സിംഗപ്പൂര്‍: ഡിജിറ്റല്‍ പേമെന്റില്‍ ഇന്ത്യയുടെ പ്ലാറ്റ്ഫോം മികച്ചത്. കോവിഡ് മഹാമാരിക്കിടെ പാവപ്പെട്ടവരിലേക്ക് സഹായമെത്തിക്കാനും ചെലവുകള്‍ കുറയ്ക്കാനും സര്‍ക്കാരിന്റെ ഈ തീരുമാനം സഹായിച്ചെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്. സാമ്പത്തിക കാര്യങ്ങളില്‍ ഇന്ത്യയാണ് മികച്ച ഉദാഹരണം. സിംഗപ്പൂരില്‍ നടന്ന ഫിന്‍ടെക് ഫെസ്റ്റിവലില്‍ വെര്‍ച്വലായി പങ്കെടുത്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടേതിന് സമാനമായി സാമ്പത്തിക കാര്യ നവീനതകള്‍ മറ്റ് രാജ്യങ്ങള്‍ കൊണ്ടുവരണം. ഓപ്പണ്‍ സോഴ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം സംവിധാനങ്ങള്‍ കൊണ്ടുവരുന്നത് രാജ്യങ്ങള്‍ക്ക് ഗുണകരമാണ്. ബില്‍ഗേറ്റ്സ് ആന്‍ഡ് മിലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് ഇതിനായി പ്രവര്‍ത്തിച്ചു വരികയാണ്. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഡാറ്റബേസും ഏത് ബാങ്കില്‍ നിന്നും സ്മാര്‍ട്ഫോണ്‍ ആപ്ലിക്കേഷനില്‍ നിന്നും പണം അയയ്ക്കാന്‍ കഴിയുന്ന സംവിധാനവും ഇതില്‍ ഉള്‍പ്പെടും. കുറഞ്ഞ ചെലവില്‍ പാവപ്പെട്ടവരിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ ഇന്ത്യയ്ക്ക് ഇതിലൂടെ സാധിച്ചിട്ടുണ്ട്.
ചൈനയല്ലാതെ മറ്റൊരു രാജ്യത്തെക്കുറിച്ച് ഇപ്പോള്‍ പഠിക്കുകയാണെങ്കില്‍ ഇന്ത്യയിലേക്കു നോക്കണം. വലിയ രീതിയിലാണ് ഇന്ത്യയില്‍ മാറ്റം സംഭവിക്കുന്നത്. 2016ല്‍ നോട്ട് നിരോധനത്തിനുശേഷമാണ് ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് ഇന്ത്യയില്‍ ഇത്രയധികം സ്വീകാര്യത കൈവന്നത്. യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) വന്നതോടെ സ്മാര്‍ട്ഫോണ്‍ ഉപയോഗം വര്‍ധിക്കുകയും വയര്‍ലസ് ഡേറ്റാ നിരക്കുകള്‍ ലോകത്തെ ഏറ്റവും താഴ്ന്ന നിലയിലാകുകയും ചെയ്തു. രാജ്യത്തിന്റെ യുപിഐ പ്ലാറ്റ്ഫോം ഫെയ്സ്ബുക്, ആമസോണ്‍, വാള്‍മാര്‍ട്ട്, പേടിഎം തുടങ്ങി ഏതു കമ്പനിക്കും ഉപയോഗിക്കാമെന്ന നിബന്ധനയും ഇന്ത്യ വച്ചതോടെ യൂസര്‍ ഫീ ഇല്ലാതെ എല്ലാ സേവനങ്ങള്‍ക്കും യുപിഐ ഉപയോഗിക്കാനായെന്നും ബില്‍ഗേറ്റ്സ് അറിയിച്ചു.
അതേസമയം കൊറോണ വൈറസിനെ അടുത്ത വര്‍ഷത്തോടെ പ്രതിരോധിക്കാന്‍ സാദിക്കും. 2021 ആദ്യപാദത്തില്‍ കോവിഡിനെ തുരത്താന്‍ ആറ് ചികിത്സാരീതികളെങ്കിലും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വാക്സീനുകള്‍ ആര്‍ക്കൊക്കെ ലഭിക്കണമെന്ന തീരുമാനം സമ്പന്ന രാജ്യങ്ങള്‍ എടുക്കരുത്. ഇക്കാരണത്താലാണ് തന്റെ ഫൗണ്ടേഷന് ആഗോള മരുന്നു നിര്‍മാതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായും ഫൗണ്ടേഷന് സഹകരിക്കുന്നു. താരതമ്യേന ന്യായമായ വിലയില്‍ ആവശ്യമുള്ള ഡോസ് മരുന്ന് ഉറപ്പാക്കാനാണ് ഫൗണ്ടേഷന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: