വാഷിങ്ടൺ: വ്യോമയാനരംഗത്തെ ഇതിഹാസമായ യു.എസ് വൈമാനികൻ ചക്ക് യെയ്ഗര്‍ (97) അന്തരിച്ചു. ശബ്ദാതിവേഗത്തില്‍ വിമാനം പറത്തിയ ആദ്യ പൈലറ്റ് എന്ന ബഹുമതി യെയ്ഗറിന്റെ പേരിലാണുള്ളത്. ലോസ് ആഞ്ചലസിലെ ആശുപത്രിയിൽ തിങ്കളാഴ്ച്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു യെയ്ഗഗറിന്റെ അന്ത്യം. ഭാര്യ വിക്ടോറിയ യെയ്ഗറാണ് മരണവാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്.
മരണകാരണം വിക്ടോറിയ വ്യക്തമാക്കിയിട്ടില്ല. അവിശ്വസനീയമായ ഒരു ജീവിതം അതിമനോഹരമായി ജീവിച്ച, അമേരിക്കയുടെ എക്കാലത്തേയും മികച്ച പൈലറ്റായ യെയ്ഗറിന്റെ, കരുത്തിന്റെയും സാഹസികതയുടെയും ദേശസ്നേഹത്തിന്റെയും പാരമ്പര്യം എക്കാലത്തും ഓർമിക്കപ്പെടുമെന്നും വിക്ടോറിയ മരണക്കുറിപ്പിൽ പറഞ്ഞു.
രണ്ടാംലോക മഹായുദ്ധ കാലത്തെ യുദ്ധവൈമാനികനായിരുന്നു യെയ്ഗര്‍. റോക്കറ്റ് എഞ്ചിന് ഘടിപ്പിച്ച ബെല്‍ എക്സ്-1 പരീക്ഷണ വിമാനത്തില്‍ 1947 ലാണ് യെയ്ഗര്‍ ശബ്ദാതിവേഗത്തില്‍ പറന്നത്. തന്റെ നേട്ടം സ്പേസ്, സ്റ്റാർ വാർ, സാറ്റലൈറ്റുകൾ എന്ന പുതിയ ലോകത്തിലേക്കാണ് വാതിലാണ് തുറന്നതെന്ന് പിന്നീട് എഎഫ്പിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
1923 ഫെബ്രുവരി 13-ന് ദക്ഷിണ വിർജീനിയയിലാണ് യെയ്ഗറിന്റെ ജനനം. 1941-ലാണ് സൈന്യത്തിൽ ചേരുന്നത്. യുഎസ് രണ്ടാം ലോക മഹായുദ്ധത്തിൽ പ്രവേശിക്കുന്നതിന് മൂന്നുമാസങ്ങൾക്ക് മുമ്പ്. ഫ്ളൈറ്റ് പരിശീലനത്തിന് മുമ്പായി എയർക്രാഫ്റ്റ് മെക്കാനിക്കായിട്ടാണ് തുടക്കം. 1975-ലാണ് വ്യോമസേനയിൽ നിന്ന് അദ്ദേഹം വിരമിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന ദി റൈറ്റ് സ്റ്റഫ് എന്ന പുസ്തകം ഏറെ വിറ്റഴിക്കപ്പെട്ട ഗ്രന്ഥമാണ്. ഇതേ പേരില്‍ 1983-ല്‍ സിനിമയും ഇറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: