ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് വീട്ടുതടങ്കലിലാണെന്ന ആരോപണം തള്ളി ദല്‍ഹി പൊലീസ്. സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ സന്ദര്‍ശിച്ചു മടങ്ങിയശേഷമാണ് തിങ്കളാഴ്ച വീട്ടുതടങ്കലില്‍ ആക്കിയതെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.
എന്നാല്‍ ഈ ആരോപണം നിഷേധിച്ച് പ്രസ്താവനയിറക്കിയ വടക്കന്‍ ദല്‍ഹി പൊലീസ് ഡിസിപി ആന്റോ അല്‍ഫോണ്‍സ് കെജ്രിവാളിന്റെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞിട്ടില്ലെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയുടെ വീടിന്റെ കവാടത്തിന്റെ ചിത്രവും പുറത്തുവിട്ടു. സിംഘു അതിര്‍ത്തിയിലേക്കുള്ള കെജ്രിവാളിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി ട്വിറ്ററിലൂടെ ആരോപണമുന്നയിച്ചത്.
കെജ്രിവാളിന്റെ വസതിയില്‍നിന്ന് ആരെയും പുറത്തേക്കോ അകത്തേക്കോ കടത്തിവിടുന്നില്ലെന്നായിരുന്നു ട്വീറ്റ്. സിംഘു അതിര്‍ത്തിയില്‍നിന്ന് മുഖ്യമന്ത്രി തിരിച്ചെത്തിയതിന് ശേഷം മുഖ്യമന്ത്രിയുടെ വസതിയുടെ എല്ലാ വശത്തും ബാരിക്കേഡുകള്‍ വച്ചുവെന്ന് ആപ് നേതാവ് സൗരഭ് ഭരദ്വാജ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച് കെജ്രിവാള് വീട്ടുതടങ്കലിന് സമാനമായ സാഹചര്യത്തിലാണെന്നും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: