ഹിമാചല്‍പ്രദേശിലെ വിശദമായ പഠനപര്യടനത്തിനു ശേഷം ചണ്ഡീഗറില്‍ നിന്ന് വൈകുന്നേരത്തെ വണ്ടിയില്‍ ദില്ലിക്കു പുറപ്പെട്ടതാണ് ഞങ്ങള്‍. ഔദ്യോഗിക ആവശ്യങ്ങള്‍ക്കു വന്നു മടങ്ങുന്ന ഉപരിവിഭാഗത്തില്പ്പെടുന്നവരാണ് യാത്രികരില്‍ ഏറെയും. അതിനിടയില്‍, അല്പമകലെ പരിചിതമായ ഒരു മുഖം. നിമിഷങ്ങള്‍ക്കകം ആളെ തിരിച്ചറിഞ്ഞ ഞങ്ങള്‍ ചെറിയൊരാവത്തോടെ അങ്ങോട്ടു കുതിച്ചു. പ്രൊഫസര്‍ യശ്പാല്‍. ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്തിന് മറക്കാനാവാത്ത പേര്. നിര്‍ണ്ണായകമായ രണ്ടു വിദ്യാഭ്യാസ കമ്മീഷനുകളുടെ ചെയര്‍മാനായ ഒരേയൊരാള്‍. പ്രൈമറി വിദ്യാഭ്യാസത്തെ കുറിച്ച് പഠിക്കാനായി കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയം 1993 ല്‍ നിയമിച്ച ദേശീയ ഉപദേശകസമിതി ചെയര്മാന് പ്രഫസര്‍ യശ്പാലായിരുന്നു. ആ കമ്മിറ്റിയാണ് ക്ലേശരഹിതപഠനം ഘലമൃിശിഴ ംശവേീൗ േആൗൃറലി എന്ന പേരില്‍ പിന്നീട് പ്രസിദ്ധമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാന്‍ 2009 ല്‍ നിയമിക്കപ്പെട്ട കമ്മീഷന്റെ ചെയര്‍മാനും അദ്ദേഹമായിരുന്നു.
കേരളത്തില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാഭ്യാസ പ്രവര്‍ത്തകരെ അപ്രതീക്ഷിതമായി കണ്ടപ്പോള്‍ പ്രൊഫ. യശ്പാല്‍ ആവേശഭരിതനായി. പലതും ചോദിച്ച കൂട്ടത്തില്‍ പഠനഭാരവും പരാമര്‍ശിക്കപ്പെട്ടു. അതുവരെ അഭിമാനത്തോടെ സംസാരിച്ചിരുന്ന ഞങ്ങള്‍ക്ക് ക്രാന്തദര്‍ശിയായ ആ വിദ്യാഭ്യാസ വിചക്ഷണനു മുമ്പില്‍ തലകുനിക്കേണ്ടി വന്നു.
‘സ്കൂള്‍ ബാഗ് നയം-2020’ എന്ന പേരില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശം പുറത്തു വന്നതാണ് പ്രൊഫ.യശ്പാലിനെ വീണ്ടും ഓര്‍ക്കാനായത്. സ്കൂള്‍ ബാഗുകളുടെ ഭാരം കുറച്ചും ഗൃഹപാഠത്തിന് നിയന്ത്രണം ഏര്പ്പെടുത്തിയുമുള്ളതാണ് ഈ പുതിയ നയം. ബാഗിന്റെ ഭാരം കുറയ്ക്കാന്‍ ഏതാനും നിര്‍ദ്ദേശങ്ങള്‍ നയം മുന്നോട്ടു വെയ്ക്കുന്നു. പുസ്തകപ്രസാധകര്തന്നെ എല്ലാ പുസ്തകങ്ങളിലും അതാതിന്റെ ഭാരം രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന പുസ്തകങ്ങളുടെ ഭാരം അധ്യാപകര്‍ പരിശോധിക്കണം. ഉച്ചഭക്ഷണവും കുടിവെള്ളവും കുട്ടികള്‍ ചുമന്നുകൊണ്ടുവരുന്നതു നിര്‍ത്തണം. അവ സ്കൂളില്‍ ലഭ്യമാക്കണം. ഇടയ്ക്കിടെ അധികൃതര്‍ കുട്ടികളുടെ ബാഗിന്റെ ഭാരം പരിശോധിക്കണം. ഇതിനായി ഡിജിറ്റല്‍ മെഷീന് സ്കൂളുകളില്‍ സജ്ജീകരിക്കണം. കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും സ്വീകരിച്ച നിര്‍ദ്ദേശങ്ങളോടെയാണ് നയത്തിന് രൂപം നല്‍കിയത്.
പ്രീ-പ്രൈമറിക്കാര്‍ക്ക് ബാഗ് പാടില്ല. രണ്ടാം ക്ലാസുവരെ 2.2 കിലോഗ്രാമും, അഞ്ചാം ക്ലാസു വരെ രണ്ടരകിലോഗ്രാമും പരമാവധി ഭാരമാകാം. 6,7 ക്ലാസുകാര്‍ക്ക് മൂന്നുകിലോയും എട്ടാം ക്ലാസുകാര്‍ക്ക് നാലു കിലോയും ബാഗിന് ഭാരമാകാം. രണ്ടാം ക്ലാസുവരെ ഗൃഹപാഠം തീരെ പാടില്ല. ഏഴുവയസ്സുള്ള രണ്ടാം ക്ലാസുകാര്‍ക്ക് അധികസമയം ഇരുന്നു പഠിക്കാന്‍ കഴിയില്ല. അതിനാല്‍ ഗൃഹപാഠത്തിനു പകരം, പിറ്റേന്ന് അധ്യാപകര്‍ ചില ചോദ്യങ്ങളിലൂടെ വൈകുന്നേരം വീട്ടില്‍ എന്തെല്ലാം ചെയ്തു എന്നു പറയിപ്പിക്കണം. കളികള്‍, ആഹാരം, വീട്ടിലെ പ്രവര്‍ത്തനങ്ങള്‍- ഇതൊക്കെ ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്താം. അഞ്ചാം ക്ലാസുവരെയുള്ളവര്‍ക്ക് ആഴ്ചയില്‍ രണ്ടു മണിക്കൂറിനുള്ള ഗൃഹപാഠം നല്‍കാം. ഇവരും വൈകുന്നേരം ചെയ്ത കാര്യങ്ങള്‍ പറയണം. എട്ടാം ക്ലാസുവരെയുള്ളവര്‍ക്ക് പ്രതിദിനം ഒരു മണിക്കൂറും അതിനു മുകളിലുള്ളവര്‍ക്ക് രണ്ടു മണിക്കൂറും ഗൃഹപാഠത്തിനായി ചെലവഴിക്കാം, ഇതൊക്കെയാണ് എന്‍.സി.ഇ.ആര്.ടി തയ്യാറാക്കിയ നയത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇരുപത്തേഴുവര്ഷങ്ങള്ക്കു മുമ്പ്, ക്ലേശരഹിതപഠനം എന്ന പേരില്‍ പ്രൊഫ. യശ്പാല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവിടെ വീണ്ടണ്ടും പ്രസക്തമാകുന്നു. .
ഇതിനിണങ്ങും വിധം അധ്യാപകപരിശീലനത്തിലും കാതലായ പരിഷ്ക്കരണങ്ങള്‍ വേണമെന്ന് കമ്മീഷന് അഭിപ്രായപ്പെട്ടു. ഈ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, പതിനാലു വര്‍ഷം മാറ്റാതെ വെച്ചിരുന്ന, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പുനപരിശോധിക്കാന്‍ എന്‍.സി.ഇ.ആര്.ടി 2006 ല്‍ തീരുമാനിച്ചു. ചടുലമായ പരിവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ വിദ്യാഭ്യാസമേഖലയില്‍ ദൃശ്യമാകുന്നത് അതു മുതലാണ്. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പഠനം ഭാരമേറിയ ദൗത്യമായി മാറുന്നു എന്ന കമ്മീഷന്റെ കണ്ടെത്തലാണ് നിര്‍ണ്ണായകമായ ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്കു കാരണമായത്.
യശ്പാല്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വന്നിട്ട് 27 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. പ്രൈമറി, പ്രീ-പ്രൈമറി മേഖലകളില്‍ ഊന്നിയാണ് ‘ക്ലേശരഹിതപഠനം’ എന്ന ആശയം തന്നെ രൂപം കൊണ്ടത്. പരിഷ്കൃത രാജ്യങ്ങളെല്ലാം പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് അതീവ പ്രാധാന്യം നല്കി വരുമ്പോഴും ഇവിടെയത് അവഗണിക്കപ്പെട്ട മേഖലയായി നിലനിന്നു. വിദ്യാഭ്യാസത്തില്‍ രാജ്യത്തിനു തന്നെ മാതൃകയെന്നു കണക്കാക്കപ്പെടുന്ന കേരളവും ഇക്കാര്യത്തില്‍ കുതിപ്പുകള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. പ്രൈമറി സ്കൂളുകളില്‍ അഡ്മിഷന് ഉറപ്പിക്കുന്നതിനുവേണ്ടി അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ മേല്‍ നോട്ടത്തില്‍ പ്രീപ്രൈമറി ക്ലാസുകള്‍ നടത്തുന്ന കാഴ്ചയാണ് അടുത്ത കാലം വരെ ഇവിടെയുണ്ടായിരുന്നത്. അംഗനവാടികളാകട്ടെ സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിലുമാണ്.
കേന്ദ്രീകൃതമായ സഹായസംവിധാനങ്ങളോ ഏകോപനമോ ഇല്ലാതെ വ്യത്യസ്ത ഏജന്‍സികള്‍ തോന്നുംപടി നടത്തിക്കൊണ്ടു പോന്നിരുന്ന പ്രീ-പ്രൈമറി വിദ്യാഭ്യാസം ഗൗരവത്തോടെ സമീപിക്കപ്പെടുകയാണിപ്പോള്. അതിനു നിമിത്തമായത് ദേശീയ വിദ്യാഭ്യാസനയം 2020 ലെ നിര്‍ണായകമായ സ്കൂള്‍ ഘടനയെ സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ്.
4+3+3 എന്ന രീതിയില്‍ പത്താംതരം വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസമാണ് പരമ്പരാഗതമായി ഇവിടെ നിലനിന്നിരുന്നത്. പിന്നീട് പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ സ്കൂള്‍ പഠനത്തിന്റെ തുടര്‍ച്ചയായി വന്നു (4+3+3+2) വിദ്യാഭ്യാസ അവകാശനിയമവും പുറത്തുവന്നപ്പോള്‍ ഈ ഘടനയില്‍ ചെറിയ മാറ്റം നിര്‍ദ്ദേശിക്കപ്പെട്ടു. അതു പ്രകാരം അഞ്ചാം ക്ലാസ് എല്‍.പിയുടെ ഭാഗവും എട്ടാക്ലാസ് യുപിയുടെ ഭാഗമായും മാറി (5+3+2+2). കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഈ മാറ്റം നടപ്പായപ്പോള്‍ മാനേജ്മെന്റ് സ്ഥാപനങ്ങളുടെ കടുംപിടുത്തം കേരളത്തെ അതില്‍ നിന്നും തടഞ്ഞു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന വിദ്യാഭ്യാസ അവകാശനിയമത്തിലെ നിര്‍ദ്ദേശമാണ് വാസ്തവത്തില്‍ മാനേജര്‍മാരെ പ്രകോപിപ്പിച്ചത്. അത് തങ്ങളുടെ അവകാശാധികാരങ്ങള് കവര്‍ന്നെടുക്കാനുള്ള തന്ത്രമാണെന്ന് അവര്‍ ധരിച്ചു. സ്ഥാപനങ്ങളില്‍ കൂടുതലും എയ്ഡഡായതിനാല് (ഈ പ്രതിഭാസം കേരളത്തില്‍ മാത്രമേയുള്ളൂ) സര്‍ക്കാറുകള്‍ക്ക് വഴങ്ങേണ്ടിയും വന്നു. അങ്ങനെ എസ്.എം.സി കള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രം നിലവില്‍ വരികയും എയിഡഡ് സ്കൂള്‍ പഴയ പി.ടി.എകളുമായി മുന്നോട്ടു പോവുകയും ചെയ്തു. നിര്‍ദ്ദേശിക്കപ്പെട്ട ഘടനാമാറ്റം എവിടെയും നടപ്പായതുമില്ല.
പുതിയ ദേശീയവിദ്യാഭ്യാസനയം പ്രധാനമായും സ്കൂള്‍ വിദ്യാഭ്യാസത്തിലെ ഘടനാമാറ്റമെന്ന ആശയം മുന്നോട്ട് വെച്ചു 5+3+3+4 എന്ന മട്ടില്‍ സ്കൂളുകളുടെ ഘടനയില്‍ മാറ്റംവരുത്തുകയാണ് ഓരോന്നും. യഥാക്രമം ഫൗണ്ടേഷനല്‍, പ്രിപ്പറേറ്ററി, മിഡില്‍ സെക്കന്ററി എന്നീ പേരുകളില്‍ അറിയപ്പെടും. പന്ത്രണ്ടു വര്‍ഷത്തെ സ്കൂള്‍ വിദ്യാഭ്യാസം എന്ന നിലവിലെ രീതി മാറ്റുകയും അത് പതിനഞ്ചുവര്‍ഷമായി ദീര്‍ഘിപ്പിക്കുകയും ചെയ്യും. ഇതൊരു ചെറിയ കാര്യമല്ല. മനുഷ്യമസ്തിഷ്കത്തിന്റെ സഞ്ചിതവികാസം. 85 ശതമാനവും ആറു വയസ്സിനു മുമ്പാണെന്നതു തെളിയിക്കപ്പെട്ട വസ്തുതയാണ്. അതു കൊണ്ടാണ് പ്രീപ്രൈമറി, പ്രൈമറി വിഭാഗങ്ങള്‍ക്ക് മുന്തിയ പരിഗണന നല്കാന്ലോകരാജ്യങ്ങള് മത്സരിക്കുന്നത്. പാഠ്യപദ്ധതി, അദ്ധ്യാപക പരിശീലനം തുടങ്ങിയ മേഖലകളിലെല്ലാം തുടക്കക്കാരെ കേന്ദ്രസ്ഥാനത്തു നിര്‍ത്തിയുള്ള സമീപനമാണ് എല്ലാവരും സ്വീകരിക്കുന്നത്.
പൂര്വപ്രൈമറി ഘട്ടത്തിലെ ശ്രദ്ധയും പഠനവും വിദ്യാഭ്യാസത്തിന്റെ അടിത്തറയായി പുതിയ നയത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇതിനായി ഒട്ടേറെ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെയ്ക്കുന്നു. അതിന്റെ സ്വഭാവം, ഉള്ളടക്കം, സമീപനം എന്നിവയെക്കുറിച്ചും നയം വാചാലമാകുന്നുണ്ട്. അതിനായി പ്രത്യേകപാഠ്യപദ്ധതി ചട്ടക്കൂട്ട് രൂപീകരിക്കുമെന്നും പറയുന്നു. അതിന്റെ ചുമതലയും എന്‍.സി.ഇ.ആര്.ടിക്കാണ്
സ്കൂള്‍ കോംപ്ലക്സുകള്‍ രൂപീകരിക്കണമെന്ന ദേശീയ വിദ്യാഭ്യാസനയത്തിലെ നിര്‍ദ്ദേശം പ്രൈമറി- പ്രീപ്രൈമറി ഘട്ടങ്ങളുടെ ശാക്തീകരണത്തിനാണെന്നു വേണം കരുതാന്‍. ചെറിയ സ്ഥാപനങ്ങളുടെ ഒറ്റപ്പെടുന്ന അവസ്ഥ ഇല്ലാതാകുമെന്നതാണ് ഇതിലെ മേന്മ. നാട്ടുകലകള്‍, കൈത്തൊഴിലുകള്‍, കാര്‍ഷിക രീതികള്‍- ഇതൊക്കെ പരിചയപ്പെടാന്‍ കുട്ടികള്‍ക്ക് അവസാരമൊരുക്കാം. സാമൂഹ്യപ്രവര്‍ത്തകര്‍, സാങ്കേതിക വിദഗ്ധര്‍, കലാകാരന്മാര് ഇങ്ങനെ പ്രാദേശിക തലത്തില്‍ കഴിവു തെളിയിച്ചവരെയൊക്കെ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ കഴിയും. നിലവില്‍ അധ്യാപകരുടെ സമയത്തിന്റെ നല്ലൊരു പങ്കും പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണ്ടി വരുന്നുണ്ട്. പ്രാദേശികമായ പിന്തുണ കൂട്ടുന്നതോടെ അവര്‍ക്ക് പഠനപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കാന്‍ സമയം കിട്ടും.
കോംപ്ലക്സുകള്‍ സജീവമാകുന്നതോടെ പഠനരീതികളിലും തന്ത്രങ്ങളിലും വിലയിരുത്തലുകളുമൊക്കെ ആരോഗ്യകരമായ മത്സരം തന്നെ നടക്കാനിടയുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സജീവമാക്കാനും നൂതനാശയങ്ങളുടെ കേന്ദ്രങ്ങളായിസ്കൂളുകള് മാറാനും അതിടയാക്കും.അത്തരം ഇടങ്ങളിലേയ്ക്കാണ് കുട്ടികള്‍ പോകുന്നത്. അവിടെ പാഠപുസ്തകങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കല്ല, പ്രീപ്രൈമറിയില്‍ വിശേഷിച്ചും, മുന്‍ഗണന, അവര്‍ക്ക് ബാഗിന്റെ ആവശ്യവും, വരില്ല. ഉയര്‍ന്ന ക്ലാസുകളലേയ്ക്കു പോകുന്നതിനനുസരിച്ച് വിഷയാടിസ്ഥാനത്തിലുള്ള പ്രാധാന്യം കൂടിവരും. സ്വാഭാവികമായും പുസ്തകങ്ങളുടെ എണ്ണവും കൂടും
പഠനഭാരം എന്നൊരു പദമില്ല. ഭാരമുള്ള പഠനമല്ല. അറിയുന്നതിനോട് അറിയാത്തവ സ്വാഭാവികമായി കൂടിച്ചേര്‍ന്നു മുന്നേറുന്നതാണ് പഠനം. ഭാരമുള്ളവ അങ്ങനെ കൂടിചേരില്ല. അതു വേറെതന്നെ നില്ക്കും. ഉള്ള അറിവ് ആര്‍ക്കും ഭാരമല്ല. അതിനോട് കൂടിച്ചേരേണ്ടതാണ് ഭാരമുള്ളതായി വിലയിരുത്തപ്പെടുന്നത്. ഇവിടെ കുട്ടി നിസ്സഹായനാകുന്നത് ഭാരരഹിതമായി പുതിയ അറിവുകള്‍ സ്വാംശീകരിക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടാണ്. അതുണ്ടാക്കേണ്ടത് കുട്ടിയല്ല. രാഷ്ട്രീയനേതാക്കളും, അദ്ധ്യാപകരും, സമൂഹവും, സംവിധാനവും ചേര്‍ന്നാണ്.
ഭാരം ചുമരില്‍ പേറി നടക്കുന്ന കുട്ടി പഠനത്തെ ഭയക്കുക സ്വാഭാവികമാണ്. അതു മനശ്ശാസ്ത്രപരവുമാണ്, ശാരീരികവുമാണ്, താങ്ങാവുന്നതേ കൊടുക്കാവൂ. പഠിക്കാനും, ചെയ്യാനും, ഭക്ഷിക്കാനും. പഠനത്തെ രസകരവും അനായാസവുമാക്കുന്നത് അതിലെ ലാളിത്യമാണ്. ഏതു പ്രായത്തിലും. അതിനാല്‍ കൊച്ചുകുട്ടികള്‍ കയ്യും വീശിത്തന്നെ സ്കൂളില്‍ പോകട്ടെ. മുതിര്‍ന്നവര്‍ അവരറിയാതെ ചുമന്നുപോകുന്ന തൂവല്കെട്ടുകളുമായും നടന്നു നീങ്ങട്ടെ. അറിവുകള്‍ ശാക്തീരിക്കേണ്ടത് മനസ്സിനെയും മേധയെയുമാണ്, ചുമലുകളെയല്ല.
ലോകത്തെങ്ങും പഠനം ഔപചാരികമാണ് (. സ്കൂളുകള്‍ ഔപചാരിക പഠന കേന്ദ്രങ്ങളുമാണ്. വീടുകള്‍ അങ്ങനെയല്ല. ആവാസകേന്ദ്രമാണ്. തീര്‍ച്ചയായും പഠനത്തെ ഉത്തേജിപ്പിക്കാന്‍ വീടുകള്ക്കാവും അത് ക്ലാസ് മുറിയിലെ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ തുടര്‍ച്ചയിലൂടെ വേണമെന്നില്ല ക്ലാസില്‍ അനായാസമായി ചെയ്തു വിജയിച്ച ഒരു പ്രവര്‍ത്തനമോ അതിന്റെ തുടര്‍ച്ചയോ വീട്ടിലിരുന്നു ചെയ്യുന്ന ഒരു കുട്ടി. ക്ലാസില്‍ തലകുത്തി മറിഞ്ഞിട്ടും ചെയ്യാനാകാതെ പോയ ഒരു പ്രവര്‍ത്തനം. വീട്ടിലിരുന്നും ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന മറ്റൊരു കുട്ടി. ഇതില്‍ ഏതാണ് യഥാര്‍ത്ഥ ഗൃഹപാഠം?
ക്ലാസില്‍ ചെയ്യാനാവാത്ത പഠനപ്രവര്‍ത്തനം മെനക്കെട്ടിരുന്നു ചെയ്തു തീര്‍ക്കാനുള്ള ഇടമല്ല വീട്. പഠനത്തിലെ കഠിന മേഖലകള്‍ തരണം ചെയ്യാന്‍ സഹായിക്കലാണ് അധ്യാപകന്റെ മുഖ്യകര്‍ത്തവ്യം. അതൊന്നും ഗൃഹപാഠമായി നിയോഗിക്കാനാവില്ല. എങ്ങനെ നോക്കിയാലും കാലാനുസൃതമായ നിര്‍ദ്ദേശങ്ങളാണ് സ്കൂള്‍ ബാഗ് നയത്തിലൂടെ ഇപ്പോള്‍ മുന്നോട്ടു വെയ്ക്കപ്പെട്ടതെന്ന് കാണാം. വിദ്യാഭ്യാസത്തെ സംബന്ധിച്ച് വ്യാപകമായിക്കഴിഞ്ഞ വികലധാരണകള്‍ തിരുത്തിക്കുറിക്കാനും ഇത്തരം നയങ്ങളും സമീപനങ്ങളും അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: