ന്യൂദല്‍ഹി: കൊറോണ പ്രതിരോധ വാക്സിനുകള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കി കേന്ദ്രം. അടുത്ത വര്‍ഷം ജൂലൈയോടെ 25 മുതല്‍ 30 കോടി ജനങ്ങള്‍ക്ക് വാക്്സിന് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് അറിയിച്ചു.
കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍:
1. കൊറോണ പ്രതിരോധത്തിലെ മുന്‍നിര പോരാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, 50 വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണം. വൈറസ് വ്യാപന സാഹചര്യം കണക്കിലെടുത്ത് 50 വയസിന് താഴെയുള്ള, മറ്റ് രോഗങ്ങളുള്ളവര്‍ക്കും ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കാം. മറ്റുള്ളവര്‍ക്ക് വാക്സിന് ലഭ്യതയുടെ അടിസ്ഥാനത്തിലും.
2. 50 വയസിന് മുകളില്‍ പ്രായമുള്ളവരെത്തന്നെ രണ്ടായി തിരിച്ചിട്ടുണ്ട്. 60ന് മുകളില്‍ പ്രായമുള്ളവരും 50നും 60നും ഇടയിലുള്ളവരും. വൈറസ് വ്യാപനവും വാക്സിന്റെ ലഭ്യതയും കണക്കിലെടുത്താവണം വിതരണം.
3. 50ന് മുകളില്‍ പ്രായമുള്ളവരെ കണ്ടെത്തുന്നതിനായി, ഏറ്റവും അവസാനത്തെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടര്‍പ്പട്ടിക ഉപയോഗിക്കാം.
4. വാക്സിന് വിതരണം സുഗമമാക്കുന്നതിനായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും പ്രത്യേക ദിവസം തെരഞ്ഞെടുക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് മുന്‍നിര പോരാളികള്‍ക്കും ഒരു നിശ്ചിത സ്ഥലത്തുവച്ചായിരിക്കും വാക്സിന് നല്‍കുക. മുന്‍ഗണനാപ്പട്ടികയിലുള്ള മറ്റുള്ളവര്‍ക്ക് കുത്തിവയ്പ്പ് നല്‍കുന്നതിന് അവര്‍ക്കരികിലേക്ക് കുത്തിവയ്പ് സംഘം എത്തണം.
5. മുന്ഗണനാപ്പട്ടികയിലുള്ളവര് കഴിഞ്ഞാല്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും വാക്സിന് നല്‍കുക. ഓരോ സെഷനിലും രജിസ്റ്റര്‍ ചെയ്തവരില്‍ 100 പേര്‍ക്ക് വീതം വാക്സിന് നല്‍കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാകും വാക്സിന് നല്‍കുക.
6. ജില്ല-ബ്ലോക്ക്-യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ എല്ലാ പരിശീലനങ്ങളും പൂര്‍ത്തിയായതിന് ശേഷമെ വാക്സിനേഷന് ആരംഭിക്കൂ.
7. വാക്സിനേഷന് നല്‍കുന്നതിനുള്ള ഓരോ സംഘത്തിലും അഞ്ചുപേരുണ്ടാകണം. ഒരു വാക്സിനേഷന് ഓഫീസര്‍ (ഡോക്ടര്‍), സ്റ്റാഫ് നഴ്സ്, നഴ്സ്, ഫാര്‍മസിസ്റ്റ്, വനിത ഹെല്‍ത്ത് വിസിറ്റര്‍.
8. വാക്സിനേഷന് ഓഫീസര്‍ 1. വാക്സിന് വേണ്ടി രജിസ്റ്റര്‍ ചെയ്തവരുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും മറ്റുമായി പോലീസ്/ഹോംഗാര്‍ഡ്/എന്‍സിസി/സിവില്‍ ഡിഫന്‍സ്/എന്‍എസ്എസ്/നെഹ്റു യുവ കേന്ദ്ര സങ്കേതം എന്നിവിടങ്ങളിലുള്ള ഒരാളെങ്കിലും ഉണ്ടാകണം. വാക്സിനേഷനുവേണ്ടി ആവശ്യക്കാരെ കടത്തിവിടേണ്ടത് ഇവരുടെ ചുമതലയാണ്.
9. വാക്സിനേഷന് ഓഫീസര്‍ 2. വാക്സിനേഷനായി വരുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍. മറ്റ് രണ്ട് വാക്സിനേഷന് ഓഫീസര്‍മാര്‍ വാക്സിന് വിതരണ കേന്ദ്രത്തിലെ തിരക്കുകള്‍ നിയന്ത്രിക്കുന്നതിനും മറ്റ് സഹായങ്ങള്‍ക്കും ചുമതലപ്പെട്ടവരാണ്.
10. വാക്സിന് വേണ്ടി രജിസ്റ്റര്‍ ചെയ്തവരെ, വാക്സിന് വിതരണത്തിനായുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ കൊ-വിന് ലൂടെ ട്രാക്ക് ചെയ്യണം.
11 നിലവില്‍ പ്രതിരോധ കുത്തിവയ്പിന് ശേഷമുള്ള സംഭവങ്ങള്‍ അറിയിക്കുന്നതിനുള്ള സംവിധാനം കൊറോണ വാക്സിനേഷനിലും തുടരണം. വാക്സിന്റെ ഫലവും സുരക്ഷിതത്വവും മറ്റും നിലവിലുള്ള രീതിയില്‍തന്നെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: