ചവറ: തേങ്ങ വിറ്റെങ്കിലും ജീവിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവറായ പന്മന മുകുന്ദപുരം ശ്രീശിവത്തില്‍ ശിവപ്രസാദ്.
ഇദ്ദേഹം ഇന്ന് ആകെ ധര്‍മസങ്കടത്തിലാണ്. പരിചയക്കാരും കൂട്ടുകാരുമെല്ലാം സഹായിച്ചാണ് കോവിഡ് കാലത്ത് കുടുംബം പുലര്‍ത്താന്‍ തേങ്ങാക്കച്ചവടം ആരംഭിച്ചത്. ഹരിപ്പാട്, ഇടത്വ, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും കേരകര്ഷകരില് നിന്നും ശേഖരിക്കുന്ന തേങ്ങ വീട്ടില്‍ ശേഖരിച്ചുവച്ച് ചെറുകിട വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും നേരിട്ട് വില്‍പ്പന നടത്തിയായിരുന്നു ഉപജീവനം. കൊല്ലം നഗരത്തിലും ചാത്തന്നൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളിലും ഇടപാടുകാര്‍ ഉണ്ട്. എട്ടുമാസമായി ജീവിച്ചുപോകാനാവശ്യമായ വരുമാനം തേങ്ങാവില്പ്പനയിലൂടെ കണ്ടെത്തിയിരുന്നു ശിവപ്രസാദ്.
വെള്ളിയാഴ്ച രാത്രി ഇങ്ങനെ വില്‍പ്പനയ്ക്കായി പറഞ്ഞുവച്ചിരുന്ന 360 തേങ്ങയാണ് മോഷണം പോയത്. വീടിന് സമീപം ഒഴിഞ്ഞ പുരയിടമാണ്. ഇവിടെ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ഇവരാണോ മോഷണത്തിന് പണ്ടിന്നിലെന്ന് സംശയിക്കുന്നുണ്ട്. രണ്ടുമാസം മുമ്പ് വീട്ടിലെ കിണറിനുസമീപം സ്ഥാപിച്ചിരുന്ന മോട്ടോറും മോഷണം പോയിരുന്നു. സമീപത്തെല്ലാം തിരഞ്ഞെങ്കിലും ഒരു തുമ്പും കിട്ടിയില്ലെന്നാണ് ശിവപ്രസാദിന്റെ സങ്കടം. ചവറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: