തൃശൂര്‍ : കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍ തൃശൂരില്‍ രോഗികളെ ചികില്‍സിക്കുന്ന തിരക്കിലാണ്. ജിനു ശശിധരന്‍ ഇപ്പോള്‍ ഡോ. വി. എസ്. പ്രിയ ആയി തൃശൂര്‍ സീതാറാം ആശുപത്രിയില്‍ സേവനമനുഷ്ടിക്കുന്നു.
കുട്ടിക്കാലത്തുതന്നെ തന്നിലെ പെണ്‍കുട്ടിയെ ജിനു ശശിധരന്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ സങ്കോചത്താല്‍ അതത്ര പ്രകടമാക്കിയില്ല. ഏറെ പണിപ്പെട്ടിട്ടും ഒരു ആണായി ജീവിക്കുക സാധ്യമല്ലെന്ന തിരിച്ചറിവ് മുന്‍പുതന്നെ ലഭിച്ചിരുന്നതാണ്. അന്നുമുതല്‍ ഇക്കാര്യത്തില്‍ എന്തുചെയ്യുമെന്ന ഗവേഷണവും സ്വന്തം നിലയില്‍ ആരംഭിച്ചു, മികച്ചവിധത്തില്‍ പഠനം നടത്തുകയെന്നതായിരുന്നു ആദ്യലക്ഷ്യം. പരിഹാസത്തില്‍ പതറാതെ മികച്ചനിലയില്‍ വൈദ്യരത്നം കോളേജില്‍ നിന്ന് ബിഎഎംഎസ്. നേടി. തുടര്‍ന്ന് മംഗളൂരുവില്‍നിന്ന് എംഡിയും. പട്ടാമ്പിയിലും കണ്ണൂരും തൃപ്പൂണിത്തുറയിലും സേവനമനുഷ്ഠിക്കുമ്പോള്‍ ശാരീരികവും മാനസികവുമായി കൂടുമാറ്റത്തിന് തയാറായി.
തൃശൂര്‍ സീതാറാം ആശുപത്രിയില്‍ ജോലി തുടങ്ങിയതോടെ ഹോര്‍മോണ്‍ ചികിത്സ തുടങ്ങി. തുടര്‍ന്നായിരുന്നു ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ശസ്ത്രക്രിയ. ഇനിയും ശബ്ദമാറ്റത്തിനടക്കം ചികിത്സകള്‍ ബാക്കിയുണ്ടെന്ന് ഡോ. പ്രിയ പറയുന്നു.
‘ജീവിതം വിലപ്പെട്ടതാണ്. അവിടെ എനിക്ക് മുഖംമൂടി ആവശ്യമില്ല. ഭാവിയെപ്പറ്റിയല്ല ചിന്ത, വര്‍ത്തമാനകാലത്തെപ്പറ്റിയാണ്. ഏതെങ്കിലും കള്ളികളില്‍ മുദ്രകുത്തപ്പെട്ട് പാഴാക്കാനുള്ളതല്ലല്ലോ ജീവിതം’ ഡോ.പ്രിയയുടെ വാക്കുകള്‍ക്ക് ഉറപ്പേറെ.
മുഖംമൂടികള്‍ അഴിഞ്ഞു വീഴുമ്പോള്‍, ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ കൂടുതല്‍ മിഴിവുറ്റതാകുന്നു… അഭിനയം മാറ്റിനിര്‍ത്തി ജീവിച്ചു തുടങ്ങുമ്പോള്‍, ജീവിതത്തേക്കാള്‍ മനോഹരമായ മറ്റൊന്ന് ഇവിടെയില്ല എന്ന ബോധ്യം മനസ്സില്‍ നിറയുന്നു. ജീവിതത്തെ മനസ്സ് തുറന്നു പ്രണയിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്ന ആശംസകളോടെ നിര്‍ത്തുന്നു, ഡോ.പ്രിയ ഫേസ്ബുക്കില്‍ സ്വയം വെളിപ്പെടുത്തുന്നതിങ്ങനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: