കുവൈത്ത് സിറ്റി: ഡിസംബര്‍ 15ന് നടക്കുന്ന ആദ്യ പാര്‍ലമെന്‍റ് സമ്മേളനം കുവൈത്ത് അമീര്‍ ഉദ്ഘാടനം ചെയ്യും. 50 അംഗ പാർലമെൻറിൽ 24 സീറ്റുകൾ വിജയിച്ചുകൊണ്ട് നിർണായക മുന്നേറ്റമാണ് പ്രതിപക്ഷം നടത്തിയത്. കഴിഞ്ഞ തവണ ഇത്തരത്തിൽ 16 പേരാണുണ്ടായിരുന്നത്. സർക്കാറിനെ എതിർക്കുന്ന വ്യക്തികളും സലഫി, ഇഖ്വാൻ ധാരകളെ പിന്തുണക്കുന്നവരെയുമാണ് പൊതുവെ പ്രതിപക്ഷമായി വിലയിരുത്തുന്നത്.
മന്ത്രിസഭയിൽ ആരൊക്കെയുണ്ടാവുമെന്നത് സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ നടന്നുവരികയാണ്. സ്പീക്കർ സ്ഥാനത്തേക്ക് സർക്കാറിനെ അനുകൂലിക്കുന്ന മർസൂഖ് അൽഗാനിം വീണ്ടും തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. യുവാക്കൾക്ക് പ്രാമുഖ്യമുള്ളതാണ് പുതിയ പാർലമെൻറ്. വിജയിച്ചവരിൽ 30 പേർ 45 വയസ്സിൽ താഴെയുള്ളവരാണ്. മുസ്ലിം ബ്രദർഹുഡുമായി ബന്ധമുള്ള ഇസ്ലാമിക് കോൺസ്റ്റിറ്റ്യൂഷനൽ മൂവ്മെൻറ് മൂന്ന് സീറ്റിലും ശിയ ന്യൂനപക്ഷ വിഭാഗങ്ങൾ ആറ് സീറ്റിലും വിജയിച്ചു.
സ്പീക്കർ മർസൂഖ് അൽ ഗാനിം, ഡെപ്യൂട്ടി സ്പീക്കർ ഈസ അഹ്മദ് അൽ കൻദരി, പ്രതിപക്ഷത്തെ പ്രമുഖരായ അബ്ദുൽ കരീം അൽ കൻദരി, ഖലീൽ അൽ സാലിഹ്, യൂസുഫ് അൽ ഫദ്ദാല, ഉസാമ അൽ ഷാഹീൻ തുടങ്ങി പ്രമുഖർ വിജയിച്ചവരുടെ പട്ടികയിലുണ്ട്. ആസ്മി, മുതൈരി, ഉതൈബി, അജ്മി, കൻദരി എന്നീ പ്രമുഖ കുടുംബങ്ങളാണ് തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ചത്. ആസ്മി കുടുബത്തിൽനിന്നും മുതൈരി കുടുംബത്തിൽനിന്നും അഞ്ചുപേർ തെരഞ്ഞെടുക്കപ്പെട്ടു. ആകെ എം.പിമാരുടെ പത്തുശതമാനം വീതം സ്വന്തമാക്കാൻ കഴിഞ്ഞതിന് പിന്നിൽ കുടുംബത്തിൻറ ചിട്ടയായ ആസൂത്രണം ഉണ്ടെന്നാണ് വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: