തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി സൗഹൃദം ഉണ്ടായിരുന്നുവെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് തുറന്ന് സമ്മതിച്ചു. കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍ പരിപാടികളില്‍ ക്ഷണിക്കാന്‍ വന്നാണ് സ്വപ്നയുമായി സൗഹൃദത്തിലായത്. അവരുടെ ക്രിമിനില്‍ പശ്ചാത്തലം അറിയില്ലായിരുന്നു. പക്ഷെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിഞ്ഞ ശേഷം അവരുമായി ഒരു ബന്ധവും ഉണ്ടാക്കിയില്ല. അവരുടെ പശ്ചാത്തലം അറിയേണ്ടതായിരുന്നു. അതില്‍ ചെറിയ പിശക് പറ്റിയെന്നും പി. ശ്രീരാമകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചു കണ്ടുപിടിക്കുന്നതുവരെ കേസിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. തന്റെ സങ്കല്പത്തില്പോലും ഇല്ലാത്ത കാര്യമാണ് ആരോപണങ്ങളായി വരുന്നത്. ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് സ്വീകരിക്കും എന്നായിരുന്നു മറുപടി. എന്നാല്‍ സ്പീക്കറുടെ പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിച്ചതിനാല്‍ അവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ആലോചിക്കുമെന്നായിരുന്നു മറുപടി.
കേന്ദ്ര ഏജന്‍സികള്‍ ചോദിച്ചാല്‍ വിവരങ്ങള്‍ നല്‍കും. അതില്‍ സാധാരണ പൗരനു കിട്ടുന്ന പരിഗണന എനിക്കു കിട്ടിയാല്‍ മതി. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയോ വിമര്‍ശനം ഉന്നയിക്കുകയോ ചെയ്യുന്നില്ല.
തന്റെ ഗ്രാമത്തിലുള്ളവര്‍ കൂടുതലും വിദേശത്താണ്. താന്‍ ഒഴികെയുള്ള കുടുംബം അവിടെയാണ്. കെഎംസിസി അടക്കമുള്ള സംഘടനകളുടെ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. എംബസിയെ അറിയിച്ചാണ് വിദേശത്തു പോയിട്ടുള്ളതെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: