കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 14ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ജില്ല പൂര്‍ണ സജ്ജമായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പിനുള്ള മുഴുവന്‍ ഒരുക്കങ്ങളും നടപടിക്രമങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.
ജില്ലയില്‍ ആകെ 20,00,922 വോട്ടര്‍മാരാണ് ഉള്ളത്. 9,31,400 പുരുഷന്മാരും 10,69,518 സ്ത്രീകളും നാല് ഭിന്നലിംഗക്കാരുമാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, 71 ഗ്രാമ പഞ്ചായത്തുകള്‍, കണ്ണൂര്‍ കോര്പറേഷന്, എട്ടു നഗരസഭകള്‍ എന്നിവിടങ്ങളിലെ 1682 നിയോജക മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി 96 റിട്ടേണിംഗ് ഓഫീസര്‍മാരെ നിയോഗിച്ചു കഴിഞ്ഞു. 2463 പോളിംഗ് ബൂത്തുകള്‍ വോട്ടെടുപ്പിനായി ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രശ്നസാധ്യതതയുള്ള 940 ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിനു പുറമെ 500ലധികം ബൂത്തുകളില്‍ വീഡിയോ ചിത്രീകരണത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. ആവശ്യമായ ഇടങ്ങളില്‍ കമാന്റോകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂര്‍ത്തിയായി. ഇവ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ നാളെ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകഴിഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കാന്‍ നിശ്ചിത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സമയക്രമം അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയതായും ജില്ലാ കലക്ടര്‍ പറഞ്ഞു.
12315 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. പതിനായിരത്തിലേറെ പൊലീസ് സേനാംഗങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാലായിരത്തോളം ആരോഗ്യ വകുപ്പ് ജീവനക്കാരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 16 നോഡല്‍ ഓഫീസര്‍മാര്‍ക്കാണ് ഏകോപന ചുമതല. കൊവിഡ് 19 പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള തെരഞ്ഞെടുപ്പായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിപിഇ കിറ്റ്, ഫെയ്സ് ഷീല്‍ഡ്, എന്‍95 മാസ്ക്, സാനിറ്റൈസര്‍, ഗ്ലൗസ്, തുടങ്ങിയ കൊവിഡ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് സമാധാനപരമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം കൊട്ടിക്കലാശം ഒഴിവാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമ്മതിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: