ന്യൂദല്‍ഹി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന് (കോവിഷീല്‍ഡ്) ഡോസിന് 250 രൂപയ്ക്ക് കേന്ദ്ര സര്‍ക്കാരിന് ലഭ്യമാക്കുമെന്ന് ഇന്ത്യയില്‍ ഉല്പാദന പരീക്ഷണ കരാറുള്ള സെറം ഇന്‍സ്റ്റിറ്റിയൂട്ട്. ബ്രിട്ടിഷ് സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനക്കയ്ക്കു വേണ്ടിയാണ് ഓക്സ്ഫഡ് സര്‍വകലാശാല വാക്സിന് വികസിപ്പിച്ചത്. പൂനെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡിന്റെ 50 ശതമാനവും ഇന്ത്യക്ക് നല്‍കുമെന്നും സെറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അദാര്‍ പുനെവാല വ്യക്തമാക്കിയിരുന്നു.
അടുത്ത ഏപ്രിലില്‍ പൊതുജനങ്ങള്‍ക്ക് വാക്സിന് ലഭ്യമാക്കാനാണ് കമ്പനിയുടെ ശ്രമമെന്നും ഫെബ്രുവരിയില്‍ 10 കോടി ഡോസ് നിര്‍മിക്കാന്‍ ധാരണയായതായും അദാര്‍ പുനെവാല നേരത്തെ പറഞ്ഞിരുന്നു. രണ്ട് ഡോസ് പരമാവധി ആയിരം രൂപയ്ക്ക് ലഭ്യമാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. വാക്സിന് വന്‍തോതില്‍ വാങ്ങാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായതിനെ തുടര്‍ന്നാണ് സര്‍ക്കാരിന് ഒരു ഡോസിന് 250 രൂപ നിരക്കില്‍ നല്കാന് കമ്പനി തയാറാകുന്നത്.
വാക്സിന് അംഗീകാരം നല്‍കണമെന്നും വിതരണത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റിയൂട്ടും ഫൈസര്‍ ഇന്ത്യയും സമര്‍പ്പിച്ച അപേക്ഷകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തേക്കും. പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിന് സ്വീകരിച്ചവരില്‍ കുറച്ചുപേരുടെ ഫലം സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ടുമായാണ് സെറം ഇന്‍സ്റ്റിറ്റിയൂട്ട് അപേക്ഷ നല്‍കിയത്. അപേക്ഷകളില്‍ പ്രാഥമിക പരിശോധന തുടങ്ങിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സിഡിഎസ്സിഒയ്ക്കു കീഴിലെ വിദഗ്ധരുടെ സ്വതന്ത്ര സമിതി (എസ്ഇസി) നല്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഡ്രഗ്സ് കണ്‍ട്രോളറാണ് അന്തിമ തീരുമാനമെടുക്കുക.
ഓക്സ്ഫഡ് വാക്സിന് ഓഗസ്റ്റ് 24ന് ട്രയല്‍ തുടങ്ങി. സന്നദ്ധരായി മുന്നോട്ടു വന്ന മുഴുവന്‍ ആളുകള്‍ക്കും നവംബര്‍ 10നു തന്നെ വാക്സിന് നല്കി. 62 ശതമാനം മുതല്‍ 90 ശതമാനം വരെ ഫലമുണ്ടാകുമെന്നാണ് ബ്രിട്ടനിലേയും ബ്രസീലിലേയും പരീക്ഷണങ്ങളില്‍ നിന്നു വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: