കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ച് സ്വന്തം മണ്ഡലമായ ധര്‍മടത്തെ നിര്‍മാണത്തിലിരിക്കുന്ന വിവിധ പദ്ധതി പ്രദേശങ്ങളില്‍ നടത്തിയ സന്ദര്‍ശനവും പ്രഖ്യാപനങ്ങളും വിവാദമാകുന്നു. വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ അനൗദ്യോഗിക സന്ദര്‍ശനമാണ് നടത്തിയതെന്നാണ് ഭാഷ്യം. എന്നാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നില നില്‍ക്കുമ്പോഴാണ് സന്ദര്‍ശനവും പ്രഖ്യാപനവും. സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന, ഉദ്യോഗസ്ഥരെ കൂട്ടത്തോടെ വിളിച്ചു വരുത്തി പ്രവൃത്തികളുടെ ഉദ്ഘാടനത്തീയതിയടക്കം പ്രഖ്യാപിച്ചു.
പാറപ്രം ബോട്ട് ടെര്‍മിനല്‍, പാറപ്രം-മേലൂര്‍ പാലം, ബ്രണ്ണന്‍ കോളജ് സിന്തറ്റിക് ട്രാക്ക്, അസാപ് സ്കില്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് ആദ്യ ദിവസം സന്ദര്‍ശനം നടത്തിയത്. ബോട്ട് ടെര്‍മിനല്‍ ഫെബ്രുവരി ആദ്യം നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും. പാലം ഡിസംബര്‍ 31നുള്ളില്‍ പൂര്‍ത്തിയാക്കും, സിന്തറ്റിക് ട്രാക്ക് ജനുവരിയില്‍ പൂര്‍ത്തിയാക്കും, അസാപ് സ്കില്‍ പാര്‍ക്ക് ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും എന്നീ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നത്.
ഇന്നലെയും ചട്ടം ലംഘിച്ച് മുഴപ്പിലങ്ങാട് ഇന്‍ഡോര്‍ സ്റ്റേഡിയവും കടമ്പൂര് ലൈഫ് ഫഌറ്റും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി സന്ദര്‍ശിച്ച പദ്ധതികളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണെന്നുള്ളതു ചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ തെര. കമ്മീഷന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ ചട്ട ലംഘനം ചൂണ്ടിക്കാട്ടി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: