കൊയിലാണ്ടി: വിവാഹത്തിനെത്തിയ വരനെയും സംഘത്തെയും മാരകായുധങ്ങളുമായി അക്രമിച്ച സംഭവത്തില്‍ വധുവിന്റെ അമ്മാവന് കസ്റ്റഡിയില്‍. നടേരി പറേച്ചാല്‍ വി.സി. കബീറിനെയാണ് ഇന്നലെ വൈകീട്ട് കോരപ്പുഴ കണ്ണങ്കടവില്‍ ആളില്ലാത്ത വീട്ടില്‍ വെച്ച് പോലീസ് പിടികൂടിയത്. കീഴരിയൂരില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
നടേരി മഞ്ഞളാട്ട് കുന്നുമ്മല്‍ കിടഞ്ഞിയില്‍ മീത്തല്‍ മുഹമ്മദ് സാലിഹി(29)ന്റെ വിവാഹത്തോടനുബന്ധിച്ചായിരുന്നു അക്രമം. കീഴരിയൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള മുഹമ്മദ് സാലിഹിന്റ പ്രണയ വിവാഹം ഇഷ്ടപ്പെടാത്ത കുട്ടിയുടെ അമ്മാവന്മാരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
രണ്ട് മാസം മുമ്പ് കീഴരിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി മുഹമ്മദ് സാലിഹിന്റെ രജിസ്റ്റര്‍ വിവാഹം നടന്നിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ സമ്മത പ്രകാരം മതാചാര പ്രകാരമുളള നിക്കാഹ് നടത്തുന്നതിനായിരുന്നു വരനും സംഘവും കീഴരിയൂരിലെത്തിയത്. അക്രമത്തില്‍ മുഹമ്മദ് സാലിഹിനും സുഹൃത്തുക്കള്‍ക്കും പരിക്കേറ്റിരുന്നു.
കബീറിനെ കൂടാതെ അഞ്ചു പ്രതികളെ കൂടി പിടികിട്ടാനുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് കൊയിലാണ്ടി സിഐ കെ.സി. സുഭാഷ് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: