കൊല്‍ക്കത്ത: ബോളിവുഡ് നടി ആര്യ ബാനര്‍ജിയെ കൊല്‍ക്കത്തയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് മൂക്കില്‍നിന്നും വായില്‍നിന്നും രക്തം ഒഴുകി ചോരയില്‍ കുളിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 35-കാരിയായ നടി, കോളിംഗ് ബെല്‍ അമര്‍ത്തിയിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജോലിക്കാരി സമീപമുള്ള ഫ്ളാറ്റുകളിലും പൊലീസിലും അറിയിക്കുകയായിരുന്നു.
വാതില്‍ പൊളിച്ചാണ് പൊലീസ് അകത്തുകടന്നത്. വളര്‍ത്തുനായ മാത്രമാണ് നടിക്കൊപ്പമുണ്ടായിരുന്നത്. ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ഫ്ളാറ്റില്‍നിന്ന് പൊലീസ് കണ്ടെത്തി. ഓണ്‍ലൈന്‍വഴി ഓര്‍ഡര്‍ നല്‍കിയാണ് ഭക്ഷണം വരുത്തിയിരുന്നത്. സമഗ്ര അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍കോള്‍ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
അയല്‍ക്കാരുമായി കാര്യമായ അടുപ്പം നടിക്കുണ്ടായിരുന്നില്ല. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അടുത്ത ദിവസങ്ങളില്‍ ഫ്ളാറ്റില്‍ ആരെങ്കിലം എത്തിയിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രമുഖ സിത്താര്‍ വാദകനായ നിഖില്‍ ബാനര്‍ജിയുടെ മകളാണ് ഡേര്‍ട്ടി പിക്ചര്‍ എന്ന ബോളിവുഡ് സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ആര്യ. ദേവദത്ത ബാനര്‍ജി എന്നാണ് യഥാര്‍ഥ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: