ലണ്ടന്‍: മാര്‍ഗരറ്റ് കീനന്‍ എന്ന തൊണ്ണൂറു വയസ്സുള്ള മുത്തശ്ശി ഫൈസര്‍ കൊവിഡ് വാക്സിന് സ്വീകരിക്കുന്ന ലോകത്തെ ആദ്യത്തെ വ്യക്തിയായി. കൊവിഡ് വാക്സിന് ഇന്നലെ മുതല്‍ ബ്രിട്ടനില്‍ പൊതുജനങ്ങള്‍ക്ക് വിതരണം ആരംഭിച്ചിരുന്നു. പരീക്ഷണ ഘട്ടത്തിനുശേഷം ആദ്യമായി വാക്സിന് സ്വീകരിക്കുന്ന വ്യക്തിയെന്ന ബഹുമതിയാണ് കീനന്‍ മുത്തശ്ശിക്ക് ലഭിച്ചത്. മധ്യ ഇംഗ്ലണ്ടിലെ കവന്‍ട്രിയിലെ ഒരു സ്വകാര്യ ആശുപത്രില്‍ വച്ച് ഇന്നലെ രാവിലെ 6.31നാണ് വാക്സിന് മുത്തശ്ശി സ്വീകരിച്ചത്. മേ പാര്‍സണ്‍സ് എന്ന നഴ്സാണ് വാക്സിന് നല്‍കിയത്. 91 വയസ്സാകാന്‍ ഒരാഴ്ച മാത്രമുള്ളപ്പോഴാണ് ഇവര്‍ വാക്സിന് സ്വീകരിച്ചത്.
കൊറോണ വാക്സിന് സ്വീകരിക്കുന്ന ആദ്യ വ്യക്തിയായതില്‍ അഭിമാനമുണ്ടെന്ന് കീനന്‍ പറഞ്ഞു. ലഭിക്കാവുന്നതില്‍ വച്ചേറ്റവും മികച്ച ജന്മദിനസമ്മാനമാണിത്. ഇനി കുടുംബത്തോടും സഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാനും പുതുവര്‍ഷം ആഘോഷിക്കാനും സാധിക്കുമെന്നും അവര്‍ പറഞ്ഞു. ഇവര്‍ക്ക് ഒരു മകനും ഒരു മകളും നാല് പേരക്കുട്ടികളുമുണ്ട്. വില്യം ഷേക്സ്പിയര് എന്നയാളാണ് രണ്ടാമതായി വാക്സിന് സ്വീകരിച്ച വ്യക്തി.
കൊവിഡ് ഏറ്റവും മോശമായി ബാധിച്ച പടിഞ്ഞാറന്‍ രാജ്യമാണ് ബ്രിട്ടന്. ഏതാണ്ട് 61,000 പേരാണ് ഇവിടെ മരിച്ചത്. ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച് ഉത്പാദിപ്പിക്കുന്ന വാക്സിനാണ് ബ്രിട്ടന് വിതരണം ചെയ്യുന്നത്. വാക്സിന്റെ ഫലപ്രാപ്തിയില്‍ വലിയ പ്രതീക്ഷയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പ്രകടിപ്പിച്ചത്. 40 ദശലക്ഷത്തോളം വാക്സിനാണ് ബ്രിട്ടന് പൊതുജനങ്ങള്‍ക്കായി ഓര്‍ഡര്‍ ചെയ്തത്. എട്ട് ലക്ഷം വാക്സിന് ആദ്യ ആഴ്ചയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. 80 വയസ്സ് കഴിഞ്ഞവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് മുന്‍ഗണന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: