറെ. പിന്നെ ടെറി ഫെന്‍വിക്ക്. ഒടുവില്‍ ഇടം കാലിന്റെ മാന്ത്രികത ഷില്‍ട്ടണെയും വരിഞ്ഞുമാറ്റിയതോടെ അപൂര്‍വഗോളിന്റെ പിറവി സാധ്യമായി. രാജ്യം വീണ്ടെടുത്ത രാജാവിനെപ്പോലെ മറഡോണ ഒരു നിമിഷം നിവര്‍ന്നു നിന്നു. 52-ാം മിനിറ്റിലെ ആ ചെകുത്താന് നാല് മിനിറ്റുകള്‍ക്കിപ്പുറം ദൈവമായ നിമിഷം.
വമ്പന്‍ താരനിരയടങ്ങിയ ഇംഗ്ലണ്ട് പ്രതിരോധത്തെ തച്ചുതകര്‍ക്കുകയായിരുന്നു മറഡോണ. എത്ര അനായാസമായാണ് അയാള്‍ മുന്നേറിയത്. ഫുട്ബോള്‍ അഴകിന് പുതുഭാവം എന്നായിരുന്നു കായിക നിരീക്ഷകരുടെ പ്രതികരണങ്ങള്‍. ഒരു ജനതയെയാകെ ഒന്നിച്ചു നിര്‍ത്താന്‍ മറഡോണക്കായി. ഫുട്ബോള്‍ മതമായപ്പോള്‍ അവിടത്തെ ദൈവമായി മറഡോണ വാണു. അര്‍ജന്റീനയില്‍ പള്ളിയുണ്ടായത്ഇതിന്റെ ഉദാഹരണം.
മറുവശത്ത് കുത്തഴിഞ്ഞ ജീവിതമാണ് മറഡോണയുടേതെന്ന് വിമര്‍ശിക്കുന്നവരും കുറവല്ല. കളത്തില്‍ പന്തുകൊണ്ട് മായാജാലം തീര്‍ത്ത മറഡോണ പുറത്ത് വാക്കുകള്‍ കൊണ്ട് വിമര്‍ശനങ്ങളുണ്ടാക്കി. ലഹരി ഉപയോഗം തടുക്കാന്‍ കഴിയാത്ത തോതില്‍ വളര്‍ന്നു. പലപ്പോഴും മത്സരങ്ങള്‍ കാണാന്‍ ഗ്യാലറിയിലെത്തിയ ഡീഗോ പുകവലിക്കുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയായി.വര്‍ഷങ്ങള്‍ക്കു ശേഷം 2010ല്‍ പുത്തന്‍ രൂപത്തില്‍ കളത്തിലേക്ക് മടങ്ങിയെത്തി. ലോകകപ്പ് കണ്ട ഏറ്റവും മികച്ച താരമായ ഡീഗോ ഇത്തവണ പരിശീലകന്റെ കുപ്പായത്തിലായിരുന്നു.
ചരിത്രം വീണ്ടും ആവര്‍ത്തിക്കുമെന്ന് തോന്നിയ കാലം. ആധുനിക കാലത്തെ ഫുട്ബോള്‍ മിശിഹ എന്നറിയപ്പെടുന്ന ലയണല്‍ മെസ്സിയുള്‍പ്പെടെ വമ്പന്‍ താരങ്ങള്‍ കളത്തില്‍. കളി പഠിപ്പിക്കാന്‍ മറഡോണയും കളിക്കാന്‍ മെസിയുമുള്ളപ്പോള്‍ കിരീടമല്ലാതെ മറ്റെന്താകും അര്‍ജന്റീന ലക്ഷ്യം വയ്ക്കുക.
എന്നാല്‍ കളത്തില്‍ മാന്ത്രികത കാട്ടിയ മറഡോണക്ക് പരിശീലകന്റെ കുപ്പായത്തില്‍ ആ നേട്ടം ആവര്‍ത്തിക്കാനായില്ല. ക്വാര്‍ട്ടര്‍ ഫെനലില്‍ ജര്‍മനിയോട് നാണംകെട്ട് പുറത്തുപോകുമ്പോള്‍ നിസ്സഹായവസ്ഥയുടെ ആ മുഖത്ത് വ്യക്തമായിരുന്നു. തനിക്ക് ശേഷം ഇനിയാര് എന്ന ചോദ്യം ഒരിക്കല്‍ക്കൂടി മറഡോണ സ്വയം ചോദിച്ച നിമിഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: