ഫറ്റോര്‍ഡ: ഐഎസ്എല്‍ ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ശനിദശ തുടരുന്നു. ആദ്യ വിജയം മോഹിച്ച് അഞ്ചാം മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ബെംഗളൂരു എഫ്സി മുക്കി. ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം തോല്‍വിയാണിത്. ബെംഗളൂരുവിന്റെ രണ്ടാം വിജയവും. ക്ലീറ്റണ്‍ സില്‍വ, ക്രിസ്റ്റിയന്‍ ഒപ്സെത്ത്, ദിമാസ് ഡെല്‍ഗാഡോ, സുനില്‍ ഛേത്രി എന്നിവരാണ് ബെംഗളൂരുവിനായി ഗോളുകള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിനായി രാഹുല്‍ കെ.പി യും ക്യാപ്റ്റന്‍ വിന്‍സന്റ് ഗോമസും ലക്ഷ്യം കണ്ടു.
ഈ വിജയത്തോടെ ബെംഗളൂരു അഞ്ചു മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്ത് തന്നെ. അഞ്ചു മത്സരങ്ങളില്‍ രണ്ട് പോയിന്റാണുള്ളത്.
തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് തകര്‍ത്തുകളിച്ചു. പതിനഞ്ചാം മിനിറ്റില്‍ ഗോളിനടുത്തെത്തി. പക്ഷെ ജോര്‍ദാന്‍ മുറെയുടെ ശക്തമായ ഷോട്ട് ബെംഗളൂരു എഫ്സി ഗോളി ഗുര്‍പ്രീത് സിങ് സന്ധു തട്ടിയകറ്റി. പതിനേഴാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഗാരി ഹൂപ്പറുടെ നീക്കമാണ് ഗോളില്‍ കലാശിച്ചത്. പന്തുമായി കുതിച്ച ഹൂപ്പര്‍ ഒടുവില്‍ കെ.പി. രാഹുലിന് പാസ് നല്കി. ഒരു പിഴവും വരുത്താതെ രാഹുല്‍ മികച്ചൊരു ഷോട്ടില്‍ ബംഗളൂരു എഫ്സി ഗോളി സന്ധുവിനെ കീഴടക്കി 1-0. ഈ സീസണില്‍ രാഹുലിന്റെ ആദ്യ ഗോളാണിത്.
പന്ത്രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ബെംഗളൂരു എഫ്സി ഗോള്‍ മടക്കി. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം ലാല്റുവാത്തറയുടെ പിഴവ് മുതലാക്കി ക്ലീറ്റണ്‍ സില്‍വയാണ് സ്കോര്‍ ചെയ്തത്. പന്ത് അടിച്ചകറ്റുന്നതില്‍ ലാല്റുവാത്തറ പരാജയപ്പെട്ടു. പന്ത് പിടിച്ചെടുത്ത സില്‍വ അനായാസം ഗോള്‍ നേടി. ഇടവേളയ്ക്ക് ഇരു ടീമുകളും ഒപ്പത്തിനൊപ്പം (1-1).
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പെനാല്‍റ്റി നഷ്ടപ്പെടുത്തി. ഛേത്രിയുടെ കിക്ക് നേരെ ബ്ലാസ്റ്റേഴ്സ് ഗോളിയുടെ കൈകളിലേക്കായിപ്പോയി. ക്രിസ്റ്റിയന്‍ ഒപ്സെത്തിനെ ബ്ലാസ്റ്റേഴ്സ് താരം കൊനെ ഫൗള്‍ ചെയ്തതിനാണ് ബെംഗളൂരുവിന് പെനാല്‍റ്റി ലഭിച്ചത്.
രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ബെംഗളൂരു ലീഡ് നേടി. മലായളി താരം അഷിഖ് കുരുണിയന്റെ പാസ് മുതലാക്കി ഒപ്സെത്താണ് ഗോള്‍ അടിച്ചത് (2-1). മൂന്ന് മിനിറ്റുകള്‍ക്കുള്ള ബെംഗളൂരു മൂന്നാം ഗോളും നേടി. ദിമാസാണ് സ്കോര്‍ ചെയ്തത്. (3-1). അറുപത്തിയൊന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോള്‍ നേടി. ക്യാപ്റ്റന്‍ വിന്‍സന്റ് ഗോമസാണ് ലക്ഷ്യം കണ്ടത് (3-2). അറുപത്തിയഞ്ചാം മിനിറ്റില്‍ സുനില്‍ ഛേത്രി ബെംഗളൂരുവിന്റെ നാലാം ഗോളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: