സിഡ്നി: ബെന്‍ മക്ഡര്‍മോട്ടും ജാക്ക് വൈല്ഡര്മുത്തും സെഞ്ചുറിയുമായി ചെറുത്തുനിന്നതോടെ ഓസീസ് എ – ഇന്ത്യ ദിന രാത്രി സന്നാഹ മത്സരം സമിലയില് പിരിഞ്ഞു. 473 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഓസീസ് എ അവസാന ദിവസം നാല് വിക്കറ്റിന് 307 റണ്‍സ് എടുത്തുനില്‍ക്കെ മത്സരം സമനിലയാക്കാന്‍ ഇരു ടീമുകളും സമ്മതിക്കുകയായിരുന്നു. ബെന്‍ 107 റണ്‍സുമായും ജാക്ക് 111 റണ്‍സോടെയും കീഴടങ്ങാതെ നിന്നു. അഭേദ്യമായ അഞ്ചാം വിക്കറ്റില്‍ ഇവര്‍ 165 റണ്‍സ് നേടി.
വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് എ യ്ക്ക് ഓപ്പണര്‍ മാര്‍നസ് ഹാരിസ് (5), ജോ ബേണ്‍സ് (1), നിക്ക് മാഡിസണ്‍ (14) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായി. പിന്നീട് ക്യാപ്റ്റന്‍ അലക്സ് കാരിയും ബെന്നും ജാക്കും പൊരുതിയതോടെ കരകയറി. അലക്സ് കാരി 111 പന്തില്‍ 58 റണ്‍സ് എടുത്തു. ബെന്‍ 167 പന്തില്‍ പതിനാറ് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 107 റണ്‍സ് കുറിച്ചു. ജാക്സണ് 119 പന്തില്‍ 12 ഫോറും മൂന്ന് സിക്സറും അടക്കം 111 റണ്‍സും കുറിച്ചു.
ഒന്നാം ഇന്നിങ്സില്‍ 86 റണ്‍സ് ലീഡ് നേടിയ ഇന്ത്യ നാല് വിക്കറ്റിന് 386 റണ്‍സിന് രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് ഓസീസ് എ യുടെ വിജയലക്ഷ്യം 473 റണ്‍സായത്.
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി 13 ഓവറില്‍ 58 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് 17 ഓവറില്‍ 54 റണ്‍സിന് ഒരു വിക്കറ്റെടുത്തു.
സ്കോര്‍: ഇന്ത്യ: 194, നാലു വിക്കറ്റിന് 386, ഓസീസ് എ 108, നാല് വിക്കറ്റിന് 307.
പ്രതികരിക്കാൻ ഇവിടെ എഴുതുക: