ഒരുനാള്‍ പിന്നിട്ടാല്‍ മൂന്നാംഘട്ടവോട്ടെടുപ്പായി. രണ്ടുഘട്ട വോട്ടെടുപ്പും വിവാദചുഴിയിലായിരുന്നു. സ്വര്‍ണക്കള്ളക്കടത്ത്, ഇരുമുന്നണികളുടെയും അഴിമതി എന്നിവയാല്‍ ശബ്്ദമുഖരിതമാകുന്നതാണ് കണ്ടത്. മുന്‍മന്ത്രിയും എംഎല്‍എയുമൊക്കെ തടവിലായത് പ്രതിപക്ഷമുന്നണിയെ വെട്ടിലാക്കി. ഭരണപക്ഷത്താകട്ടെ അതിലേറെ കഷ്ടത്തിലുമായി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പാള്‍ സെക്രട്ടറി തടവിലാണ്. അന്വേഷണ ഏജന്‍സികള്‍ മന്ത്രിസഭയെ ആകെ വരിഞ്ഞുമുറുക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അന്വേഷണ ഏജന്‍സിക്ക് മുന്നിലെത്താന്‍ ഭയക്കുകയാണ്. ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ കര്‍ശനമായ അസുഖം. പ്രതിപ്പട്ടികയില്‍ നില്‍ക്കുന്നവരെല്ലാം ഇപ്പോള്‍ അങ്ങിനെയാണ്.
പ്രതിപക്ഷ നേതാവിനെ കുടുക്കും, എംഎല്‍എമാരും കുടുങ്ങും എന്നൊക്കെ സജീവ ചര്‍ച്ചയാണ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും ആരോപണ പെരുമഴ. എഴുതാന്‍ പറ്റാത്ത വിഷയങ്ങളാണ് എഴുന്നള്ളിക്കുന്നത്. എല്ലാം കൊണ്ടും മുമ്പെങ്ങുമില്ലാത്തവിധം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് തട്ടുതകര്‍പ്പന്‍തന്നെ. ഞങ്ങള്‍ ജയിക്കും ഞങ്ങള്‍ ഭരിക്കും എന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നത് പതിവാണ്. അതോടൊപ്പം ബിജെപി നയിക്കുന്ന എന്‍ഡിഎയാണ് ഇരുകൂട്ടര്‍ക്കും ഇപ്പോള്‍ നെഞ്ചിടിപ്പ് കൂട്ടുന്നത്. ജനങ്ങള്‍ക്കിടയില്‍ ബിജെപിക്കുണ്ടായ സ്വീകാര്യതയാണ് അതിന് കാരണം.
ഒന്നാംഘട്ടം വോട്ടെടുപ്പ് തീര്‍ന്നപ്പോള്‍ ഇടതുപറയുന്നു ബിജെപിയും കോണ്‍ഗ്രസും ചങ്ങാത്തത്തിലാണെന്ന്. വലതുമുന്നണിയാകട്ടെ സിപിഎമ്മും ബിജെപിയും ഒത്തുകളിച്ചെന്ന്. തങ്ങളുടെ അണികളിലും ജനങ്ങളിലും ഇരുകൂട്ടര്‍ക്കും വിശ്വാസം നഷ്ടപ്പെട്ടു എന്ന് ചുരുക്കം. ആരെയും അത്ഭുതപ്പെടുത്തുംവിധം എന്‍ഡിഎയ്ക്ക് അനുകൂലമായി ജനമുന്നേറ്റമായിരുന്നു എങ്ങും. അതുകണ്ടാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് തിരുവനന്തപുരം നഗരസഭയിലെ 20 സീറ്റുകളില്‍ അട്ടിമറി എന്നാക്ഷേപിച്ചത്. അട്ടിമറിയുടെ ആശാന്മാരാണ് തിരുവനന്തപുരത്തെ സിപിഎമ്മുകാര്‍. ഒ. രാജോഗോപാലിനെ തോല്‍പ്പിക്കാന്‍ ശശി തരൂരിന് വോട്ടുമറിച്ചത് മറക്കാനാകുമോ? സിപിഐ ജയിച്ചുപോന്ന സീറ്റില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മുകാര്‍ സഹായിച്ചെന്ന് കെ. മുരളീധരന് പരസ്യമായി പറഞ്ഞു. പാര്ട്ടിക്കാര് മറിച്ചുവോട്ടുചെയ്തെന്ന് സിപിഎം സ്ഥാനാര്‍ഥി സീമ പരാതിപ്പെടുകയും ചെയ്തു.
വെട്ടിപ്പ് കേസില്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന കമറുദ്ദീനെ മഞ്ചേശ്വരത്ത് നിന്ന് ജയിപ്പിച്ചത് സിപിഎം അല്ലേ? അതുകൊണ്ടല്ലെ എല്‍ഡിഎഫ് അവിടെ മൂന്നാം സ്ഥാനാത്തെത്തിയത്?
തിരുവനന്തപുരത്തെ ഇടതുഭരണം അഞ്ചുവര്‍ഷം നടന്നത് എങ്ങിനെയാണ്. 100 അംഗ നഗരസഭയില്‍ 44 സീറ്റ് മാത്രമുള്ള ഇടതിനെ കോണ്‍ഗ്രസ് സഹായിക്കുകയായിരുന്നില്ലെ. ഇതുകണ്ട ജനത ഇവരിരുവരെയും പാഠം പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തലസ്ഥാന നഗര വികസനം വിസ്മരിച്ച ഭരണമാണ് ഇരുകൂട്ടരും നടത്തിയത്.
ഒന്നര നൂറ്റാണ്ടിലേറെ പഴക്കവും 10 ലക്ഷത്തിനധികം ജനസംഖ്യയുമുണ്ട് നഗരത്തില്‍. ഈ പുരാതന നഗരം ഒരു കാലത്ത് ഇന്ത്യയില്‍ തന്നെ ശുചിത്വത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു. പ്രകൃത്യായുള്ള നീരൊഴുക്ക്, ഹരിതാഭമായ അന്തരീക്ഷം. എല്ലാം കൊണ്ടും കുലീനവും ശാലീനവുമായ നഗരം.
മഹാരാജാ ആയില്യം തിരുനാള്‍ 1877ല്‍ അഞ്ചു ഡിവിഷനുകളില്‍ നിന്നായി 19 അംഗ ഭരണ സമിതിക്ക് രൂപം നല്കി. ദിവാന് പേഷ്കാര്‍ ഇരവി പേരൂര്പിള്ളയായിരുന്നു അധ്യക്ഷന്‍. 1920 ല്‍ മുന്‍സിപ്പാലിറ്റിയായി. രണ്ട് പതിറ്റാണ്ടിനുശേഷം ശ്രീചിത്തിര തിരുനാളിന്റെ കാലത്താണ് മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷനാകുന്നത്.
കേരളത്തിലെ ആദ്യത്തെ കോര്പ്പറേഷന് 214.86 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതമാണ്. സംസ്കാരത്തിലും സാഹിത്യത്തിലും വിദ്യാഭ്യാസത്തിലുമെല്ലാം മുന്നില്‍ നില്ക്കുന്ന നഗരം. എന്നിട്ടും ഇന്ത്യയിലെ 100 മികച്ച നഗരങ്ങളില്‍ സ്ഥാനം പിടിക്കാന്‍ നമ്മുടെ നഗരങ്ങളില്‍ സ്ഥാനം പിടിക്കാന്‍ തലസ്ഥാന നഗരത്തിനായില്ല. അതിനായി പരിശ്രമിക്കാന്‍ ശ്രദ്ധിച്ചില്ല. നമ്മള് ചെയ്യേണ്ട കാര്യങ്ങളോട് മുഖം തിരിച്ച് നിന്നും. നഗരഭരണക്കാര്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ വിസ്മരിച്ചു. ആ തെറ്റ് മറച്ച് വയ്ക്കാന്‍ അവഗണനയെന്ന പല്ലവി പടിക്കൊണ്ടിരുന്നു.
അടുത്ത കാലത്ത് പുനെ, അഹമ്മദാബാദ്, ബംഗളുരു, ഹൈദ്രാബാദ് നഗരങ്ങള്‍ക്ക് മെട്രോ പദവി ലഭിച്ചു. ഒരു കാലത്ത് പെന്‍ഷന്‍കാരുടെ പറുദീസ എന്നറിയപ്പെട്ടിരുന്ന പൂനെയ്ക്ക് ഇതോടെ വന്‍ പരിഷ്ക്കാരമെത്തി. പദ്ധതികള്‍ വന്നു. മെട്രോ നഗരങ്ങള്‍ക്ക് മികച്ച ജീവിത സാഹചര്യം ലഭ്യമാകും. തൊഴില്‍ സാധ്യതയേറും. അതൊക്കെ ലഭ്യമാക്കാമെന്ന് നഗരം ഇതുവരെ ഭരിച്ചവര്‍ക്കൊന്നും ധാരണയില്ല. നഗരത്തിന്റെ നന്മയും മേന്മയും വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്ന പദ്ധതികള്‍ പോലും തിരസ്കരിക്കുന്ന സമീപനം, അത് മാറണം. മാറ്റണം. തലപ്പത്തെത്തുന്ന വ്യക്തികള്‍ മാറിയതുകൊണ് കാര്യമില്ല. അവരെ മുന്നില്‍ നിര്‍ത്തുന്ന പ്രത്യയ ശാസ്ത്രമാണ് മാറേണ്ടത്.
ഇതുപറയുമ്പോള്‍ ബിജെപി വര്‍ഗീയ പാര്‍ട്ടിയെന്ന പഴയ പല്ലവി ആവര്‍ത്തിക്കും. കാലവും ജനങ്ങളുടെ മനോഭാവവും മാറിയത് ഇവരറിയുന്നില്ല. ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തില്‍ മുസ്ലീംനേതാക്കളുടെ സംഖ്യ നന്നേ കുറവായിരുന്നു. ജമ്മു-കാശ്മീരില്‍ ഒരു ഷെയ്ക്ക് അബ്ദുറഹ്മാന്. മധ്യപ്രദേശില്‍ ആരിഫ് ബേഗ്, തീര്‍ന്നു. പേര് കേള്‍ക്കാത്ത കുറേ അണികളും. ബിജെപിയില്‍ ഇന്ന് എല്ലാ മേഖലയിലും മുസ്ലീം-ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്ന് ഒട്ടനവധി നേതാക്കളുണ്ട്. സിപിഎമ്മിന് ഉള്ളതിനേക്കാള്‍ മുസ്ലീം അണികളും നേതാക്കളും ഇന്ന് ബിജെപിക്ക് ഒപ്പമാണ്. അതാണ് കഴിഞ്ഞദിവസം മുന്‍ കാലിക്കറ്റ് സര്‍വകലാശാലാ വിസി ഡോ. അബ്ദുള്‍സലാം വിവരിച്ചത്. മുസ്ലീം വനിതകളും യുവാക്കളും നരേന്ദ്രമോദിയുടെ കാഴ്ചപ്പാടുകളെയും നടപടികളെയും അംഗീകരിക്കുന്നു എന്നാണ് അദ്ദേഹം എഴുതിയത്. തിരുവനന്തപുരം വോട്ടെടുപ്പില്‍ അത് പ്രകടമായി. ബിജെപിയെ തോല്‍പ്പിക്കാന്‍ വാശിയോടെ ഇറങ്ങുന്ന മേഖലയില്‍ അതുണ്ടായി. വോട്ട് ചെയ്തവരുടെ എണ്ണം കുറഞ്ഞു. ചെയ്ത വോട്ടില്‍ നല്ലപങ്ക് താമരയോട് ചേര്‍ന്നുനിന്നു.
മൂന്നാംഘട്ട വോട്ട് ചെയ്യുമ്പോഴും അതുണ്ടാകും. ജനങ്ങള്‍ എല്ലാം കാണുകയല്ലെ. മുമ്പൊക്കെ മന്ത്രിമാരും എംഎല്‍എമാരും കോഴക്കാരെന്നേ കേട്ടിട്ടുള്ളൂ. ഇപ്പോള്‍ സ്പീക്കറും സംശയത്തിന്റെ നിഴലിലാണ്. എട്ടാം കേരള നിയമഭയില്‍ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ഭാര്‍ഗവതി തങ്കപ്പനെതിരെ ശക്തമായ ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനുശേഷം ഇപ്പോഴാണ് സ്പീക്കറും വിവാദ ചുഴിയിലാകുന്നത്.
സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണിയായ സ്വപ്നയെ തള്ളിപ്പറയാനൊന്നും സ്പീക്കര്‍ തയ്യാറായിട്ടില്ല. അവരുമായി പരിചയമുണ്ട്. ഒരുമിച്ച് വിദേശത്തുപോയിട്ടില്ല എന്നുപറഞ്ഞ സ്പീക്കര്‍, താനവരെ കണ്ടിട്ടില്ലെന്ന് പറയുന്നില്ല. പ്രതിപക്ഷനേതാവ് ഒരുപാട് ആരോപണങ്ങള്‍ സ്പീക്കര്‍ക്കെതിരെ ഉന്നയിച്ചു. അതിനുള്ള മറുപടി കേട്ടപ്പോള്‍ മല എലിയെ പ്രസവിച്ചു എന്ന പോലെയായി മറുപടി.
സ്പീക്കറുടെ ശബ്ദവും ശരീരഭാഷയും ശ്രദ്ധിച്ചാല്‍ ‘വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന് വിളിക്കല്ലെ’ എന്ന പോലെ. ഈ വിഷയങ്ങളെല്ലാം വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട്. 16 ന് വോട്ടെണ്ണി തീരുമ്പോള്‍ മുന്നണികള്‍ രണ്ടും നെടുവീര്‍പ്പിടുന്നത് കാണാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: