കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്റെ രണ്ടാമത് ഭരണസമിതിയില്‍ സാന്നിധ്യം ഉറപ്പിച്ചാണ് പ്രചാരണ രംഗത്ത് ബിജെപി മുന്നേറുന്നത്. 2015ല്‍ നിലവില്‍ വന്ന കോര്‍പ്പറേഷനില്‍ ആദ്യതവണ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. നിസ്സാരവോട്ടുകള്‍ക്ക് ചില ഡിവിഷനുകള്‍ നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ പല വാര്‍ഡുകളിലും വലിയ മുന്നേറ്റമാണ് പ്രചാരണരംഗത്ത് എന്‍ഡിഎ ഉണ്ടാക്കിയിരിക്കുന്നത്. പത്ത് സീറ്റെങ്കിലും കോര്‍പ്പറേഷനില്‍ ഇക്കുറി എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്നണി. പത്ത് ഡിവിഷനുകള്‍ക്ക് പുറമേ ശക്തമായ ത്രികോണ മത്സരമാണ് മറ്റ് ഡിവിഷനുകളിലെല്ലാം ഇക്കുറി നടക്കുന്നത്.
സംഘപരിവാര്‍ സംഘടനകള്‍ക്ക് ശക്തമായ വേരോട്ടമുളള ടെമ്പിള്‍, പളളിക്കുന്ന്, തുളിച്ചേരി, കൊക്കേന്‍പാറ, തായത്തെരു, പയ്യാമ്പലം, കാനത്തൂര്‍, ചാല തുടങ്ങിയവിടങ്ങളിലെല്ലാം ഇടത്-വലത് മുന്നണികളെ പിന്നിലാക്കി എന്‍ഡിഎ മുന്നണി പ്രചരണ രംഗത്ത് ബഹുദൂരം മുന്നിലാണ്. ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വിവിധ ഡിവിഷനുകളില്‍ പ്രചരണത്തിനെത്തിയതോടെ വര്‍ദ്ധിച്ച ആവേശമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്.
വരുംദിവസങ്ങളില്‍ കുമ്മനം രാജശേഖരന്, സുരേഷ് ഗോപി എംപി എന്നിവര്‍ കൂടി പ്രചാരണത്തിനെത്തുന്നതോടെ കോര്‍പ്പറേഷനില്‍ എന്‍ഡിഎ മുമ്പെങ്ങുമില്ലാത്ത മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നുറപ്പായിരിക്കുകയാണ്. കൂടാതെ 60 വര്‍ഷം കണ്ണൂര്‍ നഗരസഭ ഭരിച്ച യുഡിഎഫും കഴിഞ്ഞ അഞ്ചു വര്‍ഷം മാറിമാറി തമ്മിലടിച്ച് ഭരിച്ച് കാലംകഴിച്ച് വികസനങ്ങളോ ജനക്ഷേമ പദ്ധതികളോ കോര്‍പ്പറേഷനകത്ത് നടപ്പിലാക്കാന്‍ തയാറാകാത്ത ഇരുമുന്നണികളുടേയും നടപടിയില്‍ വലിയ പ്രതിഷേധം വോട്ടര്‍മാര്‍ക്ക് ഇടയില്‍ നിലനില്‍ക്കുന്നുണ്ട്. കൂടാതെ സംസ്ഥാന സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളും പല ഡിവിഷനുകളിലും വിമതശല്യം കാരണം യുഡിഎഫ് ശിഥിലമായതും എന്‍ഡിഎയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കി.
55 ഡിവിഷനുകളുളള കോര്‍പ്പറേഷനില്‍ കഴിഞ്ഞതവണ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്ക് 27 വീതം സീറ്റുകള്‍ ലഭിക്കുകയും കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ ആദ്യ നാലുവര്‍ഷം എല്‍ഡിഎഫും പിന്നീട് അതേ വിമതന്റെ പിന്തുണയോടെ കഴിഞ്ഞ ഒരു വര്‍ഷക്കാലം യുഡിഎഫും ഭരണം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: