കൊല്ലം: ഊരാളുങ്കല്‍ സൊസൈറ്റിയുടെ കടന്നുകയറ്റം കാരണം ജില്ലയില്‍ അപ്രത്യക്ഷരായത് 20 ശതമാനം ചെറുകിട കരാറുകാര്‍.
ജില്ലയില്‍ 2000 അംഗീകൃത കരാറുകാരാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മിക്കവര്‍ക്കും ലൈസന്‍സ് ഉണ്ടെങ്കിലും 400 കരാറുകാരും രംഗം വിട്ടിരിക്കുകയാണ്. ബാക്കിയുള്ളവര്‍ക്ക് കരാറുകള്‍ വളരെ കുറവാണെങ്കിലും രംഗത്തുനിന്നും പിന്മാറാതെ തുടരുകയാണ്. കടുത്ത സാമ്പത്തികബാധ്യതയാണ് ഇതിന് കാരണം. സിഐടിയു തൊഴിലാളികള്‍ നേരിട്ട് പഞ്ചായത്തുതലത്തില്‍ സൊസൈറ്റികള്‍ രൂപീകരിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. ഇതും കരാറുകാര്‍ക്ക് തിരിച്ചടിയാകുമെന്നാണ് ആശങ്ക. ഊരാളുങ്കലിന്റെ പാത പിന്‍പറ്റി വിവിധങ്ങളായ കരാര്‍പണികള്‍ നടപ്പാക്കാനുള്ള സംവിധാനമൊരുക്കാനാണ് സൊസൈറ്റികളുടെ നീക്കം.
തദ്ദേശസ്ഥാപനങ്ങളുടെത് അടക്കമുള്ള ജോലികള്‍ ഏറ്റെടുത്ത് ചെയ്തവകയില്‍ ജില്ലയിലെ കരാറുകാര്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള കുടിശിക തുക 150 കോടി രൂപയാണ്. കോവിഡ് കാലത്ത് മുഴുവന്‍ കുടിശിക തുകയും ലഭ്യമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
നിര്‍മാണമേഖലയിലെ പ്രതിസന്ധികള്‍ കാരണം ഏറ്റെടുത്ത കരാറുകളും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യമാണെന്ന് ആള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. പിഡബ്ല്യുഡി കരാറുകാര്‍ക്ക് ഒരുകോടി രൂപ വരെയുള്ള വര്‍ക്കുകള്‍ക്ക് ടാര്‍ വാങ്ങി നല്‍കണമെന്ന ആവശ്യവും ജിഎസ്ടി കോമ്പന്‍സേഷന്‍ നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: