പ്രൊഫ. അശോക് ഗുലാത്തി
കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ ആശയവിനിമയത്തില്‍ വന്ന വിടവാണ് കാര്‍ഷിക നിമയങ്ങള്‍ക്കെതിരെ ‘കര്‍ഷകര്‍’ എന്ന പേരില്‍ ചില സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്ക്കിടയാക്കിയതെന്ന് വിഖ്യാത കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി. ”ഈ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള എതിര്‍പ്പുയര്‍ന്നത് ദൗര്‍ഭാഗ്യകരമാണ്. കര്‍ഷകരെ വിവരങ്ങള്‍ ശരിയായി ധരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതു തന്നെയാണ് എന്റെ അഭിപ്രായം” ഗുലാത്തി വ്യക്തമാക്കുന്നു.
കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ ആശയവിനിമയത്തില്‍ വന്ന വിടവ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നന്നായി ചൂഷണം ചെയ്തു. ആക്ടിവിസ്റ്റുകളായ ചിലര്‍ കര്‍ഷകര്‍ക്കിടയില്‍ ഭീതി പരത്തുകയും ചെയ്തു. 2003 ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലം മുതല്‍ കാര്‍ഷിക പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ടതാണ്. കാര്‍ഷിക വിപണി ഉദാരവല്‍ക്കരിക്കുന്നതിനുള്ള മാതൃകാ നിയമം സംസ്ഥാന സര്‍ക്കാരുകളുടെ പരിഗണനയ്ക്ക് അയച്ചുകൊടുത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
കൊവിഡ് ലോക്ഡൗണിന്റെ കാലത്താണ് അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റീസ്(എപിഎംസി)നിയമം പിന്‍വലിച്ചത്. ഉല്‍പ്പന്നങ്ങള്‍ ഈ നിയമത്തിനു കീഴിലുള്ള മണ്ഡിയില്‍ തന്നെ വില്‍ക്കണമെന്ന സ്ഥിതിയില്ലാതായാല് ഭക്ഷ്യവസ്തുക്കളുടെ വിതരണം തടസ്സമില്ലാതെ നടക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ കണ്ടത്. കര്‍ഷകര്‍ മണ്ഡിയില്‍ അഥവാ ചന്തകളില്‍ തിക്കിത്തിരക്കുന്ന സ്ഥിതി ഒഴിവാക്കാനാണ് സര്‍ക്കാര്‍ എപിഎംസി നിയമം പിന്‍വലിച്ചത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നേരിട്ടു വില്‍ക്കാനും വാങ്ങാനും കഴിയുന്നത് ലോക്ഡൗണ്‍ കാലത്ത് കാര്‍ഷിക മേഖലയ്ക്ക് ഗുണകരമാകുമെന്ന് സര്‍ക്കാര്‍ കരുതി.
കോവിഡ് മഹാമാരിയുടെ കാലത്ത്, അതിന്റെ കെടുതികള്‍ രൂക്ഷമായി ബാധിക്കാത്ത ഒരേയൊരു മേഖലയാണ് കാര്‍ഷിക മേഖല. കാര്‍ഷിക ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങുകയും, ശരിയായ വിപണന ശൃംഖല കണ്ടെത്തുകയും, ചിട്ടയായ വ്യവസ്ഥിതിയായി രൂപപ്പെടുകയും ചെയ്താല്‍ അത് നിലവിലെ മണ്ഡി സമ്പ്രദായത്തേക്കാള്‍ മികച്ചതായി മാറുമെന്നും പ്രൊഫ.ഗുലാത്തി അഭിപ്രായപ്പെടുന്നു.
കാര്‍ഷിക നിയമം പാര്‍ലമെന്റ് തിരക്കിട്ട് പാസാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കഴിഞ്ഞ പതിനേഴ് വര്‍ഷമായി കാര്‍ഷിക നിയമത്തിന്മേല് ചര്‍ച്ചകള്‍ നടക്കുന്നു. 1991ല്‍ കാര്‍ഷിക നിയമം പരിഷ്കരിച്ചപ്പോള്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നിരുന്നില്ല. വ്യവസായ മേഖല ആ തീരുമാനത്തെ ദീര്‍ഘകാലം എതിര്‍ക്കുകയും ചെയ്തു. കാര്‍ഷിക ബില്ലില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ല എങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള അവകാശം തീര്‍ച്ചയായും പ്രതിപക്ഷത്തിനുണ്ട്. മിനിമം താങ്ങുവിലകൊണ്ടുള്ള നേട്ടം ആറ് ശതമാനം കര്‍ഷകര്‍ക്ക് മാത്രമാണുള്ളത്.
പുതിയ കാര്‍ഷിക നിയമത്തിന് കീഴില്‍ വന്‍കിടക്കാരില്‍ നിന്ന് ചെറുകിട കര്‍ഷകര്‍ക്ക് ചൂഷണം നേരിടുമോ എന്നതാണ് ചോദ്യം. 90 ശതമാനത്തിലേറെ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ സ്വകാര്യ ഉപഭോക്താക്കള്‍ക്ക് വില്ക്കാന് സാധിക്കും. കേവലം ആറ് ശതമാനം കര്‍ഷകര്‍ക്കാണ് മിനിമം താങ്ങുവില
(എംഎസ്പി) യുടെ പ്രയോജനം ലഭിക്കുന്നത്. 1965 ല്‍ എംഎസ്പി നിലവില്‍ വന്നപ്പോള്‍ മുതലുള്ള സ്ഥിതിയിതാണെന്നും പ്രൊഫ. ഗുലാത്തി പറയുന്നു. സര്‍ക്കാര്‍ സബ്സിഡികളുടെ ഏറ്റവും കൂടുതല്‍ ആനുകൂല്യം അനുഭവിക്കുന്നത് പഞ്ചാബിലെ കര്‍ഷകരാണ്.
കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്തുള്ള കര്‍ഷകരെല്ലാം പ്രതിഷേധിക്കുന്നു എന്നാണ് എതിര്‍ക്കുന്നവരുടെ അവകാശവാദം. രാജ്യത്ത് ഏകദേശം 146 ദശലക്ഷം കര്‍ഷകരാണുള്ളത്. പഞ്ചാബില്‍ 1.09 ദശലക്ഷം കര്‍ഷകരേയുള്ളൂ. മിനിമം താങ്ങുവിലയുടെ ഗുണഭോക്താക്കളില്‍ ഭൂരിഭാഗവും പഞ്ചാബിലെ കര്‍ഷകരാണെന്നും കണക്കുകള്‍ നിരത്തി ഗുലാത്തി അഭിപ്രായപ്പെടുന്നു.
കാര്‍ഷിക നിയമത്തെ പ്രധാനമായും എതിര്‍ക്കുന്ന പഞ്ചാബിലെ കര്‍ഷകരാണ്, അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി സംഭരിച്ചുവയ്ക്കുന്ന ധാന്യശേഖരത്തിലേക്ക് കൂടുതല്‍ സംഭാവന ചെയ്യുന്നതെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. കഴിഞ്ഞ ഗോതമ്പ് വിളവെടുപ്പ് കാലത്ത് പഞ്ചാബിന്റെ സംഭാവന മൂന്നിലൊന്നില്‍ താഴെ മാത്രമായിരുന്നു. ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന മധ്യപ്രദേശിന്റേതാണ്.
എംഎസ്പി എന്നത് കേവലം സാങ്കല്പിക വിലയാണ്. അതൊരിക്കലും യഥാര്‍ത്ഥ വിലയല്ല. എംഎസ്പി നടപ്പിലായതുമുതല്‍ അങ്ങനെ തന്നെയാണ്. ഈ സമ്പ്രദായത്തിന് കീഴില്‍, താങ്ങുവിലയ്ക്ക് കാര്‍ഷിക വിളകള്‍ വാങ്ങുന്നതിന് സര്‍ക്കാരിന് മാത്രമേ സാധിക്കൂ. അതേ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങണമെന്ന് സ്വകാര്യ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുക സാധ്യമല്ലെന്നും പ്രൊഫ. ഗുലാത്തി പറയുന്നു.
പുതിയ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ കര്‍ഷകരല്ല. അവര്‍ ഈ നിയമം നടപ്പായാല്‍ നഷ്ടം നേരിടുന്നവരാണ്. ആര്‍ക്കാണ് നഷ്ടംപറ്റുന്നത്? കര്‍ഷകര്‍ക്കല്ല. കാര്‍ഷിക നിയമത്തില്‍ എംഎസ്പി ഉള്‍പ്പെടുത്തണമെന്നാണ് ചില സംസ്ഥാനങ്ങളുടെ ആവശ്യം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നിയമത്തോട് സംസ്ഥാനങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ എംഎസ്പിയുമായി ബന്ധപ്പെട്ട് ആ സംസ്ഥാനങ്ങള്‍ക്ക് സ്വന്തം തീരുമാനം എടുക്കാം. എത്രനാള്‍ അത് നടപ്പാക്കാനാകുമെന്നും പ്രൊഫ. ഗുലാത്തി ചോദിക്കുന്നു.
കരാര്‍ അടിസ്ഥാനത്തിലുള്ള കൃഷി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മള്‍ട്ടിനാഷണല്‍ കമ്പനികള്‍, കോ-ഓപ്പറേറ്റീവുകള്‍, ആഭ്യന്തര സ്വകാര്യ മേഖല എന്നിവയുടെ പങ്കാളിത്തം കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകും. സ്വകാര്യപങ്കാളിത്തത്തിന്റെ പ്രാധാന്യം എത്രത്തോളം വലുതാണ് എന്നതിന് രാജ്യത്തെ പാല്-പാലുല്‍പ്പന്ന മേഖലകളുടെ വളര്‍ച്ച ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
1965 മുതല്‍ 1990 വരെയുള്ള കാലയളവ് പരിശോധിച്ചാല്‍ അരിയും ഗോതമ്പുമായിരുന്നു ജനങ്ങളുടെ മുഖ്യാഹാരം. എന്നാല്‍ വരുമാനം വര്‍ധിച്ചതോടെ ആഹാര രീതികളിലും മാറ്റമുണ്ടായി. പാല് ഉത്പന്നങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ പോഷകസമൃദ്ധമായ വിഭവങ്ങള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തി. കാര്‍ഷിക മേഖലയില്‍ വൈവിധ്യവത്കരണം ആവശ്യമായി വന്നു. ഈ കാര്യത്തില്‍ പഞ്ചാബ് ഇപ്പോഴും 20 വര്‍ഷം പിന്നിലാണെന്നും പ്രൊഫ. ഗുലാത്തി അഭിപ്രായപ്പെടുന്നു.
അരിയും ഗോതമ്പും ഉത്പാദിപ്പിക്കുന്നതിനൊപ്പം പഞ്ചാബിന്റെ കാര്‍ഷിക മേഖലയില്‍ വൈവിധ്യവത്കരണവും ആവശ്യമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് 1985 ല്‍ തന്നോട് പറഞ്ഞിരുന്നതായും ഗുലാത്തി വെളിപ്പെടുത്തുന്നു. വോട്ട് ലക്ഷ്യമിട്ടാണ്, രാജ്യത്തെ നയ രൂപീകരണത്തില്‍ പിഴവുകള്‍ ഉണ്ടെന്ന ആരോപണം എതിരാളികള്‍ ഉയര്‍ത്തുന്നത്.
ഉത്പാദനം കുറയുന്നത് അവര്‍ക്ക് ബാധകമല്ല. രാജ്യത്തിന്റെ താല്പര്യം മുന്‍നിര്‍ത്തിയാവണം കാര്‍ഷിക നിയമം ആ മേഖലയില്‍ കൊണ്ടുവരുന്ന പരിഷ്കാരങ്ങള്‍ അവലോകനം ചെയ്യേണ്ടതെന്നും പ്രൊഫ. ഗുലാത്തി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: