കേരളത്തിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന് ഇനിനിമിഷങ്ങള്‍ മാത്രം. രാഷ്‌ട്രീയ പ്രവര്‍ത്തകരുമായും പൊതുജനങ്ങളുമായും ഇടപഴകാന്‍ അവസരം വന്നവര്‍ ഒരേപോലെ ചൂണ്ടിക്കാണിക്കുന്നത് വോട്ടര്‍ പട്ടികയില്‍ വ്യാപകമായി തെറ്റുകളും ക്രമക്കേടുകളും ഉണ്ട് എന്നാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ വളര്‍ന്നു കഴിഞ്ഞ ഇക്കാലത്ത് ഇത്തരം കാര്യങ്ങള്‍ കുറ്റമറ്റതും, വളരെ എളുപ്പം കൈകാര്യം ചെയ്യാന്‍ കഴിയുന്നതും, ചിന്തക്കഴുപ്പങ്ങള്‍ ഒഴിവാക്കുന്നതും ആയിരിക്കേണ്ടതാണ്. എന്നാല്‍ കാല്‍ നൂറ്റാണ്ടു മുമ്പ് ഇലക്ഷന്‍ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ പോലും ചൂണ്ടിക്കാട്ടുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍ പട്ടികകള്‍ ഗുരുതരമായ കെടുകാര്യസ്ഥതയുടെയും അഴിമതിയുടേയും പ്രത്യക്ഷ ഉദാഹരണമാണ് എന്നാണ്.
രണ്ട് വോട്ടര്‍ പട്ടികകള്‍
ഏറ്റവും ആദ്യമേ തന്നെ ചൂണ്ടിക്കാണിക്കപ്പെടുന്നത് പാര്‍ലമെന്റ് / അസംബ്ലി തെരെഞ്ഞെടുപ്പുകളില്‍ ഉപയോഗിയ്‌ക്കുന്ന വോട്ടര്‍ പട്ടികയ്‌ക്കു പകരം പ്രത്യേകമായ മറ്റൊരു വോട്ടര്‍ പട്ടിക ഉപയോഗിയ്‌ക്കുന്നു എന്നതാണ്. അതിന് എന്തൊക്കെ ന്യായീകരണം നിരത്തിയാലും അത് പൊതുജനങ്ങള്‍ക്കും രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വലിയ പ്രയാസങ്ങള്‍ സൃഷ്ടിയ്‌ക്കുന്നുണ്ട്. ഇന്റര്‍നെറ്റ് പോലുള്ള സംവിധാനങ്ങളെ പറ്റി അറിയുന്നവര്‍ക്കു പോലും ഇവ രണ്ട് വ്യത്യസ്ത വോട്ടര്‍ പട്ടികകള്‍ ആണെന്നും രണ്ടിലും തങ്ങളുടെ പേര് കാലാകാലങ്ങളില്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണെന്നും അറിയില്ല എന്നതാണ് വാസ്തവം. അതുകാരണം അര്‍ഹരും വോട്ട് രേഖപ്പെടുത്താന്‍ തല്‍പ്പരരും ആയ ധാരാളം പേര്‍ക്ക് ആക്ടീവ് വോട്ടര്‍ ലിസ്റ്റില്‍ പേരില്ലെന്ന കാരണത്താല്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയാറില്ല. ഇത് പൊതുജനങ്ങളുടെ പൗരാവകാശത്തിന്റെ നഗ്‌നമായ ലംഘനമാണ്. പാര്‍ലമെന്റ് മണ്ഡലം മുതല്‍ വാര്‍ഡ് തലം വരെയുള്ള നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിലവില്‍ ഭരണത്തില്‍ ഇരിയ്‌ക്കുന്നവരുടെ ജയസാദ്ധ്യതകള്‍ നോക്കിയുള്ള പോളിങ് ബൂത്തുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയ സൗകര്യത്തിനാണ് ഇപ്രകാരം ദേശീയ വോട്ടര്‍ പട്ടിക ഉപയോഗിക്കാതെ മറ്റൊരു സമാന്തര പട്ടിക നിലനിര്‍ത്തുന്നത് എന്ന സംശയം സ്വഭാവികമായും ജനങ്ങള്‍ക്കുണ്ട്.
തെറ്റുകളും പിഴവുകളും വ്യാപകം
പണ്ടൊക്കെ എന്യൂമാറേറ്റര്‍മാര്‍ വോട്ടര്‍മാരുടെ ഭവനങ്ങളില്‍ എത്തി ചോദിച്ചറിഞ്ഞ് എഴുതിക്കൊണ്ടു പോകുന്ന വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ടൈപ്പ് ചെയ്ത് ലിസ്റ്റുകളാക്കി മാറ്റി, പിന്നീടുള്ള പരിശോധനകളും, പിഴ തീര്‍ക്കലുകളും കഴിഞ്ഞ് സംസ്ഥാന തെരെഞ്ഞെടുപ്പ് ഓഫീസര്‍ അന്തിമമായി അംഗീകരിയ്‌ക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇന്നിപ്പോള്‍ വോട്ടര്‍മാര്‍ സ്വയം എഴുതി കൊടുക്കുന്ന വിവരങ്ങള്‍ പോലും പൂര്‍ണ്ണമായും ഉള്‍പ്പെടുത്താതെയും, വലിയ തോതില്‍ തെറ്റുകള്‍ വരുത്തിയുമാണ് വോട്ടര്‍ പട്ടികയില്‍ പ്രത്യക്ഷപ്പെടുന്നത്. ഉദാഹരണത്തിന് വോട്ടര്‍മാരുടെ ലിംഗഭേദങ്ങള്‍ വരുക, വയസ്സ് മാറിപ്പോകുക, പേരിലെ അക്ഷരത്തെറ്റുകള്‍ എന്നിവ വ്യാപകമാണ്. അച്ചുനിരത്തി പ്രിന്റ് ചെയ്തിരുന്ന കാലത്ത് ഇതൊക്കെ ന്യായീകരിക്കാവുന്ന പിഴവുകള്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊക്കെ എങ്ങനെ ഉണ്ടാകുന്നു ? ഇതിനേക്കാളൊക്കെ അതീവ ഗുരുതരമായ പിഴവുകളും കൂടിക്കുഴയലുകളും ഇപ്പോള്‍ വ്യാപകമായി കാണുന്നു. അതിലൊന്നാണ് ഒരു കുടുംബത്തിലെ വോട്ടര്‍മാര്‍ ലിസ്റ്റില്‍ പലയിടത്തായി ചിതറിപ്പോകുന്നത്. മുമ്പ് ഇത് വളരെ അപൂര്‍വ്വമായി മാത്രമേ കണ്ടിരുന്നുള്ളൂ. ഈ പ്രശ്‌നത്തിന്റെ ഗൗരവം ഒരു ഉദാഹരണം കൊണ്ട് വ്യക്തമാക്കാം.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലുള്ള നമ്പര്‍ 12/2345 വീട്ടില്‍ അഞ്ച് വോട്ടുകള്‍ ഉണ്ടെന്നിരിക്കട്ടെ. മുമ്പ് ഈ അഞ്ച് വോട്ടുകളും അടുത്തടുത്ത ക്രമനമ്പറുകളില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് കണ്ടെത്താമായിരുന്നു. (ഉദാ: 23, 24, 25, 26, 27) എന്നാല്‍ ഇപ്പോള്‍ പലപ്പോഴും നാല് വോട്ടുകള്‍ അടുത്തടുത്ത ക്രമ നമ്പറുകളില്‍ ഉണ്ടെങ്കില്‍ അഞ്ചാമത്തേത് ചിലപ്പോള്‍ 257 എന്ന ക്രമനമ്പറില്‍ ആവും ഉണ്ടാവുക. അതായത് പല പേജുകള്‍ക്ക് അപ്പുറം. പലപ്പോഴും ആ വീട്ടുകാര്‍ക്ക് പോലും ഇത് തെരെഞ്ഞു പിടിക്കാന്‍ കഴിയില്ല. വോട്ടര്‍ വെരിഫിക്കേഷന് പോവുന്ന രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ കാര്യം പിന്നെ പറയാനുമില്ലല്ലോ. ഇതുകാരണം സ്വന്തമായി വോട്ടര്‍ ഐഡി ഉപയോഗിച്ച് നെറ്റില്‍ തിരയാന്‍ അറിയാത്തവര്‍ക്ക് സ്വന്തം പേര്‍ ലിസ്റ്റില്‍ ഉണ്ടോ എന്നു പോലും അറിയാന്‍ കഴിയാതെയും വോട്ട് രേഖപ്പെടുത്താന്‍ കഴിയാതെയും വരുന്നുണ്ട്. അയല്‍ക്കാരുടെ (അടുത്തടുത്ത വീട്ടു നമ്പറുകളില്‍ ഉള്ളവരുടെ) വോട്ടുകള്‍ രണ്ടോ മൂന്നോ വ്യത്യസ്ഥ ബൂത്തുകളില്‍ ആയിപ്പോകുന്ന സ്ഥിതി ബൂത്ത് അതിര്‍ത്തികളുടെ കാര്യം പറഞ്ഞ് ന്യായീകരിക്കാമെങ്കിലും ജനങ്ങള്‍ക്ക് വലിയ ചിന്താക്കുഴപ്പം സമ്മാനിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിപ്പോള്‍ ഒരേ വീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങളുടെ വോട്ടുകള്‍ തന്നെ ഒന്നിലധികം ബൂത്തുകളിലായി ചിതറിപ്പോയ നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ അങ്ങേയറ്റത്തെ കെടുകാര്യസ്ഥത എന്നു മാത്രമേ ഇതിനെ പറയാന്‍ കഴിയൂ. സ്ഥലം മാറിപ്പോകുന്നവരും മരിയ്‌ക്കുന്നവരുമായ വോട്ടര്‍മാരെ നിരന്തരമായി മാറ്റുകയും പുതിയതായി എത്തുന്നവരേയും, പ്രായപൂര്‍ത്തിയാകുന്നവരേയും കൂട്ടി ചേര്‍ക്കുകയും ചെയ്യുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരുപക്ഷേ വാദം ഉന്നയിച്ചേക്കാം. എന്നാല്‍ ഇന്നത്തെ പോലെ വോട്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ക്രമ നമ്പറിനു പകരം ഓരോ തവണത്തെ ലിസ്റ്റിലും താല്‍ക്കാലികമായി ജനറേറ്റുചെയ്യുന്ന ഒരു ഫാമിലി ഐഡി കൊണ്ട് ലളിതമായി ഈ പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാവുന്നതേ ഉള്ളൂ.
ഇരട്ട വോട്ടുകള്‍
പല വോട്ടര്‍മാരുടെയും പേരുകള്‍ ഒന്നില്‍ കൂടുതല്‍ പട്ടികയില്‍ ഉണ്ട് എന്നതാണ് മറ്റൊരു ഗുരുതരമായ വിഷയം. അടുത്തടുത്ത മണ്ഡലങ്ങളില്‍ വോട്ടവകാശം ഉള്ളവര്‍ക്ക് രണ്ടിടത്തും എത്തി വോട്ട് ചെയ്യാന്‍ ഇത് അവസരം ഒരുക്കുന്നു. ഒരു വോട്ടറെ തിരിച്ചറിഞ്ഞ് അത്തരം ഡബിള്‍ എന്റ്റികള്‍ നീക്കം ചെയ്യണമെങ്കില്‍ വോട്ടര്‍ ഐഡിയെ അടിയന്തിരമായി ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടി ഇരിയ്‌ക്കുന്നു.
വീട്ടുകാര്‍ക്ക് അറിയാത്ത വീട്ടു നമ്പര്‍
വോട്ടര്‍ പട്ടികയില്‍ പേരുകള്‍ കൊടുത്തിരിയ്‌ക്കുന്നത് വീട്ടു നമ്പര്‍ അനുസരിച്ചാണ്. എന്നാല്‍ തിരുവനന്തപുരത്തെ വീട്ടു നമ്പരുകള്‍ വീട്ടുകാര്‍ക്കു തന്നെ അറിയില്ലാത്ത അവസ്ഥയാണ്. കാരണം നഗരസഭ വീട്ടു നമ്പരുകള്‍ പലപ്രാവശ്യം മാറ്റുകയുണ്ടായി. ജനങ്ങള്‍ തപാല്‍ ആവശ്യങ്ങള്‍ക്ക് പഴയ നമ്പരുകള്‍ ഉപയോഗിക്കുന്നത് തുടര്‍ന്നു. അതുമാത്രമേ അവരുടെ മനസ്സുകളില്‍ ഉള്ളൂ. പുതിയ നമ്പര്‍ കാണിച്ചുകൊണ്ട് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പ്പറേഷന്‍ അധികൃതര്‍ വീടുകളില്‍ പതിച്ച സ്റ്റിക്കറുകളില്‍ നമ്പര്‍ മങ്ങി മാഞ്ഞു പോയിട്ട് വര്‍ഷങ്ങള്‍ ആയി. ഇപ്പോള്‍ ആ നമ്പര്‍ അനുസരിച്ചാണ് വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരെ ക്രമപ്പെടുത്തിയിരിക്കുന്നത്. ചുരുക്കത്തില്‍ സ്വന്തം ബൂത്തിലെ വോട്ടര്‍ പട്ടിക മുന്നില്‍ കണ്ടാല്‍ പോലും അതില്‍ നിന്ന് സ്വന്തം വോട്ട് തെരെഞ്ഞ് കണ്ടെത്തുന്നത് അസാദ്ധ്യമാണ് എന്നതാണ് സ്ഥിതി. കാരണം പട്ടികയില്‍ ഉപയോഗിച്ചിരിക്കുന്ന സ്വന്തം വീട്ടുനമ്പര്‍ പോലും മിയ്‌ക്കവര്‍ക്കും അറിയില്ല. ഇതൊന്നും ഒരു പ്രശ്‌നമായി അധികൃതര്‍ക്ക് ഇതുവരെ തോന്നിയിട്ടുമില്ല എന്നതാണ് അത്ഭുതം. തിരിച്ചറിയുന്നതിന് സഹായകമായി കൊടുക്കേണ്ടതാണ് വീട്ടു പേരുകള്‍. എന്നാല്‍ പലര്‍ക്കും വീട്ടുപേര് ഇല്ലാത്തതിനാലാണോ, അതോ ഡാറ്റാ എന്‍ട്രി ജോലിയില്‍ കള്ളം കാണിച്ചിട്ടാണോ എന്നറിയില്ല, പട്ടികയിലെ പകുതിയിലധികം വീടുകള്‍ക്കും നമ്പരിനോടൊപ്പം വീട്ടു പേര് കാണുന്നില്ല. ഇതൊക്കെ ആരാണ് പരിഹരിയ്‌ക്കേണ്ടത് ?
തങ്ങളുടെ അഡ്രസ്സില്‍ യാതൊരു മുന്‍ പരിചയവുമില്ലാത്ത ആളുകളുടെ വോട്ട് ഉള്‍പ്പെടുത്തിയിരിയ്‌ക്കുന്നത് കണ്ട് പലരും അന്തം വിട്ടിരിയ്‌ക്കുകയാണ്. വോട്ടര്‍ പട്ടികയുമായി രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ വന്ന് വീട്ടുകാരോട് തിരക്കുമ്പോഴാണ് പലരും കാര്യം അറിയുന്നത്. ഇതെങ്ങനെ സംഭവിയ്‌ക്കുന്നു ? വന്‍ തോതില്‍ കള്ളവോട്ടുകള്‍ ചെയ്യാനുള്ള തിരിമറികളുടെ ഭാഗമാണോ ഇതെന്ന് പൊതുജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.
ഇവിടെയാണ് ഈയിടെ പ്രധാനമന്ത്രി മുന്നോട്ടു വച്ച ‘ഒരു രാജ്യം ഒരു വോട്ടര്‍പട്ടിക’ എന്ന ആശയത്തിന് പ്രസക്തി ഏറുന്നത്. രാജ്യത്തെ എല്ലാ വോട്ടര്‍മാരെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള അത്തരം ഒരു ലിസ്റ്റ് നില നിര്‍ത്തുകയും കൃത്യമായ ഇടവേളകളില്‍ അതില്‍ തിരുത്തലുകള്‍ നടന്നു കൊണ്ടിരിയ്‌ക്കുകയും ചെയ്താല്‍ ഏത് തലത്തിലുള്ള തെരെഞ്ഞെടുപ്പിനും രാജ്യം എപ്പോഴും തയ്യാറായിരിക്കും. അതിലൂടെ വലിയ തോതില്‍ പ്രയത്നവും സമയവും ധനവും പാഴാവുന്നത് ഒഴിവാക്കാനും പരമാവധി ജനങ്ങളുടെ ജനാധിപത്യാവകാശത്തോട് നീതിപുലര്‍ത്താനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: