ശ്ലോകം 273
ജലാദിസമ്പര്ക്കവശാത് പ്രഭൂത-
ദുര്ഗ്ഗന്ധധൂതാളഗരുദിവ്യ വാസനാ
സംഘര്ഷണേനൈവ വിഭാതി സമ്യക്-
വിധുയമാനോ സതി ബാഹ്യഗന്ധേ
അകില് സ്വതവേ സുഗന്ധമുള്ള ഒരു വസ്തുവാണ്. വെള്ളത്തില്‍ കിടന്നാല്‍ ദുര്‍ഗന്ധം ഉണ്ടാകും. എന്നാല്‍ നല്ലപോലെ തേച്ചുരച്ചാല്‍ അതില്‍ നിന്ന് നല്ല മണം പുറത്തുവരും.
സ്വാഭാവികമായി സുഗന്ധ വസ്തുക്കളായ അഗരു എന്നറിയപ്പെടുന്ന അകിലും ചന്ദനവുമൊക്കെ കുറെ കാലം വെള്ളത്തില്‍ കിടന്നാല്‍ ചീഞ്ഞ മണമാണ് ഉണ്ടാകുക.എന്നാല്‍ ഇവയെ നന്നായി കല്ലിലോ ചാണയിലോ ഉരച്ചാല്‍ നല്ല സുഗന്ധം ഉയര്‍ന്നു വരും.
ശ്ലോകം 274
അന്തഃശ്ചിതാനന്തദുരന്ത വാസനാ-
ധൂളീവിലിപ്താ പരമാത്മവാസനാ
പ്രജ്ഞാതി സംഘര്ഷണതോ വിശുദ്ധാ
പ്രതീയതേ ചന്ദനഗന്ധവത് സ്ഫുടാ
ഉള്ളിലിരിക്കുന്ന തീരാ വാസനകള്‍ മൂലം മൂടപ്പെടുന്നതിനാല്‍ പരമാത്മാവിന്റെ പരിമളം അനുഭവിക്കാന്‍ കഴിയില്ല. ജ്ഞാനാഭ്യാസമാകുന്നതേച്ചുരയ്ക്കല് നടത്തിയാല്‍ ചന്ദനഗന്ധം പോലെ അനുഭവമാകും.
അനാത്മ വാസനകളാകുന്ന പൊടി കൊണ്ട് പരമാത്മവാസന മൂടപ്പെടുന്നു. പഞ്ചകോശസമ്പര്ക്കമില്ലാതെ മനസ്സ് നിത്യനിരന്തരമായ ബ്രഹ്മത്തിലേക്ക് പ്രജ്ഞ പ്രവഹിക്കണം. അപ്പോള്‍ അനാത്മവാസന നീങ്ങി ചന്ദനസുഗന്ധം നിറയും.
വാസ്തവത്തില്‍ സത് സ്വരൂപികളാണ് നമ്മള്. വാസനകള്‍ കാരണം നമ്മുടെ വ്യക്തിത്വം ദുഷിക്കുകയും കാമം, ക്രോധം, ലോഭം, മോഹം തുടങ്ങിയ ദുര്‍ഗന്ധങ്ങള്‍ വമിക്കുകയും ചെയ്യുന്നു. ഭോഗതൃഷ്ണ കൊണ്ട് മലീമസമാണ് ഇന്ന് നമ്മുടെ വ്യക്തിത്വം. നമ്മുടെ യഥാര്ഥസ്വരൂപമായ ആത്മാവിന്റെ പരിമളം അപ്പോള്‍ ഉണ്ടാകില്ല. ഇത് സമൂഹത്തിന് ഉപകാരത്തേക്കാള്‍ കൂടുതല്‍ ഉപദ്രവകരമാകും.
ചന്ദനമുട്ടി സാധാരണ നിലയില്‍ സുഗന്ധമുള്ളതാണെങ്കിലും കുറെ കാലം വെള്ളത്തില്‍ കിടന്നാല്‍ ചീഞ്ഞ മണം ഉണ്ടാകും. അതിനെ വെള്ളത്തില്‍ നിന്ന് എടുത്ത് വൃത്തിയാക്കി കല്ലില്‍ ഉരച്ചാല്‍ അതിന്റെ ശരിക്കുള്ള സുഗന്ധം പുറത്ത് വരും. നല്ല മണം എല്ലാവര്ക്കും ആനന്ദമേകും.
ആത്മസ്വരൂപികളായ നാം ഓരോരുത്തര്‍ക്കും ദേഹവുമായുള്ള താദാത്മ്യം കാരണം താന്‍ ശരീരമാണെന്ന അദ്ധ്യാസം അഥവാ തെറ്റിദ്ധാരണ ഉണ്ടാകും. ദേഹാദ്ധ്യാസം മൂലം വാസനകളുടെ ദുര്‍ഗന്ധമാകും പുറത്ത് വരുക. കാമം മുതലായവ ചീഞ്ഞ് നാറുമ്പോള് സ്നേഹം, ദയ തുടങ്ങിയ സദ്ഗുണങ്ങള്‍ക്ക് സ്ഥാനമുണ്ടാകില്ല. ധ്യാനമാകുന്ന തേച്ചു കഴുകലിലൂടെയും ഉരയ്ക്കലിലൂടെയും മാലിന്യവും ദുര്‍ഗന്ധവും നീങ്ങും. യഥാര്‍ത്ഥ വ്യക്തിത്വം പ്രകടമാകും.
ചന്ദനത്തിന്റെ സുഗന്ധം സ്വതവേ ഉള്ളതാണ്. നാം കൊടുക്കുന്നതല്ല. ഉരയ്ക്കുമ്പോള്‍ അത് പുറത്ത് വരുന്നു. അതുപോലെ നമ്മുടെ ദിവ്യത വേറെ എവിടെ നിന്നെങ്കിലും കൊണ്ടു വരേണ്ടതില്ല. വാസനാത്രയങ്ങള് മൂലം ആത്മാവിന്റെ പരിമളം നഷ്ടപ്പെടുന്നു. ധ്യാനാഭ്യാസം ചെയ്യുമ്പോള്‍ ദുര്‍വാസനകളെ നീക്കി ആത്മസുഗന്ധം ചുറ്റും പടര്‍ത്തും. ചന്ദനഗന്ധം പോലെ ദിവ്യമാണ് നമ്മുടെ യഥാര്‍ത്ഥ സ്വരൂപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: