ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണഘടന പൗരന്മാര്ക്ക് നല്‍കിയിട്ടുള്ള ഏറ്റവും വലിയ ഒരവകാശമാണ് വോട്ടവകാശം. എന്നാല്‍ സുപ്രധാനമായ ഈ അവകാശത്തെ ജനങ്ങളുടെ അജ്ഞത മുതലെടുത്ത് ഏറ്റവും കെടുകാര്യസ്ഥതയോടെയാണ് ഉദ്യോഗസ്ഥന്മാര് കൈകാര്യം ചെയ്തിട്ടുള്ളത്. അത് പറയാതിരിക്കാന്‍ നിവൃത്തിയില്ല. പൗരന്മാരുടെ മേല്‍വിലാസം തെളിയിക്കാനുള്ള രേഖയായി സമര്‍പ്പിക്കാവുന്ന സുപ്രധാനമായ ഒരു ഡോക്യുമെന്റാണ് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്. വീടില്ലാതെ, കടത്തിണ്ണയിലോ പാര്‍ക്കിലോ സ്ഥിരമായി ഉറങ്ങുന്നവര്‍ക്ക് പോലും ആ ‘മേല്‍വിലാസത്തില്‍’ വോട്ടവകാശം അഭ്യര്‍ഥിക്കാനും അവകാശപ്പെടാനും കഴിയും. അങ്ങനെ അപേക്ഷിക്കുന്ന വ്യക്തിയുടെ താമസസ്ഥലം ബന്ധപ്പെട്ട ഓഫീസര്‍ ഒന്നിലധികം തവണ സന്ദര്‍ശിച്ച് അവിടെയാണ് വോട്ടര്‍ ഉറങ്ങുന്നത് എന്ന് സ്വയം ബോദ്ധ്യപ്പെട്ട ശേഷം വോട്ടവകാശം നല്‍കണമെന്നാണ് ചട്ടം.
എന്നാല്‍ വ്യക്തമായ മേല്‍വിലാസത്തില്‍ താമസിച്ചു കൊണ്ട്, വീട്ടില്‍ എന്യൂമറേഷനു വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നേരിട്ട് ബോദ്ധ്യപ്പെടുത്തി ഒപ്പിട്ട് കൊടുത്തു വിടുന്ന വിവരങ്ങള്‍ പോലും വോട്ടര്‍ പട്ടികയില്‍ എത്തുമ്പോള്‍ ഗുരുതരമായി തെറ്റിയ്ക്കുന്നു എന്നത് ഈ പ്രക്രിയയെ ആകെ ഒരു പ്രഹസനമാക്കി മാറ്റുകയാണ്. വോട്ടറുടെ പേര്, ബന്ധുവിന്റെ പേര്, വയസ്, ലിംഗം, മേല്‍വിലാസം തുടങ്ങി എന്തിലും ഈ തെറ്റ് കാണാം. ഇങ്ങനെ മാറ്റി മറിച്ച് രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ വലിയ കെടുകാര്യസ്ഥതയാണ് ഇക്കാര്യത്തില്‍ കാട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പട്ടികയില്‍ ഉള്ള പിഴവുകളെ കുറിച്ച് വ്യാപകമായ പരാതികള്‍ ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞതാണ്. എന്നാല്‍ കാര്യങ്ങള്‍ അവിടം കൊണ്ടും തീരുന്ന മട്ടില്ല. ഇപ്പോള്‍ പ്രസിദ്ധീകരിച്ച, വരാന്‍ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പിന്റെ ലിസ്റ്റും ഏതാണ്ട് അതേ വഴിയിലേക്കാണ് എന്നാണ് കാണുന്നത്.
ഉദാഹരണത്തിന് തിരുവനന്തപുരം പോലുള്ള ഒരു കോര്പ്പറേഷന് ഏരിയയില്‍ എല്ലാ വീടുകള്‍ക്കും നിര്‍ബന്ധമായും ഒരു ടിസി നമ്പര്‍ ഉണ്ടാകും. ചിലപ്പോള്‍ വീട്ടു പേരും ഉണ്ടായേക്കാം. ഇതുവരെ പ്രയോഗത്തില്‍ വന്നിട്ടില്ലാത്തതും അതുകൊണ്ടു തന്നെ സ്വന്തം വീട്ടുകാര്‍ക്ക് പോലും നിശ്ചയമില്ലാത്തതുമായ പുതിയ നമ്പറിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക തയ്യാറാക്കിയത്. ലോക്കല്‍ പോസ്റ്റുമാന് പോലും അവ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അസംബ്ലി പട്ടികയില്‍ പഴയ ടിസി ആണ് അടിസ്ഥാനമാക്കിയിരിയ്ക്കുന്നത് എന്ന് തോന്നുന്നു. ഇവിടെ ഊഹിയ്ക്കാന്‍ മാത്രമേ നിവൃത്തിയുള്ളൂ. കാരണം സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്ന അസംബ്ലി വോട്ടര്‍ പട്ടികയില്‍ ഏത് പേജ് എടുത്താലും പകുതിയിലധികം വീടുകള്‍ക്കും കാണുന്ന വീട്ടു നമ്പര്‍ 0 ആണ് ! നേരിട്ട് പരിശോധിച്ച് ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു കൊണ്ട് പ്രസിദ്ധീകരിച്ചിരിയ്ക്കുന്ന കരട് വോട്ടര്‍ പട്ടികയുടെ കാര്യമാണിത്. മുപ്പത് വോട്ടര്‍മാരുള്ള ഒരു പേജില്‍ പതിനഞ്ചോളം പേരുടെ വീട്ടു നമ്പറും പൂജ്യമാണ് കാണിച്ചിരിയ്ക്കുന്നത്. വീട്ടു പേര് ചേര്‍ത്തിട്ടുള്ള ഭാഗ്യവാന്മാരുടെ പേരിനോടൊപ്പം അത് കാണുന്നുണ്ട് എന്നതു മാത്രമാണ് ഒരാശ്വാസം. എന്നാലും പട്ടികയെ ക്രമീകരിക്കുന്നതിനും കമ്പ്യൂട്ടര്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് തിരയുന്നതിനും ഉപയോഗിയ്ക്കുന്ന സുപ്രധാന വിവരമായ വീട്ടു നമ്പര്‍ എന്തുകൊണ്ട് ഇങ്ങനെ വ്യാപകമായി വിട്ടു കളഞ്ഞു എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.
ഇനി ഇത് ശരിയാക്കണമെങ്കില്‍ ഓരോ കുടുംബവും അതിനുള്ള ഫോം പൂരിപ്പിച്ച് കൊടുക്കുകയും മേല്‍വിലാസം തെളിയിക്കുന്ന രേഖ അപ്ലോഡ് ചെയ്യുകയും, തുടര്‍ന്ന് സര്‍ക്കാരില്‍ നിന്ന് ഒരു BLO യെ നിയോഗിയ്ക്കുകയും അദ്ദേഹം വിവരങ്ങള്‍ പരിശോധിച്ച് ബോദ്ധ്യപ്പെട്ട് തിരുത്തല്‍ വരുത്തുകയും വേണം. ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ എഴുതി നല്കിയ ഒരു വിവരം കൃത്യമായി രേഖപ്പെടുത്താന്‍ വീണ്ടും എത്ര വലിയ തോതില്‍ സമയവും ഊര്‍ജ്ജവും പണവുമാണ് പാഴാക്കുന്നത് എന്ന് നോക്കൂ. ഇനി ഇതൊന്നും ആവശ്യമില്ല, അന്തിമ ലിസ്റ്റില്‍ ശരിയായ വിവരങ്ങള്‍ തന്നെ ഉണ്ടാവും എന്നാണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അത് എത്രയും വേഗം ജനങ്ങളെ അറിയിയ്ക്കണം. ആവശ്യമില്ലാത്ത ചിന്താക്കുഴപ്പവും ആശങ്കയും, പിഴവ് തിരുത്താന്‍ വേണ്ടി പൊതുജനങ്ങള്‍ എടുക്കുന്ന ബദ്ധപ്പാടും ഒഴിവാക്കാം. അപ്പോഴും എന്തുകൊണ്ടാണ് കരട് ലിസ്റ്റില്‍ ഇങ്ങനെ വിവരങ്ങള്‍ തെറ്റായി കാണിയ്ക്കുന്നത് എന്ന ചോദ്യം അവശേഷിക്കും.
ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന പിഡിഎഫ് ഫയലുകളില്‍ കൂനിന്മേല് കുരുവെന്ന പോലെ, കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള സെര്‍ച്ച് ചെയ്യാനും കഴിയുന്നില്ല. ആയിരക്കണക്കിന് വോട്ടര്‍മാരുടെ വിവരങ്ങള്‍ അടങ്ങിയ ഫയലുകളില്‍, സ്വന്തം വീട്ടു നമ്പര്‍ ഇല്ലാതെയും, കമ്പ്യൂട്ടര്‍ സെര്‍ച്ച് തടഞ്ഞും തന്നിരിയ്ക്കുന്ന വോട്ടര്‍ പട്ടികകളില്‍ നിന്ന് എങ്ങനെയാണ് വോട്ടര്‍മാരുടെ വിവരങ്ങള്‍ പരിശോധിച്ച് പിഴവുകള്‍ ചൂണ്ടിക്കാണിക്കുക എന്ന ചോദ്യം വിവിധ തുറകളില്‍ നിന്ന് ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. നിസ്സാരമായി ഒഴിവാക്കാവുന്ന ഇത്തരം കടമ്പകള്‍ തന്നെയല്ലേ വളരെക്കൂടുതല്‍ ആളുകള്‍ എല്ലായ്പ്പോഴും വോട്ടവകാശം നഷ്ടപ്പെട്ട് പട്ടികയ്ക്ക് പുറത്തു നില്ക്കാന് കാരണം ? ഏറ്റവും ലളിതമായിരിയ്ക്കേണ്ട ഇത്തരം സംവിധാനങ്ങള്‍ സങ്കീര്‍ണ്ണവും, സാധാരണക്കാര്‍ക്ക് അപ്രാപ്യവും ആക്കി തീര്‍ക്കുന്നതില്‍ ആര്‍ക്കെങ്കിലും പ്രത്യേക താല്‍പ്പര്യമുണ്ടോ എന്ന് ജനങ്ങള്‍ ശങ്കിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. ഓരോ ഇലക്ഷന് കഴിയുമ്പോഴും വോട്ടിംഗ് മഷീന് ഹാക്ക് ചെയ്തേ എന്ന് ഉണ്ടായില്ലാ വെടി പൊട്ടിക്കുകയും, അത് തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അവസരം നല്കുമ്പോള് മാളത്തിലൊളിക്കുകയും ചെയ്യുന്നവര്‍ സ്വന്തം കണ്മുന്നില് വ്യക്തമായി കാണുന്ന ഇത്തരം ഉദ്യോഗസ്ഥ കെടുകാര്യസ്ഥതകള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്തതെന്ത് ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: