ഒരു അഴിമതി വിരുദ്ധ ദിനം കൂടി കടന്നു പോയി. ഡിസംബര്‍ 9 നാണ് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്. 2016 ഡിസം 9 നാണ് ഔദ്യോഗികമായി കേരളത്തിലെ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ അഴിമതി വിരുദ്ധ ദിനമാചരിക്കല്‍ അവസാനമായി നടത്തിയത്. അഴിമതികണ്ടെത്താനും വിവരമറിയിക്കാനും നടപടിയെടുക്കാനും അന്ന് രണ്ട് മൊബൈല്‍ ആപ്പുകള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എറൈസിംഗ് കേരള, വിസില്‍ നൗ എന്നീ രണ്ട് ആപ്പുകളായിരുന്നു അന്ന് ജനങ്ങള്‍ക്കു ലഭ്യമാക്കിയത്. അഴിമതി സംബന്ധിച്ച് വീഡിയോ, ദൃശ്യങ്ങള്‍, ഓഡിയോ, എന്നിവ മൊബൈല്‍ ആപ്പിലൂടെ ജനങ്ങള്‍ക്ക് അറിയിക്കാം. അതനുസരിച്ച് നടപടികള്‍ എടുക്കും. സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും അഴിമതി വിരുദ്ധപ്രതിജ്ഞ എടുക്കുകയും ബാഡ്ജ് ധരിക്കുകയും ചെയ്യാനുളള സര്‍ക്കാര്‍ ഉത്തരവും 2016 ഡിസംബര്‍ 9 നാണ് അവസാനമായി പുറപ്പെടുവിച്ചത്. കേരളത്തില്‍ വിജിലന്‍സ് രാജാണെന്ന് ഹൈക്കോടതി പരാമര്‍ശിച്ചതും അതേ കാലത്താണ്. കേരളത്തില്‍ എവിടെ അഴിമതി നടന്നാലും അതു കണ്ടെത്താനും തടയാനും ശ്രമിച്ച കാലമായിരുന്നു 2016-17.
അഴിമതി തടയാനായി നടപ്പാക്കിയ പദ്ധതികള്‍ ഞെരിച്ചമര്ത്തപ്പെടുന്നതായിരുന്നു പിന്നീട് കണ്ടത്. ഉദാഹരണത്തിന് വിജിലന്റ്കേരള, എജുവിജില്‍, കേരള ആന്റി കറപ്ഷന്‍ ഇന്‍ഡക്സ്, ബെനിഫിറ്റ് ട്രാക്കിംഗ് ഓഡിറ്റ്, ഗുഡ് ഗവേര്‍ണന്‍സ് ഓഡിറ്റ്, വിസില്‍ ബ്ലോവര്‍ റജിസ്റ്റര്‍, വിജില്‍ വിസിറ്റ്, ക്നോ യൂവര്‍ പ്രോജക്ട് എന്നിവ വിജിലന്‍സ് രാജിന്റെ ഭാഗമായി നടപ്പാക്കിയതായിരുന്നു. എന്നാല്‍ അഴിമതി തടയാനുള്ള അത്തരം പദ്ധതികള്‍ എല്ലാം പിന്നീട് ഇല്ലാതായി. 2019 ആകുമ്പോഴേക്കും വിജിലന്‍സ് രാജ് കളളക്കടത്ത് രാജിന് വഴിമാറി. അഴിമതി തടയാനുളള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും നടപ്പാക്കുന്നതിനും സമയമെടുക്കും. അഴിമതി തടയാനുള്ള പദ്ധതി ഇല്ലാതാക്കാന്‍ പക്ഷെ, എളുപ്പം കഴിയും.
വെനിസ്വല അതിന് ഉദാഹരണമാണ്. ഏകദേശം 3 കോടി ജനങ്ങളാണ് അവിടെയുള്ളത്. 20 വര്‍ഷം മുമ്പ് യൂഗോ ഷ്യേവേ അവിടെ ഭരിക്കുമ്പോള്‍ ദക്ഷിണ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു അത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണയുള്ള രാജ്യവും വെനിസ്വലയാണ്. ലോകസുന്ദരിപ്പട്ടം ഏറ്റവും കൂടുതല്‍ തവണ ലഭിച്ച രാജ്യവും വെനിസ്വലതന്നെ. യൂഗോ ഷ്യെവേ, നിക്കോളാസ് മെഡ്യൂറോ എന്നീ രണ്ട് രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തി കാരണം ഇന്ന് വെനിസ്വല ദക്ഷിണ അമേരിക്കയിലെ ഏറ്റവും ദരിദ്രരാജ്യമായി മാറിയിരിക്കുന്നു. അഴിമതിയില്‍ തെക്കെ അമേരിക്കയിലെ ഒന്നാം സ്ഥാനത്താണ് ഇന്ന് വെനിസ്വല. അഴിമതിയില്‍ ഇന്ന് ലോകത്ത് ഒന്നാം സ്ഥാനത്തുള്ള സൊമാലിയയെ പിന്തള്ളി ആ സ്ഥാനം വെനിസ്വല അടുത്തവര്‍ഷം കൈയടക്കുമെന്നാണ് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ സൂചിപ്പിക്കുന്നത്. അഴിമതിയും കള്ളക്കടത്തും നടത്തി വെനിസ്വലയെന്ന സമ്പന്ന രാജ്യത്തെ ദരിദ്രരാജ്യമാക്കി മാറ്റിയത് അവിടുത്തെ രാഷ്ട്രീയ നേതാക്കളാണ്. പാര്‍ട്ടി അണികള്‍ നേതൃത്വത്തെ പ്രശംസിക്കുന്നുണ്ടാവാം. ന്യായീകരിക്കുന്നുണ്ടാവാം. എന്നാല്‍ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും സ്ഥിതി പരമ ദയനീയമാണ്.
ഏഷ്യയില്‍ സിംഗപ്പൂരാണ് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യം. 60 ലക്ഷം ജനസംഖ്യയാണവിടെയുള്ളത്. കേരളത്തില്‍ നിന്ന് ആള്ക്കാര് കാര്യങ്ങള്‍ പഠിക്കാന്‍ അവിടെ പോകുന്നു. ജീവിതനിലവാരവും അവിടെ ഏറെ ഉയര്‍ന്ന നിലയിലാണ്. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി, നാന്യാംഗ് സാങ്കേതിക സര്‍വ്വകലാശാല പോലെയുള്ള നിരവധി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ലോകറാങ്കില്‍ ഉയര്‍ന്ന നിലയിലാണ്. സിംഗപ്പൂരിലേക്ക് ധാരാളം കേരളീയര്‍ പഠനത്തിനായി പോകുന്നുണ്ടെങ്കിലും സിംഗപ്പൂരില്‍ നിന്ന് കേരളത്തിലേക്ക് ആരും ഉന്നത വിദ്യാഭ്യാസത്തിനു എത്തുന്നില്ല. അഴിമതി ഏറ്റവും കുറഞ്ഞത് കാരണം ഉയര്‍ന്ന ജീവിതനിലവാരം ഉണ്ടാവുന്നു. ലി ക്വിവാന് പോലുള്ള സിംഗപ്പൂര്‍ ഭരണനേതൃത്വത്തിലുള്ളവരുടെ അഴിമതിരഹിത ഭരണം കൊണ്ടാണ് ഇത് സാധ്യമാവുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയും അഴിമതി അനുവദിക്കാത്ത ഒരു ഭരണാധികാരിയായാല്‍ നമുക്കും സിംഗപ്പൂര്‍ പോലെയാകാം. മറിച്ചായാല്‍ നമുക്ക് മറ്റൊരു വെനിസ്വലയാകാം.
അഴിമതികള്‍ രണ്ട് വിധമുണ്ട്. ഒന്ന് ധാര്‍മ്മിക അഴിമതി. മറ്റൊന്ന് സാമ്പത്തിക അഴിമതി. 1956 ആഗസ്റ്റ് മാസത്തില്‍ ആന്ധ്രപ്രദേശില്‍ ഒരു റെയില്‍ അപകടമുണ്ടായി. നൂറിലധികം പേര് അതില്‍ കൊല്ലപ്പെട്ടു. അന്നത്തെ റെയില്‍വേ വകുപ്പ് മന്ത്രി ലാല്‍ ബഹദൂര്‍ശാസ്ത്രി അന്നത്തെ പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്കി. തീവണ്ടി അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്തു കൊണ്ടായിരുന്നു രാജി. പ്രധാനമന്ത്രി അത് സ്വീകരിച്ചില്ല. അപകടത്തിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. അതിനാല്‍ രാജി അനുവദിച്ചില്ല. നവംബര്‍ മാസത്തില്‍ തമിഴ് നാട്ടില്‍ മറ്റൊരു റെയില്‍ അപകടം കൂടിയുണ്ടായി. അതില്‍ 144 പേരോളം കൊല്ലപ്പെട്ടു. മന്ത്രി സ്ഥാനത്ത് തുടരുന്നത് ധാര്‍മികമല്ലെന്ന് കാണിച്ച് ശാസ്ത്രി വീണ്ടും രാജിക്കത്ത് നല്കി. രണ്ടാമത്തെ രാജി പ്രധാനമന്ത്രി സ്വീകരിച്ചു.
ശാസ്ത്രിയുടെ ഉറച്ച നിലപാട് പ്രധാനമന്ത്രി അംഗീകരിക്കുകയായിരുന്നു. തന്റെ വകുപ്പിന് കീഴില്‍ നടന്ന അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ശാസ്ത്രി ഏറ്റെടുക്കുകയായിരുന്നു. മന്ത്രിമാരില്‍ ധാര്‍മ്മികതയുടെയും ഉത്തരവാദിത്ത ബോധത്തിന്റെയും മാതൃകയായി ഇന്ത്യയില്‍ ശാസ്ത്രിജി ഇന്നും ഓര്‍മ്മിപ്പിക്കപ്പെടുന്നു. ധാര്‍മ്മിക അഴിമതിയും സാമ്പത്തിക അഴിമതിയും ഒത്തുചേര്‍ന്നാല്‍ നാട് വെനിസ്വലപോലെയാവും. ആ നാട് അധ:പതിക്കും.
വിജിലന്‍സ് രാജില്‍ നിന്ന് കള്ളക്കടത്ത് രാജ്യത്തിലേക്ക് കേരളത്തിനെത്താന്‍ വെറും 3 വര്‍ഷമേ വേണ്ടിവന്നുള്ളൂ. 2016 മുതല്‍ 2019 വരെ. ഏറ്റവും സാമ്പത്തിക ഉന്നമനമുള്ള രാജ്യം എന്ന നിലയില്‍ നിന്ന് ഏറ്റവും അഴിമതിയുള്ള രാജ്യം എന്ന നിലയിലേക്ക് വെനിസ്വല തകര്‍ന്നു. നാം മുന്നോട്ട് എന്ന് ഭരണാധികാരിയും രാഷ്ട്രീയനേതാക്കളും പറയുമ്പോള്‍ ‘ഞാന്‍ മുന്നോട്ട് നിങ്ങള്‍ പിന്നോട്ട്’ എന്ന് വസ്തുനിഷ്ഠമായി തുറന്ന മനസ്സോടെ ചിന്തിക്കാം. അല്ലെങ്കില്‍ നമ്മളും മറ്റൊരു വെനിസ്വലയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: