അബുദാബി∙ ചൈനയുടെ സഹകരണത്തോടെ യുഎഇ നിർമിച്ച കോവിഡ് 19 വാക്സിന് ഔദ്യോഗിക അംഗീകാരം. ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ് കമ്പനി (സിഎന്‍ബിജി) ലിമിറ്റഡിന്റെ അപേക്ഷ പരിഗണിച്ചാണ് യുഎഇയുടെ തീരുമാനം. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിഎന്‍ബിജിയുടെ കീഴിലുള്ളതാണു വാക്‌സിന്‍ നിര്‍മാതാക്കളായ ബീജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്.
വാക്‌സീന് 86% ഫലപ്രാപ്തിയുണ്ടെന്നു യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അംഗീകാരം നൽകിയ സാഹചര്യത്തിൽ എല്ലാവർക്കും വാക്‌സിൻ ഉപയോഗിക്കാൻ ഉടൻ അനുമതി നൽകും. അബുദാബി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനി സിനോഫാം, അബുദാബി ആസ്ഥാനമായ നിർമിതബുദ്ധി സ്ഥാപനം ഗ്രൂപ്പ് 42 എന്നിവർ ചേർന്നാണ് വാക്സീൻ പരീക്ഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാവർക്കും ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.
യുഎഇയിൽ മൂന്ന് ഘട്ടങ്ങളിലായി 125 രാജ്യങ്ങളിൽ നിന്നുള്ള 31,000 പേരിൽ വാക്സിൻ പരീക്ഷിച്ചിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരത്തെ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ആന്റിബോഡിയെ നിഷ്‌ക്രിയമാക്കുന്നതില്‍ 99 ശതമാനം സെറോകണ്‍വേര്‍ഷന്‍ നിരക്കാണ് വാക്‌സിന്റേത്. കടുത്തതും അല്ലാത്തതുമായ രോഗബാധകള്‍ തടയുന്നതില്‍ 100 ശതമാനം ഫലപ്രാപ്തിയും വാക്‌സിന്‍ കാണിക്കുന്നതായും വിശകലനം വ്യക്തമാക്കുന്നു. ഗുരുതരമായ സുരക്ഷാ ആശങ്കകളൊന്നും വിശകലനത്തില്‍ പറയുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: